This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍, ഗ്രഹാം (1904 - 1991)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:33, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രീന്‍, ഗ്രഹാം (1904 - 1991)

Green. Graham

ഗ്രഹാം ഗ്രീന്‍

ഇംഗ്ലീഷ് എഴുത്തുകാരന്‍. 1904 ഒ. 2-നു ഹെര്‍ട്ട്ഫോഡ്ഷയറിലെ ബെര്‍ക്കാംസ്റ്റെഡില്‍ ഹെന്റി ഗ്രഹാം ഗ്രീന്‍ ജനിച്ചു. ചാള്‍സ് ഹെന്റി ഗ്രീനും മരിയന്‍ ആര്‍. ഗ്രീനുമായിരുന്നു അച്ഛനമ്മമാര്‍. ഗ്രീനിന്റെ കൗമാരകാലം സന്തോഷപൂര്‍ണമായിരുന്നില്ല. സ്കൂളില്‍ നിന്നു ഒളിച്ചോടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു ലണ്ടനിലേക്കു മനഃശാസ്ത്ര ചികിത്സയ്ക്കായി അയയ്ക്കപ്പെട്ടു. വിദ്യാര്‍ഥിയായിരുന്ന കാലത്തു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും അതുമായുള്ള ബന്ധം ഏതാനം ആഴ്ചകളോളമേ നിലനിന്നുള്ളു. ഓക്സ്ഫഡിലെ അവധിക്കാലങ്ങള്‍ നാട്ടിന്‍പുറങ്ങളിലാണ് ചെലവഴിച്ചിരുന്നത്. യാത്ര ചെയ്യുന്നതില്‍ അദമ്യമായ താത്പര്യം വച്ചു പുലര്‍ത്തിയിരുന്ന ഗ്രീനിന്റെ പല നോവലുകളുടെയും പശ്ചാത്തലം താന്‍ സന്ദര്‍ശിച്ച വിവിധ സ്ഥലങ്ങളാണ്. ബിരുദം സമ്പാദിച്ചതിനുശേഷം ആദ്യകൃതിയായ ബാബ്ളിങ് ഏപ്രില്‍ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.

1926-ല്‍ റോമന്‍ കത്തോലിക്കാസഭയില്‍ച്ചേര്‍ന്ന ഗ്രീന്‍ അടുത്ത വര്‍ഷം വിവിയന്‍ ഡെയ്റല്‍ ബ്രൌണിങ്ങിനെ വിവാഹം കഴിച്ചു. രണ്ടാം ലോകയുദ്ധകാലത്തു പശ്ചിമാഫ്രിക്കയിലെ ബ്രിട്ടീഷ് വിദേശകാര്യാലയത്തില്‍ ജോലിനോക്കി. ഒരു പത്രപ്രവര്‍ത്തകനായിരുന്ന ഗ്രീന്‍ 1929-ല്‍ പ്രസിദ്ധീകരിച്ച ദ മാന്‍ വിതിന്‍ എന്ന പ്രഥമ നോവലിന്റെ വിജയത്തെത്തുടര്‍ന്നു ജോലി രാജിവച്ചു. നോവല്‍, കവിത, നാടകം, ഉപന്യാസം എന്നീ സാഹിത്യശാഖകളില്‍ എല്ലാം സ്വന്തം സംഭാവനകള്‍ നല്കിയിട്ടുണ്ടെങ്കിലും നോവലിസ്റ്റ് എന്ന നിലയിലാണ് കൂടുതല്‍ പ്രശസ്തി. തന്റെ ബാല്യകാല സ്മരണകളില്‍ നിന്നുളവായ ലൗകികജീവിതത്തെക്കുറിച്ചുള്ള ദുഃഖമാത്രദര്‍ശനം, 1930-കളിലെ സാമ്പത്തിക മാന്ദ്യകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. സ്വന്തം അനുഭവങ്ങള്‍ നോവല്‍ രചനയില്‍ പലപ്പോഴും ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. സ്റ്റാംബുള്‍ ട്രെയിന്‍ (1932, യു.എസ്സില്‍ ഇത് ഓക്സ്ഫഡ് എക്സ് പ്രസ് എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.), ബ്രൈറ്റന്‍ റോക്ക് (1938), ദ് പവര്‍ ആന്‍ഡ് ദ് ഗ്ളോറി (1940), ദ് ഹാര്‍ട്ട് ഒഫ് ദ് മാറ്റര്‍ (1948), ദ് ക്വയറ്റ് അമേരിക്കന്‍ (1955), ഔവര്‍ മാന്‍ ഇന്‍ ഹവാന (1958), എ ബേണ്‍ഡ് ഔട്ട് കേസ് (1961), ദ് കൊമേഡിയന്‍സ് (1966) എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യനോവലുകളാണ്. ദ് ലിവിങ് റൂം (1953), ദ് വോട്ടിങ് ഷെഡ് �(1957), ദ് കംപ്ലെയ്സന്റ് ലവര്‍ (1959) എന്നിവയുള്‍പ്പെടെ ഏതാനും നാടകങ്ങളും ചെറുകഥകളും ഗ്രീന്‍ രചിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ കൂടിയായിരുന്ന ഇദ്ദേഹം ചില ബാലസാഹിത്യകൃതികളുടെയും കര്‍ത്താവാണ്. 1991 ഏ. 3-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍