This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘോര്‍പാദെ, നാരായണ്‍റാവു ഗോവിന്ദ റാവു (1870 - 1943)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘോര്‍പാദെ, നാരായണ്‍റാവു ഗോവിന്ദ റാവു (1870 - 1943)
വിദ്യാഭ്യാസ പോഷകനും സാമൂഹിക പരിഷ്കര്‍ത്താവും. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ ജില്ലയിലെ ഇചല്‍കരഞ്ജി എന്ന ദേശത്തെ ഭരണാധിപനായിരുന്നു ഘോര്‍പാദെ. 1870-ല്‍ ഷോളാപൂര്‍ ജില്ലയിലെ കാര്‍കംബില്‍ ഒരു ബ്രാഹ്മണകുടുംബത്തില്‍ ലക്ഷ്മണ്‍ ജോഷിയുടെ മകനായി ജനിച്ചു. ഇചല്‍കരഞ്ജിയിലെ പ്രഭുവായിരുന്ന ഗോവിന്ദറാവു കുട്ടികളില്ലാതെ വന്നതിനാല്‍ ഘോര്‍പാദെയെ 1876-ല്‍ ദത്തെടുക്കയുണ്ടായി. 1888-ല്‍ മെട്രിക്കുലേഷന്‍ പാസായശേഷം ബോംബെയില്‍ എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തി.
സാമൂഹികസേവനരംഗത്തേക്ക് തിരിഞ്ഞ ഘോര്‍പാദെ ഡക്കാന്‍ സര്‍ദാറന്മാരെ പ്രതിനിധീകരിച്ച് 1897-ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. തന്റെ ദേശത്തെ തൊട്ടുകൂടായ്മ മുതലായ അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിനും നിരവധി സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും ഘോര്‍പാദെക്കു കഴിഞ്ഞു. ഇക്കാലത്ത് ഇംഗ്ലണ്ട് സന്ദര്‍ശിക്കുകയും ഇംപ്രഷന്‍സ് ഒഫ് ബ്രിട്ടീഷ് ലൈഫ് ആന്‍ഡ് ക്യാരക്ടര്‍ എന്ന പുസ്തകം രചിക്കുകയും ചെയ്തു. വിദ്യാഭ്യാസം, കല, സാഹിത്യം, ഇത്യാദികളെയും തുണിവ്യവസായത്തെയും പരിപോഷിപ്പിക്കുന്നതിലായി ഇദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ശ്രദ്ധ. ഉപരിപഠനത്തിന് വിദ്യാര്‍ഥികളെ വിദേശത്ത് അയയ്ക്കുന്നതിനു ധനസഹായം നല്കുന്നതിനുവേണ്ടി, രണ്ടരലക്ഷം രൂപയുടെ 'ഇചല്‍കരഞ്ജി എഡ്യൂക്കേഷന്‍ ഫണ്ട്' രൂപീകരിച്ചു. പൂണെയിലെ 'ഭാരത് ഇതിഹാസ് സംശോധക് മണ്ഡല്‍', 'സാഹിത്യ പരിഷത്' എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ട സഹായങ്ങളും നല്കി. 'ഭണ്ഡാര്‍കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെയും 'ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി'യുടെയും ഉപാധ്യക്ഷനായി ഘോര്‍പാദെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1943-ല്‍ ഘോര്‍പാദെ അന്തരിച്ചു.