This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, അതുല്‍കൃഷ്ണ (1890 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, അതുല്‍കൃഷ്ണ (1890 - 1966)

ബംഗാളിലെ വിപ്ലവകാരി. ഇദ്ദേഹം നാദിയ ജില്ലയിലെ ഒരു ഇടത്തരം കായസ്ഥകുടുംബത്തില്‍ തരേഷ് ചന്ദ്രയുടെയും ബിനോദിനിയുടെയും പുത്രനായി 1890-ല്‍ ജനിച്ചു. 1909-ല്‍ കല്‍ക്കത്ത ഹിന്ദു സ്കൂളില്‍ നിന്നും പ്രവേശനപരീക്ഷയും 1911-ല്‍ സ്കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റും പാസായ ഘോഷ് ബര്‍ഹാംപൂരിലെ കൃഷ്ണനാഥ കോളജില്‍ നിന്നു 1913-ല്‍ ബി.എസ്.സി. ബിരുദം നേടി.

1906-ല്‍ അതുല്‍കൃഷ്ണ ഫിസിക്കല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, അനുശീലന്‍ സമിതി എന്നിവയില്‍ അംഗമായി ചേര്‍ന്നു. ജതീന്ദ്രനാഥിന്റെ ഉപദേശപ്രകാരം ഇദ്ദേഹം നിലവിലുള്ള വിപ്ലവ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഒരു സംഘടന ഉണ്ടാക്കി. ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ ബാബാ ഗുര്‍ദിത് സിങ്ങിന്റെ നേതൃത്വത്തില്‍ യു.എസ്സില്‍ നിന്നും വിദൂര പൂര്‍വപ്രദേശത്തുനിന്നും 'കോമഗതമരു' എന്ന വാടകക്കപ്പലില്‍ പഞ്ചാബിലെ അഭയാര്‍ഥികള്‍ യാത്രതിരിച്ചു. ബുഡ്ജ് എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി ചിതറിപ്പോയ അവരെ അതുല്‍കൃഷ്ണ, തന്റെ സുഹൃത്തായ സതീഷ് ചക്രവര്‍ത്തിയുടെ സഹായത്തോടെ പഞ്ചാബില്‍ സുരക്ഷിതമായി എത്തിച്ചു.

ആയുധങ്ങള്‍ സുന്ദര്‍ബനിലേക്ക് അയച്ചുകൊടുക്കാന്‍ ജര്‍മനിക്ക് പദ്ധതിയുണ്ടായിരുന്നു. അതു സ്വീകരിക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും അതുല്‍കൃഷ്ണ നടത്തിയെങ്കിലും യത്നം പരാജയപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ജതീന്ദ്രനാഥും മറ്റും കൊല്ലപ്പെട്ടു. 1915-ല്‍ അതുല്‍കൃഷ്ണ ഒളിവില്‍പോയി. സുരേന്ദ്രനാഥബാനര്‍ജിയുടെ ശ്രമംമൂലം 1921-ല്‍ ഘോഷ് സ്വതന്ത്രനായി. ജതീന്ദ്രനാഥിന്റെ മരണം ഇദ്ദേഹത്തെ വിപ്ലവരാഷ്ട്രീയത്തില്‍ നിന്നും അകറ്റി. 1924-ല്‍ അറസ്റ്റു ചെയ്യപ്പെട്ട് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. ജയില്‍ വിമോചിതനായശേഷം ഇദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് വ്യാപാരത്തില്‍ മുഴുകി. 1966-ല്‍ അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍