This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗറി, (മഹാനായ) മാര്‍പ്പാപ്പ (540 - 604)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 31 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രിഗറി, (മഹാനായ) മാര്‍പ്പാപ്പ (540 - 604)

എ.ഡി. 590 മുതല്‍ 604 വരെ കത്തോലിക്കാ സഭയെ ഭരിച്ചിരുന്ന മാര്‍പ്പാപ്പ. റോമിലെ ആഭിജാത്യമുള്ള ഒരു പ്രഭുകുടുംബത്തില്‍ 540-ല്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ വിദ്യാഭ്യാസം നേടി നിയമപണ്ഡിതനായിത്തീര്‍ന്നു. ഇദ്ദേഹം 570-ല്‍ റോമാനഗരത്തിലെ പ്രിഫെക്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത് റോമന്‍ ഗവണ്‍മെന്റിന്റെ ഭാഗമായി ജനപ്രതിനിധിസഭ (സെനറ്റ്)യുടെ അധ്യക്ഷനും ഇദ്ദേഹം തന്നെയായിരുന്നു. ലൗകികജീവിതത്തോടു വിരക്തിതോന്നിയ ഇദ്ദേഹം 575-ല്‍ ഗവണ്‍മെന്റ് ജോലി ഉപേക്ഷിച്ച് പുരോഹിതനാകുവാന്‍ തീരുമാനിച്ചു. ഒരു സന്ന്യാസാശ്രമത്തില്‍ പ്രവേശിച്ചുകൊണ്ട് ഇദ്ദേഹം ബൈബിളിനെക്കുറിച്ചു ഗഹനമായി പഠനം നടത്തി. 579-ല്‍ വൈദികപദവി ലഭിച്ചു. അതേവര്‍ഷം മാര്‍പ്പാപ്പയുടെ നയതന്ത്രപ്രതിനിധിയായി പൗരസ്ത്യറോമാസാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു നിയോഗിക്കപ്പെട്ടു. 586-ല്‍ ഇദ്ദേഹത്തെ റോമിലേക്കു തിരികെ വിളിച്ചു. അക്കാലത്ത് മാര്‍പ്പാപ്പയായിരുന്ന പെലാഗിയൂസ് II-ന്റെ (ഭ.കാ. 578-90) ഉപദേഷ്ടാവ് ആയി ഗ്രിഗറി നിയമിതനായി. പെലാഗിയൂസ് മാര്‍പ്പാപ്പ മരിച്ചതിനെത്തുടര്‍ന്ന് 590 സെപ്. 3-നു മാര്‍പ്പാപ്പയായി.

സംഭവബഹുലമായിരുന്നു മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയുടെ ഭരണകാലം. ഗവണ്‍മെന്റ് സര്‍വീസിലെ ഭരണപരിചയം, കത്തോലിക്കാസഭയെ നിയന്ത്രിക്കുവാന്‍ ഗ്രിഗറിക്കു സഹായകമായിരുന്നു. ഇക്കാലത്ത് 'ലൊംബാര്‍ഡുകള്‍' (Lombards) റോമിനെ ആക്രമിക്കുവാന്‍ വട്ടംകൂട്ടുകയായിരുന്നു. ലൊംബാര്‍ഡുകളുടെ ആക്രമണത്തില്‍ നിന്നും തന്ത്രപൂര്‍വം റോമിനെ രക്ഷിക്കുവാന്‍ ഗ്രിഗറിക്കുകഴിഞ്ഞു. റോമിലെ സിവില്‍ ഗവണ്‍മെന്റിനു കീറാമുട്ടിയായ ഈ പ്രശ്നം ഗ്രിഗറി സമര്‍ഥമായി പരിഹരിച്ചതിനാല്‍ റോമിലെ ജനങ്ങള്‍ ചക്രവര്‍ത്തിയെക്കാള്‍ മാര്‍പ്പാപ്പയെ ബഹുമാനിച്ചു. മാര്‍പ്പാപ്പയ്ക്കുണ്ടായിരുന്ന വിശാലമായ ഭൂസ്വത്തുക്കളില്‍ നിന്നുമുള്ള ആദായം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രമേ ചെലവഴിക്കാവൂ എന്ന് ഗ്രിഗറിക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഖജനാവ് ആഡംബരങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്നതിനെ ഇദ്ദേഹം എതിര്‍ത്തു. കത്തോലിക്കാസഭയിലെ ആരാധനാക്രമം നവീകരിച്ചത് ഗ്രിഗറിയുടെ വലിയൊരു നേട്ടമായിരുന്നു. പൗരസ്ത്യദേശത്തെ ക്രൈസ്തവ സഭകളുമായി, വിശേഷിച്ചും കോണ്‍സ്റ്റാന്റിനോപ്പിള്‍, അലെക്സാണ്ട്രിയ, അന്ത്യോഖ്യ, ജെറുസലേം എന്നിവിടങ്ങളിലെ പാത്രിയാര്‍ക്കീസുമാരുമായി സൗഹൃദം നിലനിര്‍ത്താന്‍ ഗ്രിഗറി ശ്രദ്ധിച്ചിരുന്നു. പൗരസ്ത്യസഭകള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കിയിരുന്നുവെങ്കിലും, റോമിലെ ബിഷപ്പായ മാര്‍പ്പാപ്പയ്ക്ക് അവയുടെ മേല്‍ ആധിപത്യമുണ്ടെന്ന വസ്തുത ഗ്രിഗറി എടുത്തു പറയാറുണ്ടായിരുന്നു. പശ്ചിമ യൂറോപ്പിലാണെങ്കില്‍, ഇദ്ദേഹം ക്രൈസ്തവസഭയുടെ ആധ്യാത്മിക മേലധ്യക്ഷനായിരുന്നുവെങ്കിലും ഒരു സിവിലിയന്‍ ഭരണമേധാവിയുടേതിനു സമാനമായ അധികാരങ്ങള്‍ ജനങ്ങളുടെ മേല്‍ ചുമത്തിയിരുന്നു. ഇക്കാലത്ത് സ്പെയിനില്‍ ആധിപത്യമുറപ്പിച്ചിരുന്ന 'വിസിഗോത്തുകളെ' ഒന്നടങ്കം ക്രൈസ്തവരായി പരിവര്‍ത്തനം ചെയ്യിച്ചു. പശ്ചിമ യൂറോപ്പിലെ ക്രൈസ്തവസഭയില്‍ അന്നു നിലനിന്നിരുന്ന 'സിമണി' (ഭാരിച്ച തുകകള്‍ സംഭാവനയായി നല്കിക്കൊണ്ടു ബിഷപ്പു സ്ഥാനവും മറ്റു സ്ഥാനമാനങ്ങളും നേടിയിരുന്ന സംവിധാനം.) എന്ന തിന്മയ്ക്കെതിരെ അയവില്ലാത്ത നിലപാടുതന്നെ ഇദ്ദേഹം കൈക്കൊണ്ടു. പരിശീലനം നേടിയിട്ടില്ലാത്ത അല്‍മായര്‍ക്ക് സ്വാധീനത്തിന്റെ പേരില്‍, വൈദികപ്പട്ടം നല്കുന്ന പതിവ് നിര്‍ത്തലാക്കി. ഇംഗ്ലണ്ടിനെ ആക്രമിച്ചു കീഴടക്കിയ ആംഗ്ലോ-സാക്സന്‍ വംശജരെ ക്രൈസ്തവരായി പരിവര്‍ത്തനം ചെയ്യുന്നതിനും ഗ്രിഗറി ഔത്സുക്യം പ്രദര്‍ശിപ്പിച്ചു. അഗാധപണ്ഡിതനായ ഗ്രിഗറി ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു. ബൈബിളിനെ ആധാരമാക്കി ഇദ്ദേഹം രചിച്ച ധര്‍മോപദേശം (Sriptural Homilies) എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. ബൈബിളിനെ ആധാരമാക്കി നടത്തിയിട്ടുള്ള പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം. മാനവജീവിതത്തിലെ സദാചാരമൂല്യങ്ങളെ വിലയിരുത്തിക്കൊണ്ട് രചിച്ച മൊറാലിയ (Moralia), ക്രൈസ്തവപുരോഹിതന്മാരുടെ ചുമതലകളെ അവലോകനം ചെയ്തുകൊണ്ട് രചിച്ച അജപാല സംരക്ഷണം (Pastoral Care), വിശുദ്ധരുടെ ജീവിതത്തെയും അവര്‍ കാണിച്ചിട്ടുള്ള അദ്ഭുതങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന ഡയലോഗ്സ് (Dialogues) എന്നിവയും ശ്രദ്ധേയമായ കൃതികളാണ്. ഇതിനു പുറമേ, ഗ്രിഗറി പലര്‍ക്കും എഴുതിയിട്ടുള്ള ലേഖനങ്ങളെ പതിനാലു വാല്യങ്ങളുള്ള ഗ്രന്ഥമായി ലെറ്റേഴ്സ് (Letters) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നു നിലവിലിരുന്ന ക്രൈസ്തവസഭ, സാമ്രാജ്യം, സന്ന്യാസാശ്രമങ്ങള്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍, ദൈവശാസ്ത്രം, ആരാധനാക്രമം തുടങ്ങിയവയെക്കുറിച്ചു മനസ്സിലാക്കുവാന്‍ ഈ ഗ്രന്ഥം സഹായകമാകുന്നു.

തന്റെ സമകാലീന ചരിത്രത്തെ സ്വാധീനിക്കുവാന്‍ ഗ്രിഗറി മാര്‍പ്പാപ്പയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്തു തന്നെ ഇദ്ദേഹത്തിന്റെ ലേഖനങ്ങളും ഗ്രന്ഥങ്ങളും പാശ്ചാത്യ പൗരസ്ത്യദേശങ്ങളില്‍ പ്രചരിച്ചിരുന്നു. പുരാതന മധ്യകാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി ഗ്രിഗറിയെ ചിത്രീകരിക്കുന്നവരുണ്ട്. ഇദ്ദേഹം രൂപം നല്കിയ സദാചാര തത്ത്വസംഹിത (Moral Philosophy) യൂറോപ്യന്‍ സംസ്കാരത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. മധ്യകാലഘട്ടത്തില്‍ ക്രൈസ്തവജീവിത ക്രമത്തിന്റെ വക്താവായി ഗ്രിഗറി അറിയപ്പെട്ടിരുന്നു. പില്ക്കാലത്തു രചിക്കപ്പെട്ട അനേകം ഗ്രന്ഥങ്ങളില്‍ ഗ്രിഗറിയുടെ ആശയങ്ങള്‍ നിര്‍ലോഭം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ തോമസ് അക്വിനാസ് രചിച്ച സുമ്മ (Summas) എന്ന ദൈവശാസ്ത്രഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തില്‍ 374 പ്രാവശ്യം ഗ്രിഗറിയുടെ ആശയങ്ങള്‍ ഉദ്ധരിച്ചിരുന്നു. കാനന്‍ നിയമങ്ങളില്‍ ഗ്രിഗറിയുടെ ആശയങ്ങള്‍ക്കുള്ള സ്വാധീനം വളരെ പ്രകടമായിരുന്നു. കത്തോലിക്കാസഭയിലെ ഏറ്റവും വലിയ വേദശാസ്ത്രപാരംഗതരില്‍ ഒരാളായി ഇദ്ദേഹം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍