This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗസ്, യൊഹാന്‍ കാള്‍ ഫ്രീദ്റിഷ് (1777 - 1855)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:34, 28 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൗസ്, യൊഹാന്‍ കാള്‍ ഫ്രീദ്റിഷ് (1777 - 1855)

Gauss, Johann Karl Friedrich

യൊഹാന്‍ കാള്‍ ഫ്രീദ്റിഷ് ഗൗസ്

ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍. 1777 ഏ. 30-ന് ബ്രൂണ്‍സ്വിക്കില്‍ ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. കരോളിന്‍ കോളജ്, ഗോട്ടിങ് ഗെന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1799-ല്‍ ബീജഗണിതത്തില്‍ ഡോക്ടറേറ്റ് നേടി.

ഗൗസ് കുട്ടിക്കാലം മുതല്‍ക്കുതന്നെ ഗണിതശാസ്ത്രത്തില്‍ അനിതരസാധാരണമായ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. കേവലം പത്തു വയസ്സുള്ളപ്പോള്‍ ഗണിതത്തില്‍ സമാന്തരശ്രേണി(arithmetic progression)യുടെ തുക കണ്ടുപിടിക്കുന്നതിനുള്ള ഫോര്‍മുല ഇദ്ദേഹം കണ്ടെത്തി. ഗൗസിന്റെ കഴിവുകളില്‍ ആകൃഷ്ടനായ ബ്രൂണ്‍സ് വിക്കിലെ ഡ്യൂക്കിന്റെ പ്രത്യേക പ്രോത്സാഹനവും സഹായവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

ഗൗസ് പഠനം നടത്തിയ ശാസ്ത്രശാഖകള്‍ നിരവധിയാണ്. അങ്കഗണിതം, ബീജഗണിതം, അനാലിസിസ്, ജ്യാമിതി, ജ്യോതിശ്ശാസ്ത്രം, ഭൂഗണിതം, ഗണിതീയഭൗതികം എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു. നമ്പര്‍ തിയറി, ഹയര്‍ ആള്‍ജിബ്ര എന്നീ മേഖലകളിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല പഠനങ്ങള്‍. അയൂക്ളിഡിയന്‍ ജ്യാമിതിയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായി ഗൗസ് അറിയപ്പെടുന്നു.

ജ്യോതിശ്ശാസ്ത്രത്തില്‍ ഗ്രഹചലനങ്ങളെക്കുറിച്ച് ഗൗസ് നിരീക്ഷണം നടത്തി. സിറെസ് (Ceres) എന്ന അസ്റ്ററോയ്ഡിന്റെ പഥത്തെപ്പറ്റി ഇദ്ദേഹം വിശദമായി പഠിക്കുകയും അതിന്റെ പരിക്രമണകാലം കൃത്യമായി പ്രവചിക്കുകയും ചെയ്തു. പാരലാക്സ് നിര്‍ണയനത്തിനുള്ള ഒരു ഫോര്‍മുലയ്ക്ക് 1799-ല്‍ ഇദ്ദേഹം രൂപം നല്‍കി. 1835-ല്‍ പുതിയൊരു മാഗ്നറ്റിക് ഒബ്സര്‍വേറ്ററി തുറന്ന ഗൗസ് പിന്നീട് അവിടത്തെ പല ഉപകരണങ്ങളുടെയും രൂപകല്പന പുതുക്കി മെച്ചപ്പെടുത്തി.

സൈദ്ധാന്തികഭൗതിക (Theoritical Physics) ത്തില്‍ ഡബ്ള്യൂ. വെബര്‍ എന്ന ശാസ്ത്രജ്ഞനോടൊപ്പമായിരുന്നു ഗൗസിന്റെ പ്രവര്‍ത്തനങ്ങള്‍. 1833-ല്‍ ഇവര്‍ ആദ്യത്തെ ഇലക്ട്രോ മാഗ്നറ്റിക് ടെലിഗ്രാഫിന് രൂപകല്പന നല്കി.

ഹാനോവര്‍ പ്രദേശത്തിന്റെ ഒരു സവിസ്തര ഭൂപടം സമാഹരിച്ചതും മലമ്പ്രദേശങ്ങളുടെ ജിയോഡസിക് സര്‍വേ നടത്തിയതും ഭൂഗണിതത്തില്‍ ഗൗസിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളായിരുന്നു.

വിവിധ ശാസ്ത്രശാഖകളില്‍ ഗൗസ് നടത്തിയ ഗവേഷണ-നിരീക്ഷണപഠനങ്ങളില്‍ നല്ലൊരു ശതമാനവും ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് അപ്രകാശിതങ്ങളായിരുന്നു. വിവാദാസ്പദമോ സുവ്യക്തമായ വ്യാഖ്യാനം നല്കാന്‍ കഴിയാത്തതോ ആയ കണ്ടുപിടിത്തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഗൗസ് ഒഴിഞ്ഞുനിന്നു. തന്മൂലം മഹത്തരം എന്നു വിശേഷിപ്പിക്കാവുന്ന പല കണ്ടുപിടിത്തങ്ങളും ഇദ്ദേഹത്തിന്റെ മരണശേഷമാണ് മറ്റു ശാസ്ത്രജ്ഞന്മാര്‍ തിരഞ്ഞുപിടിച്ചു പ്രസിദ്ധീകരിച്ചത്. 19-ാം ശ.-ത്തിലെ ഗണിതശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളില്‍ പലതിന്റെയും നിഴലാട്ടങ്ങള്‍ ഗൗസിന്റെ അപ്രകാശിതവും അപൂര്‍ണവുമായ രചനകളില്‍ നമുക്ക് കാണാന്‍ കഴിയും. രണ്ടാം ലോകയുദ്ധശേഷം റോയല്‍ സൊസൈറ്റി 12 വാല്യങ്ങളിലായി ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രകാശനം ചെയ്തിട്ടുണ്ട്.

തിയറി ഒഫ് ദ മോഷന്‍ ഒഫ് ഹെവന്‍ലി ബോഡീസ്, റിസെര്‍ച്ച് ഓണ്‍ ഓബ്ജെക്റ്റ്സ് ഒഫ് ഹയര്‍ ജിയോഡസി, ജനറല്‍ റിസര്‍ച്ച് ഓണ്‍ കേര്‍വ്ഡ് സര്‍ഫസസ്, ജനറല്‍ തിയറി ഒഫ് ടെറസ്റ്റ്രിയല്‍ മാഗ്നറ്റിസം, ഓണ്‍ ഫോഴ്സസ് ആക്റ്റിങ് ഇന്‍ ഇന്‍വേഴ്സ് പ്രൊപോര്‍ഷന്‍ ടു ദ സ്ക്വയര്‍ ഒഫ് ഡിസ്റ്റന്‍സ്, ഡയോപ്ട്രിക് റിസെര്‍ച്ച് എന്നിവ ഗൗസിന്റെ രചനകളില്‍ ചിലതാണ്.

ശാസ്ത്രവിഷയങ്ങളിലെന്ന പോലെ ഭാഷാവിജ്ഞാനശാസ്ത്രത്തിലും ഗൗസ് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. റോയല്‍ സൊസൈറ്റി അംഗമായിരുന്ന ഇദ്ദേഹം 1855 ഫെ. 23-ന് ഗോട്ടിങ് ഗെനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍