This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിമാള്‍ഡി, ഫ്രാന്‍സെസ്കോ മരിയ (1618 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിമാള്‍ഡി, ഫ്രാന്‍സെസ്കോ മരിയ (1618 - 63)

Grimaldi, Francesco Maria

ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍. പ്രാകാശികം, ജ്യോതിശ്ശാസ്ത്രം എന്നീ ശാഖകളിലാണ് ഇദ്ദേഹത്തിന്റെ മുഖ്യസംഭാവനകള്‍. പരിദെ ഗ്രിമാള്‍ഡി, അന്ന കറ്റാനി എന്നിവരുടെ പുത്രനായി 1618 ഏ. 2-നു ബൊളോണയില്‍ ജനിച്ചു. 1632-ല്‍ 'സൊസൈറ്റി ഒഫ് ജീസസ്' എന്ന സഭയില്‍ ചേര്‍ന്ന് 1648-ല്‍ ജസ്യൂട്ട് ആയി. 1647-ല്‍ ഡോക്ടറേറ്റ് നേടി.

ജി.ബി. റിക്കിയോളി (G.B. Riccioli) എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്റെ അല്‍മാജെസ്റ്റം നോവം എന്ന കൃതിയുടെ രചനയ്ക്ക് ഗ്രിമാള്‍ഡി വളരെയേറെ സംഭാവനകള്‍ നല്കി. പുതിയ നിരീക്ഷണോപകരണങ്ങളുടെ രൂപകല്പന, നിര്‍മിതി എന്നിവയിലും പദാര്‍ഥങ്ങളുടെ നിര്‍ബാധപതനപരീക്ഷണങ്ങളിലും ഈ ശാസ്ത്രജ്ഞര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. പിന്നീട് ഗ്രിമാള്‍ഡി കൃത്യതയേറിയ ഒരിനം സെലിനോ ഗ്രാഫിന് (ചന്ദ്രോപരിതലചിത്രം) രൂപം നല്കി.

ഭൗതികശാസ്ത്രത്തിന് ഗ്രിമാള്‍ഡി നല്കിയ ഏറ്റവും വലിയ സംഭാവന വിഭംഗനം (diffraction) എന്ന പ്രാകാശിക പ്രതിഭാസത്തിന്റെ കണ്ടെത്തലാണ്. 'പ്രകാശം, വര്‍ണം, മഴവില്ല്-ഭൗതിക ഗണിത സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പഠനം' എന്നര്‍ഥം വരുന്ന ശീര്‍ഷകത്തില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച കൃതിയില്‍ ഇതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു. എന്നാല്‍ ഗ്രിമാള്‍ഡിയുടെ മരണശേഷം 1665-ല്‍ മാത്രമേ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായുള്ളൂ. പ്രകാശത്തിന്റെ തരംഗസ്വഭാവത്തെ അനുകൂലിക്കുന്നവയായിരുന്നു ഇദ്ദേഹത്തിന്റെ ആശയങ്ങള്‍. 17-ാം ശ.-ത്തില്‍ പ്രാമാണ്യം നേടിവന്ന കണികാസിദ്ധാന്ത(corpuscular theory of light)ത്തിന് ഇതൊരു വെല്ലുവിളിയായി.

ഗ്രിമാള്‍ഡിയുടെ പല കണ്ടുപിടുത്തങ്ങളും പില്ക്കാലത്ത് ഹുക്ക്, ന്യൂട്ടന്‍, ഫ്രോണ്‍ഹോഫര്‍ എന്നീ ശാസ്ത്രജ്ഞര്‍ക്ക് പ്രേരണ നല്കി. 1663 ഡി. 28-ന് ബൊളോണയില്‍ ഗ്രിമാള്‍ഡി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍