This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാമാസൂത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

19:15, 8 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രാമാസൂത്രണം

ഗ്രാമവികസനത്തിനു സ്വീകരിക്കേണ്ട രീതികളും മാര്‍ഗങ്ങളും മുന്‍കൂട്ടി തീരുമാനിച്ച് അതു കാര്യക്ഷമമായി നടപ്പാക്കി നിശ്ചിത ലക്ഷ്യങ്ങള്‍ നേടാന്‍ ഉപകരിക്കുന്ന ക്രമബദ്ധമായ പ്രക്രിയ. ഗ്രാമങ്ങളും പട്ടണങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിട്ടാണിന്നു കണക്കാക്കപ്പെടുന്നത്. രണ്ടും മനുഷ്യാധിവാസ കേന്ദ്രങ്ങള്‍ തന്നെ. വലുപ്പത്തിലും ജനങ്ങളുടെ ജീവിതമാര്‍ഗത്തിലും രീതികളിലും പരിസരസ്വഭാവത്തിലും സാരമായ മാറ്റങ്ങള്‍ ഉണ്ടെന്നുമാത്രം.

ഗ്രാമചരിത്രം. മനുഷ്യന്‍ കാടുകള്‍ ഉപേക്ഷിച്ച് സമതലങ്ങളില്‍ താമസമാക്കിയിട്ട് ഏതാണ്ട് 10,000 വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നാണ് വിശ്വസിക്കുന്നത്. അതുവരെ ഗുഹകളിലും മരപ്പൊത്തുകളിലും ഒക്കെ താമസിച്ച് കായ്കനികളും മാംസവും ഭക്ഷിച്ച് ജീവിച്ചുപോന്നു. ഭക്ഷണസാധനങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടപ്പോള്‍ കൃഷിചെയ്ത് കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. അങ്ങനെ കാടുപേക്ഷിച്ച് ആവശ്യാനുസരണം തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ചെറിയ സംഘങ്ങളായി അഥവാ കൂട്ടംകൂട്ടമായി താമസിക്കുവാന്‍ തുടങ്ങി. ഇങ്ങനെ ഉണ്ടായ ഏതാനും വാസസ്ഥലങ്ങളും കൃഷിസ്ഥലങ്ങളും ചേര്‍ന്ന പ്രദേശങ്ങളാണ് ആദിഗ്രാമങ്ങള്‍. അതോടൊപ്പം സമൂഹജീവിതവും സാംസ്കാരിക വളര്‍ച്ചയും സാവധാനം തുടര്‍ന്നുവന്നു. പരസ്പര സഹായത്തിനും സുരക്ഷിതത്വത്തിനും വേണ്ടി എല്ലാ അധിവാസകേന്ദ്രങ്ങളിലും മനുഷ്യന്‍ അടുത്തടുത്ത് സംഘങ്ങളായി താമസിച്ചു.

തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാണ് ചെറിയ മനുഷ്യാധിവാസകേന്ദ്രങ്ങള്‍ അഥവാ ഗ്രാമങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. കുടിക്കുന്നതിനും കൃഷിയാവശ്യങ്ങള്‍ക്കും മതിയായ വെള്ളത്തിന്റെ ലഭ്യതയായിരുന്നു താമസസ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന പരിഗണന. കാലാവസ്ഥയും മണ്ണിന്റെ വളക്കൂറും ആയിരുന്നു മറ്റു പ്രധാന പരിഗണനകള്‍. ഇക്കാരണങ്ങളാല്‍ താമസത്തിനും കൃഷിക്കും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ മിക്കവാറും തീരദേശങ്ങളോ നദീതടങ്ങളോ താഴ്വാരങ്ങളോ ആയിരുന്നു. പല പുരാതന സംസ്കാരങ്ങളും രൂപം കൊണ്ടത് നദീതടങ്ങളില്‍ ആയിരുന്നു.

പില്ക്കാലത്ത് ഓരോ ചെറിയ ഗ്രാമത്തിലും അല്ലെങ്കില്‍ ഓരോ സമൂഹത്തിലും ഓരോ തലവനുണ്ടായി. സ്വന്തം അധീനതയില്‍ ഉള്ള പ്രദേശങ്ങളെ ശത്രുസംഘങ്ങളില്‍ നിന്ന് സംരക്ഷിക്കുവാന്‍ ഓരോ നായകനും പട്ടാളങ്ങളെ രൂപീകരിച്ചു. വളരെ ശക്തിമാന്മാരായ നായകന്മാര്‍ രാജാവായോ സുല്‍ത്താനായോ സ്വയം പ്രഖ്യാപിച്ചു. സ്വരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും വേണ്ടി രാജാവിനും പട്ടാളത്തിനും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ട ജോലിക്കാര്‍ക്കും താമസിക്കുവാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് അവിടങ്ങളില്‍ താവളങ്ങള്‍ സ്ഥാപിച്ചു. താവളങ്ങള്‍ സ്ഥാപിക്കുവാന്‍ മിക്കവാറും നദികളുടെ സമീപത്തുള്ള ഉയര്‍ന്ന പ്രദേശങ്ങളാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇവയായിരുന്നു ആദ്യമുണ്ടായ പട്ടണങ്ങള്‍. പില്ക്കാലത്ത് വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ചെറുതും വലുതുമായ പട്ടണങ്ങള്‍ രൂപംകൊണ്ടു. അവയില്‍ മിക്കവയും ഗതാഗതസൗകര്യമുള്ള നദീതീരങ്ങളോ സമുദ്രതീരങ്ങളോ ആയിരുന്നു. ഡല്‍ഹി, ആഗ്ര, മുംബൈ, കൊച്ചി എന്നീ പട്ടണങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഗ്രാമ നഗര വ്യത്യാസങ്ങള്‍. ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ താഴെ പറയുന്നവയാണ്. 1. പട്ടണങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ ജനസംഖ്യയും ജനസാന്ദ്രതയും കുറവായിരിക്കും. സെന്‍സസ് നിയമം അനുസരിച്ച് ഒരു പട്ടണത്തിന്റെ ഏറ്റവും കുറഞ്ഞ ജനസംഖ്യ. 5,000-ത്തില്‍ കൂടുതലായിരിക്കും. കുറഞ്ഞ ജനസാന്ദ്രത ച.കി.മീ.-നു 400 ആയിരിക്കണം. 2. പട്ടണങ്ങളിലെ ജനങ്ങള്‍ കൂടുതലും കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും. ജോലിചെയ്യുന്ന പുരുഷന്മാരില്‍ 75 ശ.മാ. എങ്കിലും കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ മാത്രമേ ആ പ്രദേശത്തെ ഒരു പട്ടണമായി കണക്കാക്കുകയുള്ളു. 3. പട്ടണങ്ങളില്‍ മനുഷ്യനിര്‍മിത വസ്തുക്കള്‍ ആയിരിക്കും കൂടുതലും. ഗ്രാമങ്ങളിലാകട്ടെ സസ്യശ്യാമളമായ പ്രകൃതിക്കാണു മുന്‍തൂക്കം.

മേഖലാസൂത്രണം (Regional Planning). ഗ്രാമ-നഗരങ്ങള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധംകാരണം, ആസൂത്രണത്തിലും വികസനത്തിലും അവയെ വെവ്വേറെ കാണുന്നതു ശരിയല്ല. ചെറുതും വലുതുമായ മനുഷ്യാധിവാസകേന്ദ്രങ്ങളാണവ. അടുത്തകാലംവരെ ആസൂത്രിത ഗ്രാമവികസനം അവഗണിക്കപ്പെട്ട വിഷയമായിരുന്നു. കൂടുതല്‍ ശ്രദ്ധയും മൂലധനച്ചെലവും പട്ടണങ്ങളില്‍ കേന്ദ്രീകരിച്ചു. നഗരവത്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ രൂക്ഷമായിത്തീര്‍ന്നതോടുകൂടി ഗ്രാമനഗരങ്ങളെ കോര്‍ത്തിണക്കിയ മേഖലാവികസനം ഒഴിച്ചു കൂടുവാന്‍ വയ്യാത്ത അവസ്ഥയായി. ഇന്നത്തെ അവസ്ഥയില്‍ മനുഷ്യന്‍ എവിടെ താമസിച്ചാലും മൗലിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ശുദ്ധജലം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസംരക്ഷണം, ക്രമസമാധാനം, നീതിനിയമപരിപാലനം എന്നിവ ഒന്നുതന്നെയാണ്. സമൂഹത്തിന്റെ വലുപ്പവും തൊഴില്‍ രീതിയും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിതരീതികളും അനുസരിച്ച് അല്പാല്പം വ്യത്യാസം ഉണ്ടാകുമെന്നു മാത്രം.

ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമസഭ

ഓരോ സംസ്ഥാനവും വിവിധ ജില്ലകളായിട്ടു വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അവ മിക്കവാറും ഭരണസൗകര്യത്തിനുവേണ്ടിയുണ്ടാക്കിയവയാണ്. എന്നാല്‍ മേഖലാസൂത്രണത്തിനുവേണ്ടി അന്യോന്യം ബന്ധപ്പെട്ട പ്രദേശങ്ങളെ ഓരോ മേഖലയായി കണക്കാക്കാം. ഉദാഹരണമായി ഒരു വലിയ മാതൃനഗരവും (mother city) അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നതും ബന്ധപ്പെട്ടതുമായ മറ്റു ചെറിയ പട്ടണങ്ങളും അവയ്ക്കിടയിലുള്ള ഗ്രാമങ്ങളും കൂടിയ പ്രദേശത്തെ ഒരു മേഖലയായി കണക്കാക്കാം. ഓരോ അധിവാസകേന്ദ്രത്തെയും അതിന്റെ ജനസംഖ്യാവലുപ്പമനുസരിച്ച് വിഭജിച്ച് ഓരോന്നിന്റെയും പരസ്പരബന്ധവും ആവശ്യങ്ങളും അനുസരിച്ച് ആസൂത്രണം നിര്‍വഹിക്കുന്നു. മാതൃനഗരത്തെ മേഖലാ തലസ്ഥാനമായിട്ടാണ് കാണുന്നത്. മേഖലാടിസ്ഥാനത്തില്‍ ആസൂത്രിത വികസനം കൈവരിക്കാമെങ്കില്‍ ഗ്രാമനഗരങ്ങള്‍ തമ്മില്‍ കാണുന്ന പല അസമത്വങ്ങള്‍ക്കും അസന്തുലിതാവസ്ഥകള്‍ക്കും പരിഹാരം ഉണ്ടാക്കുവാന്‍ സാധിക്കും. വലിയ പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് ചെറിയ പട്ടണങ്ങളിലും ഒരളവുവരെ ഗ്രാമങ്ങളിലും കാര്‍ഷികേതര തൊഴില്‍സാധ്യത വര്‍ധിപ്പിക്കേണ്ടതാവശ്യമാണ്. ഇന്നത്തെ ഗ്രാമങ്ങള്‍ നാളത്തെ പട്ടണങ്ങളായേക്കാം. ഈ ഗ്രാമങ്ങളുടെ പടിപടിയായുള്ള വളര്‍ച്ച ശാസ്ത്രീയാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുവാന്‍ സാധിക്കും എന്നുള്ളതാണ് മേഖലാസൂത്രണത്തിന്റെ ഒരു പ്രത്യേക ഗുണം. ഒരു കാലത്തു തെറ്റായ ഭൂവിനിയോഗം, പരിസര ജലമലിനീകരണം, ചേരികള്‍, അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തത എന്നിവ പട്ടണങ്ങളിലെ മാത്രം പ്രശ്നങ്ങളായിരുന്നു. ഇന്ന് അവ ഗ്രാമങ്ങളുടെയും പ്രശ്നങ്ങളാണ്. കാര്‍ഷിക മേഖലയിലും വലിയ പരിവര്‍ത്തനങ്ങളാണു ദര്‍ശിക്കുന്നത്. രാസവളപ്രയോഗം, യന്ത്രവത്കരണം, പഞ്ചവത്സരപദ്ധതികള്‍ വഴിയുള്ള സന്തുലിത വികസനം, ജനസംഖ്യാവര്‍ധനവ് ഇവയെല്ലാം തന്നെ ഗ്രാമീണ സമൂഹത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിരിക്കുന്നു. ഈ അവസ്ഥയില്‍ മേഖലാസൂത്രണവും സംയോജിത വികസനവും അത്യന്താപേക്ഷിതമാണ്.

ഗ്രാമാസൂത്രണം ഇന്ത്യയില്‍. ഗ്രാമാസൂത്രണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത് വൈദികകാലം തൊട്ടാണ് എന്നുപറയാം. അവയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത് വാസ്തുശാസ്ത്രം, മാനസാര, അര്‍ഥശാസ്ത്രം തുടങ്ങിയ അമൂല്യഗ്രന്ഥങ്ങളില്‍ നിന്നാണ്. ഗ്രാമങ്ങളുടെയും ഭവനങ്ങളുടെയും സ്ഥലനിര്‍ണയം, ആസൂത്രണം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ കാണാം.

വടക്കേ ഇന്ത്യയിലെ ഗ്രാമസഭ

പുരാണഗ്രന്ഥങ്ങളില്‍ ഗ്രാമങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് ഇടവിട്ടിടവിട്ട് വീടുകള്‍ ഉള്ള ഉദ്യാനങ്ങളായിട്ടാണ്. 100 മുതല്‍ 500 വരെ കുടുംബങ്ങളാണ് ഒരു ഗ്രാമത്തില്‍ അഭിലഷണീയമെന്നു നിര്‍ദേശിച്ചിരിക്കുന്നു. പ്രധാന തൊഴില്‍ കൃഷിതന്നെ. എന്നാല്‍ യുദ്ധകാലങ്ങളില്‍ ഇടക്കാല പട്ടാളക്യാമ്പുകള്‍ സ്ഥാപിക്കുവാനും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുവാനും ചില ഗ്രാമങ്ങളെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. വൈദികകാലത്തിലെ ഗ്രാമങ്ങള്‍ക്കു ചുറ്റും കിടങ്ങുകളും കുഴിച്ചിരുന്നു. മിക്കവാറും ഓരോ ഗ്രാമത്തിന്റെയും ഒത്തനടുവില്‍ ഒരമ്പലവും അവയ്ക്കു ചുറ്റും ബ്രാഹ്മണരുടെ ഭവനങ്ങളും ആയിരുന്നു. പ്രാന്തങ്ങളിലാണ് ഏറ്റവും താണ ജാതിക്കാര്‍ താമസിച്ചിരുന്നത്. ഇന്നും നിലനില്ക്കുന്ന ജാതി വ്യത്യാസത്തിന്റെ രൂക്ഷത വൈദികകാലത്ത് അതിതീവ്രമായിരുന്നല്ലോ.

കൗടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ കുഗ്രാമം, ഗ്രാമം എന്നു രണ്ടുതരം ഗ്രാമങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. വലുപ്പത്തിലും ജനസംഖ്യയിലും വളരെ ചെറിയവയായിരുന്നു കുഗ്രാമങ്ങള്‍. ഓരോ ഗ്രാമത്തിലും അത്യാവശ്യം വേണ്ട കിണര്‍, പാതകള്‍, മരങ്ങള്‍, ധാന്യസംരക്ഷണ സൗകര്യങ്ങള്‍ മുതലായവയെപ്പറ്റി അര്‍ഥശാസ്ത്രത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്.

ചെറുതും വലുതുമായ എല്ലാ മനുഷ്യാധിവാസ കേന്ദ്രങ്ങളുടെയും വളര്‍ച്ച തൃപ്തികരമായ രീതിയിലല്ല ഉണ്ടായിട്ടുള്ളത്. വേനല്‍ക്കാലത്തു വരള്‍ച്ചമൂലവും വര്‍ഷകാലത്ത് വെള്ളപ്പൊക്കംമൂലവുമുള്ള കെടുതികള്‍ സര്‍വസാധാരണമായിരുന്നു. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയായിരുന്നു മറ്റൊരു പ്രധാന കുറവ്. കാളവണ്ടികള്‍ക്ക് സഞ്ചരിക്കാവുന്ന പാതകള്‍പോലും ദുര്‍ലഭമായിരുന്നു.

ഇന്ത്യ സ്വതന്ത്രമായശേഷം ഗ്രാമവികസനത്തിനും പുനരുദ്ധാരണത്തിനും വേണ്ടി 1952-ലും 1953-ലും ആയി തുടങ്ങിവച്ച രണ്ട് സ്കീമുകളാണ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സ്കീമും നാഷണ്‍ എക്സ്റ്റന്‍ഷന്‍ സ്കീമും. എന്നാല്‍ ഈ രണ്ട് സ്കീമുകളും ഉദ്ദേശിച്ച രീതിയില്‍ ഗ്രാമവികസന പുരോഗതിക്ക് വഴിതെളിച്ചില്ല. ഗ്രാമീണമേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ട പ്രാരംഭകാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മേല്‍പ്പറഞ്ഞ രണ്ട് സ്കീമുകള്‍ക്ക് സാധിച്ചില്ല.

വ്യാവസായ വിപ്ലവത്തിനുശേഷം. പില്ക്കാലങ്ങളില്‍, പ്രത്യേകിച്ച് 18-19 ശ.-ങ്ങളിലുണ്ടായ വ്യവസായ വിപ്ലവത്തിനുശേഷം ഗ്രാമനഗരാസൂത്രണ വികസനരംഗത്ത് ഒരു സ്തംഭനാവസ്ഥ ഉണ്ടായതായി കാണാം. ശാസ്ത്രീയമായ ആസൂത്രണം അവഗണിക്കപ്പെടുകയും തദ്വാര അനാരോഗ്യകരമായ ജീവിതവും പരിസ്ഥിതി പ്രശ്നങ്ങളും സംജാതമാകുകയും ജീവിതപ്രശ്നങ്ങള്‍ വര്‍ധിക്കുകയും ചെയ്തതായി കാണാം. കച്ചവടമനോഭാവവും ധനസമ്പാദനവ്യഗ്രതയും കാരണം സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മോശമായി. ആധുനിക ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയവും ആസൂത്രിതവുമായ ഗ്രാമനഗര വികസനം ലാക്കാക്കിയുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ 19-ാം ശ.-ത്തിന്റെ അവസാനകാലത്തും 20-ാം ശ.-ത്തിന്റെ ആദ്യകാലത്തുമാണ് ആരംഭിച്ചത്. ആസൂത്രണം ജനനന്മയ്ക്ക് (പ്രത്യേകിച്ച് താഴ്ന്നവരുമാനമുള്ള തൊഴിലാളികളുടെ) എന്ന സത്യം അംഗീകരിക്കപ്പെട്ടതും ഇക്കാലത്താണ്. ഈ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രധാന വാസ്തുവിദ്യാവിദഗ്ധനാണ് എബ്നിസര്‍ ഹോവേഡ് (Ebnezer Howard) എന്ന ഇംഗ്ലീഷുകാരന്‍. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും ഗുണവശങ്ങള്‍ സമന്വയിപ്പിച്ചും മോശമായവ ഉപേക്ഷിച്ചും ഉദ്യാനനഗരങ്ങള്‍ (garden city) എന്ന പുതിയ ആശയത്തിനു രൂപം കൊടുത്തത് ഇദ്ദേഹമാണ്. 30,000 ജനസംഖ്യയും 6000 ഏക്കര്‍ വിസ്തീര്‍ണമുള്ള ഏതാനും മനുഷ്യാവാസകേന്ദ്രങ്ങള്‍ക്ക് അദ്ദേഹം രൂപംകൊടുത്തു. 6000 ഏക്കര്‍ ഭൂമിയില്‍ 5000-വും കൃഷിസ്ഥലങ്ങളോ തുറസ്സായ സ്ഥലങ്ങളോ ആയി വിട്ടിട്ട് ബാക്കി കേന്ദ്രഭാഗത്തെ 1000 ഏക്കറില്‍ മാത്രമേ കെട്ടിടങ്ങളും മറ്റും അനുവദിച്ചിരുന്നുള്ളൂ. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള പരസ്പരബന്ധവും വിധേയത്വവും പരിസ്ഥിതിയുടെ പ്രാധാന്യതയും അദ്ദേഹം സമര്‍ഥിച്ചു. അതിന്റെ ഗുണം ആരോഗ്യവും സന്തോഷവും സംതൃപ്തിയുമുള്ള ജനതയെ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നുള്ളതാണ്. ഗ്രാമങ്ങളും നഗരങ്ങളും ഇതര മനുഷ്യവാസകേന്ദ്രങ്ങളും തമ്മില്‍ പ്രധാനമായി വലുപ്പത്തിലും തൊഴില്‍മേഖലകളിലും ഉള്ളതായ വ്യത്യാസമേയുള്ളു എന്നു പറഞ്ഞുവല്ലോ. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്. കേരളത്തില്‍ ജന്മിസമ്പ്രദായം അവസാനിച്ചതോടുകൂടി ചെറുകിട കൃഷിക്കാര്‍ ഭൂവുടമകളാവുകയും അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്തു. തന്മൂലം വൈദ്യുതി, പൈപ്പുവഴിയുള്ള കുടിവെള്ളം മുതലായവ ഉപയോഗപ്പെടുത്തുവാന്‍ അവര്‍ക്കിന്നു സാധിക്കുന്നുണ്ട്. അങ്ങനെ ഒരു കാലത്ത് പട്ടണവാസികള്‍ക്കു മാത്രം ലഭ്യമായിരുന്ന പല സൗകര്യങ്ങളും ഇന്നു ഗ്രാമീണര്‍ക്കും ആവശ്യമാണ്. മേഖലാസൂത്രണം വഴി ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും സന്തുലിതമായ വളര്‍ച്ച രൂപപ്പെടുത്തുന്നതിന്റെ ആവശ്യം ഇന്ന് അംഗീകരിക്കപ്പെട്ട തത്ത്വമാണ്.

ആസൂത്രണ ലക്ഷ്യങ്ങള്‍. ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ആസൂത്രിത വികസനത്തിന്റെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:

1.ഭൂപ്രകൃതിയനുസരിച്ച് വര്‍ത്തമാന, ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഭൂവിനിയോഗം ക്രമീകരിക്കുക.

2.ജനങ്ങള്‍ക്ക് ആരോഗ്യപരമായ ജീവിതം ഉറപ്പുവരുത്തുക.

3.മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കുക.

4.ഗ്രാമ-നഗരങ്ങള്‍ തമ്മിലുള്ള സാമൂഹിക സാമ്പത്തിക ബന്ധങ്ങള്‍ കണക്കിലെടുത്ത് ഒരോ പ്രദേശത്തും അനുയോജ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.

5.ആകര്‍ഷകവും ആരോഗ്യപരവുമായ പരിസ്ഥിതി കൈവരിക്കത്തക്കവണ്ണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുക.

6.പാര്‍പ്പിടക്ഷാമം പരിഹരിക്കുക.

7.കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നഗരങ്ങളിലേക്കുള്ള പ്രയാണം (migration)-പ്രത്യേകിച്ച് യുവാക്കളുടെ-ഒരു പരിധിവരെ നിയന്ത്രിക്കുക.

8.ഗ്രാമങ്ങളുടെ വലുപ്പം അനുസരിച്ച് കുടിവെള്ളം ആരോഗ്യരക്ഷ, മാതൃശിശുസംരക്ഷണം, കളിസ്ഥലങ്ങള്‍, വിനോദ-വിശ്രമ സൗകര്യങ്ങള്‍, ചന്തകള്‍, കച്ചവടസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുക.

9.ഗ്രാമങ്ങളെ മറ്റു ഗ്രാമങ്ങളും പട്ടണങ്ങളുമായി ബന്ധപ്പെടുത്തുന്ന റോഡുകള്‍, റെയില്‍പ്പാളങ്ങള്‍, ജലഗതാഗതസൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക.

10.ആകര്‍ഷകമായ ഗ്രാമീണഭംഗി ഉപയോഗിച്ച് വിനോദസഞ്ചാരം വികസിപ്പിക്കുക.

11.ആധുനിക കൃഷിസമ്പ്രദായങ്ങള്‍ സ്വീകരിച്ചും കൃത്രിമവളം ഉപയോഗിച്ചും വിളവ് വര്‍ധിപ്പിച്ച് ഗ്രാമീണരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക.

12.ചെറുകിട വ്യവസായങ്ങളും വായു-ജലമലിനീകരണം ഉണ്ടാകാത്തതരത്തിലുള്ള ഇടത്തരം വ്യവസായങ്ങളും ഗ്രാമങ്ങളില്‍ സ്ഥാപിക്കാവുന്നതാണ്. ഇതിനു അത്യാവശ്യം വേണ്ട വൈദ്യുതി, ശുദ്ധജലം മുതലായ സൗകര്യങ്ങള്‍ ലഭ്യമാക്കുക.

13.ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ഗ്രാമീണരെ ബോധവാന്മാരാക്കുന്നതിനും അവകൊണ്ടുള്ള പ്രയോജനം പൂര്‍ണമായും ലഭ്യമാക്കുന്നതിനും വേണ്ടതായ പ്രചാരണ ജോലികള്‍ നടപ്പിലാക്കുക. ഇതിലേക്കായി സന്നദ്ധ സംഘടനകളുടെ സേവനങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്.

14.ഉചിതമായ സാങ്കേതിക രീതികള്‍ ആവിഷ്കരിച്ച് ഗ്രാമീണ ജനതയ്ക്ക് പരിശീലനം നല്കുക, സൂര്യപ്രകാശം കൊണ്ട് പ്രവര്‍ത്തിക്കുന്ന അടുപ്പുകള്‍പോലെ ഊര്‍ജം ലാഭിക്കാവുന്ന തരത്തിലുള്ള അടുപ്പുകളും ചെലവുകുറഞ്ഞ ഭവനനിര്‍മാണ രീതികളും നിര്‍മാണ പദാര്‍ഥങ്ങളും ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുക.

15.പുരോഗമനപരമായ ഭൂനിയമങ്ങള്‍ നടപ്പിലാക്കി, ഓരോ ഗ്രാമീണകുടുംബത്തിനും താമസത്തിനും കൃഷിക്കും വേണ്ടതായ ഭൂമി ലഭ്യമാക്കുക. കേരളത്തില്‍ അറുപതുകളില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണംമൂലം 3-4 ലക്ഷം കുടുംബങ്ങള്‍ ഭൂവുടമകളായി എന്നത് ശ്രദ്ധേയമാണ്.

16.സാനിട്ടറി കക്കൂസുകളുടെ അഭാവം നമ്മുടെ ഗ്രാമങ്ങളുടെ ഒരു തീരാശാപമാണ്. ഇക്കാരണത്താല്‍ ഗ്രാമീണര്‍ വൈറസുകള്‍മൂലവും ബാക്റ്റീരിയകള്‍മൂലവും ഉണ്ടാകുന്ന പലതരം രോഗങ്ങള്‍ക്കു വിധേയരാകുന്നു. ഇത് ആരോഗ്യസംരക്ഷണത്തിനുള്ള ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇരുകുഴികളുള്ള ചെലവുകുറഞ്ഞ കക്കൂസുകള്‍ നിര്‍മിക്കുവാന്‍ ലോകബാങ്കിന്റെ സഹായത്തോടുകൂടി ചില പദ്ധതികള്‍ ഇപ്പോള്‍ത്തന്നെ നടപ്പിലാക്കുന്നുണ്ട്. ഗ്രാമീണകുടുംബങ്ങള്‍ക്കും സാനിട്ടറി കക്കൂസുകള്‍ ഒഴിവാക്കാന്‍ വയ്യാത്ത ഒരാവശ്യമാണ് എന്നു മനസ്സിലാക്കി അതിനുള്ള പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക.

17.സമ്പൂര്‍ണ സാക്ഷരത ലക്ഷ്യമാക്കി വിദ്യാഭ്യാസ സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുക.

ഭൂവിനിയോഗം. ഗ്രാമാസൂത്രണ പ്രക്രിയയുടെ ഒരു പ്രധാന ഉദ്ദേശ്യം ഭൂമിയുടെ വിനിയോഗം ക്രമപ്പെടുത്തുക എന്നുള്ളതാണ്. പ്രധാനമായും ഭൂമിയുടെ സ്വഭാവം, നിമ്നോന്നതസ്ഥിതി, വളക്കൂറ്, ജലസേചനസൗകര്യങ്ങള്‍ എന്നിവയെ ആസ്പദമാക്കിയാണ് കാര്‍ഷികഭൂമി തിരഞ്ഞെടുക്കേണ്ടത്. വളങ്ങള്‍ കൊണ്ടുവരുന്നതിനും വിളവെടുക്കുന്നതിനും വേണ്ട യാത്രാസൗകര്യം ഉണ്ടായിരിക്കണം. ഏതു പ്രദേശത്തിന്റെയും അഭിവൃദ്ധി അവിടത്തെ ഗതാഗത സൗകര്യത്തെ ആസ്പദമാക്കിയാണ്. ഇക്കാരണത്താലാണ് ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവശ്രദ്ധ ചെലുത്തുന്നത്.

ഗ്രാമഭൂമി മിക്കവാറും കൃഷിക്കുവേണ്ടിയാണല്ലോ ഉപയോഗിക്കുന്നത്. താരതമ്യേന കുറച്ചു ഭൂമി മാത്രമാണ് ഭവന നിര്‍മാണം, മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ മുതലായ കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കൃഷി ഭൂമിയില്‍ താഴ്ന്ന (നനഞ്ഞ) പ്രദേശങ്ങളും (wet lands) ഉയര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്നു.

ഗ്രാമാസൂത്രണ പ്രക്രിയയുടെ ആദ്യനടപടി, ആവശ്യമുള്ള വിവരങ്ങള്‍ വിവിധയിനം സര്‍വേകള്‍വഴി ശേഖരിക്കുകയെന്നതാണ്. ജനസംഖ്യ, നിലവിലുള്ള ഭൂവിനിയോഗ രീതികള്‍, റോഡുകളുടെ അവസ്ഥ, നാണ്യസമ്പാദനമാര്‍ഗങ്ങളായ കന്നുകാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പൊതുവേ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഭദ്രതയും അറിഞ്ഞിരിക്കണം. ജനസംഖ്യയുടെ സ്വഭാവവും ഘടനയും മനസ്സിലാക്കി ആവശ്യമുള്ള സൗകര്യങ്ങള്‍ എന്താണെന്നു തിട്ടപ്പെടുത്തിയതിനുശേഷമാണ് ഭാവിയിലെ ആവശ്യങ്ങള്‍ കണക്കാക്കേണ്ടത്. നിലവിലുള്ള പോരായ്മകളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും കണക്കിലെടുത്തുവേണം ഓരോ ആവശ്യത്തിനുമുള്ള ഭൂമിയുടെ വിസ്തീര്‍ണവും സ്ഥാനവും നിര്‍ണയിക്കുവാന്‍. ഗ്രാമാസൂത്രണത്തിന്റെ ഏറ്റവും പ്രധാനമായ ഈ പ്രക്രിയ താഴെപ്പറയുന്ന ഒരു ഉദാഹരണം കൊണ്ടു വിശദമാക്കാം.

5000 ജനസംഖ്യയുള്ള ഒരു ഗ്രാമത്തില്‍ 900 കുടുംബങ്ങളും 800 വീടുകളും ഉണ്ടെന്നു വിചാരിക്കുക. ഉള്ള വീടുകളില്‍ 100 എണ്ണം മനുഷ്യവാസയോഗ്യമല്ലാത്ത ചെറ്റക്കുടിലുകളുമാണെന്നിരിക്കട്ടെ. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 300-ഓളം കുടുംബങ്ങള്‍ പുതുതായി ഉണ്ടാവും എന്നും അനുമാനിക്കുക. മുന്‍വര്‍ഷങ്ങളിലുണ്ടായിട്ടുള്ള വര്‍ധനനിരക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതു നിര്‍ണയിക്കേണ്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേല്പറഞ്ഞ ഗ്രാമത്തിലെ പാര്‍പ്പിടാവശ്യങ്ങള്‍ താഴെപ്പറയുന്ന വിധത്തില്‍ കണക്കാക്കാം.

1.കുടുംബങ്ങളുടെ എണ്ണം 900 ...A

2.വീടുകള്‍ 800 ...B

3.എണ്ണത്തില്‍ ഉള്ള കുറവ് 100 (A - B) ...C

4.ഉള്ള വീടുകളില്‍ ഏറ്റവും ചുരുങ്ങിയ മാനദണ്ഡങ്ങള്‍ക്കു താഴെയുള്ള ചെറ്റക്കുടിലുകള്‍ (പൊളിച്ചുമാറ്റി പുതുക്കി പണിയേണ്ടവ) 100 ...D

5.നിലവിലുള്ള പാര്‍പ്പിടാവശ്യം 200 (C + D) ...E

6.അടുത്ത 20 വര്‍ഷങ്ങളില്‍ പുതുതായി ഉണ്ടായേക്കാവുന്ന കുടുംബങ്ങള്‍ (മുന്‍കാല വര്‍ധനവിന്റെ അടിസ്ഥാനത്തില്‍) 300 ...F

7.നിലവിലുള്ള വീടുകളില്‍ അടുത്ത 20 വര്‍ഷത്തിനകം അധിവാസയോഗ്യമല്ലാതായിത്തീര്‍ന്നേക്കാവുന്ന വീടുകള്‍ (സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇതും കണക്കാക്കാവുന്നതാണ്.) 100 ...G

8.അടുത്ത 20 വര്‍ഷങ്ങളില്‍ പുതുതായി നിര്‍മിക്കേണ്ട വീടുകളുടെ എണ്ണം 600 (E + F +G)

9.ശരാശരി ഒരു വര്‍ഷം നിര്‍മിക്കേണ്ട 600 = 30 വീടുകള്‍ 20

ഒരു ഉദാഹരണം മാത്രമാണ് മേല്‍ കാണിച്ചിരിക്കുന്നത്. ഇപ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ വെള്ളം, വൈദ്യുതി, തൊഴിലവസരങ്ങള്‍ തുടങ്ങിയ മറ്റാവശ്യങ്ങളും നിര്‍ണയിക്കാവുന്നതാണ്. നിര്‍ണയിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഗ്രാമാസൂത്രണം നിര്‍വഹിക്കേണ്ടത്.

ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും ഏറ്റവും സങ്കീര്‍ണമായ ഒരു പ്രശ്നമാണ് പാര്‍പ്പിടപ്രശ്നം. ഗ്രാമങ്ങളില്‍ പ്രശ്നത്തിന്റെ രൂക്ഷത അല്പം കുറവായേക്കാമെന്നു മാത്രം. ഗ്രാമങ്ങളുടെ ആസൂത്രിതവികസനം നിര്‍വഹിക്കുമ്പോള്‍ നിലവിലുള്ള പാര്‍പ്പിടക്ഷാമം; ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക കഴിവ്; തദ്ദേശത്തു തന്നെ ലഭ്യമായ കെട്ടിടനിര്‍മാണ സാമഗ്രികള്‍, നിലവിലുള്ള നിര്‍മാണശൈലി, കുടുംബത്തില്‍ വരുമാനമുള്ള അംഗങ്ങള്‍ ഏതെല്ലാം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു തുടങ്ങിയ വിവരങ്ങള്‍; കുടിവെള്ളം, വിദ്യുച്ഛക്തി, റോഡുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, കളിസ്ഥലങ്ങള്‍, ജലാശയങ്ങള്‍ കൃഷിരീതികള്‍ മുതലായവയുടെ പൂര്‍ണമായ വിവരങ്ങള്‍ എന്നിവ ശേഖരിക്കേണ്ടതാണ്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് പരിശീലനം സിദ്ധിച്ച സര്‍വേയര്‍മാരെക്കൊണ്ടാണ് ഈ വക വിവരങ്ങള്‍ ശേഖരിക്കേണ്ടത്. ഇവയ്ക്കു പുറമേ ഭൂമിയുടെ കിടപ്പ്, നിമ്നോന്നതസ്ഥിതി, നിലവിലുള്ള പ്രധാന കെട്ടിടങ്ങളുടെ സ്ഥാനങ്ങള്‍ എന്നിവ കാണിച്ച് ലഭ്യമായ റവന്യൂ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഭൂപടങ്ങള്‍ തയ്യാറാക്കേണ്ടതാണ്. ഇവയെ അടിസ്ഥാന ഭൂപടം എന്നു വിളിക്കുന്നു. ഈ അടിസ്ഥാന ഭൂപടങ്ങളിലാണ് വിവിധ വികസന ശിപാര്‍ശകള്‍ രേഖപ്പെടുത്തേണ്ടത്. വിശദമായ റിപ്പോര്‍ട്ടും ആവശ്യമാണ്. ഭൂവിനിയോഗം, കെട്ടിടങ്ങളുടെ സ്ഥാനങ്ങള്‍, ഗതാഗതവികസനം, ചന്തകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയ വിവിധ ശിപാര്‍ശകള്‍ കാണിക്കുന്ന പ്രത്യേകം പ്രത്യേകം ഭൂപടങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇപ്രകാരം തയ്യാറാക്കിയ വികസന പദ്ധതിയുടെ അടിസ്ഥാനത്തില്‍ വേണം ഭാവിപരിപാടികള്‍ക്കു രൂപം കൊടുക്കുവാന്‍.

പാര്‍പ്പിട സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓരോ ഗ്രാമത്തിനും അനുയോജ്യമായ പാര്‍പ്പിടനയങ്ങള്‍ രൂപീകരിക്കേണ്ടതാണ്. കുടുംബത്തിന്റെ വലുപ്പം, സാമ്പത്തിക വരുമാനം, ഏര്‍പ്പെട്ടിരിക്കുന്ന ജോലികളുടെ സ്വഭാവം, പ്രത്യേക ആവശ്യങ്ങള്‍ എന്നിവ കണക്കാക്കി വേണം വീടുകളുടെ സ്ഥാനനിര്‍ണയവും രൂപകല്പനയും നിര്‍വഹിക്കുവാന്‍. പ്രത്യേക യോഗ്യതകളും പരിശീലനവും സിദ്ധിച്ച പ്ലാനര്‍മാരാണ് ഈ ജോലി നിര്‍വഹിക്കേണ്ടത്.

ഓരോ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തി അവ വികസിപ്പിക്കണം. കഴിയുന്നിടത്തോളം ഒന്നിച്ചുകിടക്കുന്ന സ്ഥലമായാല്‍ നന്ന്. വികസനം ആവശ്യാനുസരണം ഘട്ടംഘട്ടമായി നിര്‍വഹിക്കേണ്ടതാണ്. നിരവീടുകള്‍ (row house) ആണെങ്കില്‍ സ്ഥലത്തിന്റെ ആവശ്യം കുറയ്ക്കാവുന്നതാണ്. ഇത്തരത്തിലുള്ള നിരവീടുകള്‍ ഇപ്പോള്‍ ബ്രാഹ്മണ ഗ്രാമങ്ങളിലും പഴയ അങ്ങാടികളിലും കാണാവുന്നതാണ്. വെവ്വേറെയുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ മാതൃകയ്ക്ക് പകരം ജനസാന്ദ്രത കൂടിയ ഗ്രൂപ്പ് വീടുകളായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ചെലവ് കാര്യമായി കുറയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് പൈപ്പുവെള്ളം, വിദ്യുച്ഛക്തി, റോഡുകള്‍ എന്നീ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍. ഇന്നു വ്യാപകമായിക്കാണുന്ന റോഡുകളുടെ ഇരുവശങ്ങളില്‍ മാത്രമായി നടക്കുന്ന റിബണ്‍ ഡെവലപ്മെന്റ് കേരളത്തില്‍ വളരെ സാധാരണമാണ്. അനാരോഗ്യവും അനാശാസ്യവുമായ ഗ്രാമവികസനം തടയാന്‍ വിശദമായ നയപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതാണ്.

തയ്യാറാക്കിയ വികസന പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുവാന്‍ സൗകര്യപ്പെടുന്ന നിയമങ്ങളും ചട്ടങ്ങളും ആവശ്യമാണ്. ഉദാഹരണമായി അധിവാസം, വാണിജ്യം, വ്യവസായം എന്നീ ഉപയോഗങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍ നിര്‍ണയിക്കാവുന്നതാണ്. പട്ടണങ്ങള്‍ക്കു ബാധകമായ ഭൂവിനിയോഗനിയമങ്ങള്‍, കെട്ടിട നിര്‍മാണചട്ടങ്ങള്‍ തുടങ്ങിയവ മാതിരി ഗ്രാമങ്ങളില്‍ നടപ്പാക്കേണ്ട പ്രത്യേകചട്ടങ്ങള്‍ ഉണ്ടാക്കി ഗ്രാമപഞ്ചായത്തുകള്‍ മുഖേന അവ നടപ്പിലാക്കാവുന്നതാണ്. നാല്‍ക്കവലകള്‍, പൊതുസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ കെട്ടിങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് അവിടങ്ങളില്‍ കെട്ടിട നിര്‍മാണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കേണ്ടതാണ്. ഭൂരഹിതരായ ഗ്രാമീണ കുടുംബങ്ങള്‍ക്കു വെള്ളം, വെളിച്ചം, കക്കൂസുകള്‍ മുതലായ സൗകര്യങ്ങളോടുകൂടിയ ചെറിയ തുണ്ടുഭൂമികളെങ്കിലും സൗജന്യമായി കൊടുക്കുവാന്‍ സാധിക്കണം. ഉടനെ വേണ്ടതായ സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കുള്ള സ്ഥാപനങ്ങള്‍ ശാസ്ത്രീയമായി നിര്‍ണയിക്കുകയും ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് അവയ്ക്കുള്ള സ്ഥലം തിരഞ്ഞെടുത്ത് വയ്ക്കുകയും ചെയ്യേണ്ടതാണ്. സാമൂഹ്യവനവത്കരണം, മാതൃശിശുസംരക്ഷണം, ചെലവുകുറഞ്ഞതും പുകശല്യം ഇല്ലാത്തതുമായ അടുപ്പുകള്‍, സാനിട്ടറി കക്കൂസുകള്‍, പരിസര ശുചീകരണം, മലിന വസ്തുക്കളും മലിനജലവും ഉപയോഗപ്പെടുത്താവുന്ന രീതികള്‍ എന്നീ കാര്യങ്ങളില്‍ ബോധവത്കരണവും പരിശീലനവും നല്കാവുന്നതാണ്. കൂടാതെ കന്നുകാലി, ആട്, കോഴി എന്നിവയെ വളര്‍ത്തുന്ന കാര്യങ്ങളില്‍ വിദഗ്ധോപദേശം കൊടുക്കുവാനുള്ള നടപടികള്‍ എടുക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ സന്നദ്ധസംഘടനകളുടെയും പഞ്ചായത്ത്, മതസ്ഥാപനങ്ങള്‍ എന്നിവയുടെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

അയല്‍ക്കൂട്ടം (കേരളം)

കൃഷിയാവശ്യങ്ങള്‍ക്കോ അല്ലാതെയോ ഉള്ള ചെറുകിട വ്യവസായങ്ങള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കാവുന്നതാണ്. ഇപ്രകാരം പുതിയ തൊഴില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഗ്രാമങ്ങളുടെ സാമ്പത്തികനില ഉയര്‍ത്തുന്നതിനും ഗ്രാമീണയുവാക്കള്‍ ജോലിക്കുവേണ്ടി പട്ടണങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കാതിരിക്കുവാനും സഹായിക്കും. ഇന്നത്തെ ഗ്രാമങ്ങളാണ് നാളത്തെ പട്ടണങ്ങള്‍. ഇതു മനസ്സിലാക്കി ഗ്രാമാസൂത്രണം നിര്‍വഹിക്കേണ്ടതാണ്.

കാര്‍ഷിക മേഖലയിലുണ്ടായിട്ടുള്ള അഭിവൃദ്ധിയും വ്യവസായവത്കരണവും സാമ്പത്തികവികസനത്തിനു കാരണമാകുന്നു. സാമ്പത്തിക വികസനത്തിന്റെ അനന്തരഫലമാണ് നഗരവത്കരണം. സെന്‍സസ് കണക്ക് പരിശോധിക്കുമ്പോള്‍ ഓരോ ദശവര്‍ഷവും പട്ടണങ്ങളുടെ എണ്ണവും നഗരവാസികളുടെ അനുപാതവും വര്‍ധിച്ചുവരുന്നതായി കാണാം. ഇതിന്റെ അര്‍ഥം കൂടുതല്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ നഗരവത്കരണ ലക്ഷണങ്ങള്‍ കാണിക്കുന്ന ഗ്രാമങ്ങള്‍ക്കു പ്രത്യേക രീതിയിലുള്ള പ്ലാനുകള്‍ ഇപ്പോഴേ തയ്യാറാക്കണമെന്നുള്ളതില്‍ പക്ഷാന്തരമില്ല.

ഗ്രാമീണമേഖലയുടെ സമഗ്രപുരോഗതി. ഗ്രാമീണമേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുകൊണ്ട് 1959-ല്‍ പഞ്ചായത്തീരാജ് എന്ന ആശയം രൂപീകൃതമായി. ഈ ആശയത്തില്‍ ഊന്നിക്കൊണ്ട് ആസൂത്രിത വികസനത്തിനും തദ്ദേശഭരണകാര്യങ്ങളിലും വര്‍ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകളും ബ്ളോക്ക്പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (73-ാം ഭേദഗതി) ആക്റ്റിനനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നു. ഭരണഘടനയുടെ 11-ാം പട്ടികയില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നതുള്‍പ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കുംവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ തയ്യാറാക്കലും നടപ്പിലാക്കലും പഞ്ചായത്തുകളുടെ ചുമതലകളായി മാറ്റപ്പെട്ടു.

73-ാം ഭരണഘടനാ ഭേദഗതി. 73-ാം ഭരണഘടനാഭേദഗതി വരുന്നതു വരെ വികസന പദ്ധതികള്‍ കേന്ദ്രീകൃതമായി ആവിഷ്കരിച്ചിരുന്നു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥശ്രേണിയിലെ അടിത്തട്ട് വിഭാഗത്തിന് യാതൊരു പങ്കും പദ്ധതി രൂപീകരണത്തില്‍ നിര്‍വഹിക്കാനുണ്ടായിരുന്നില്ല. മുകള്‍തട്ടില്‍ രൂപപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രാദേശിക പ്രസക്തിയോ സാധ്യതയോ കണക്കിലെടുത്തിരുന്നില്ല. സര്‍ഗാത്മകമായി പദ്ധതികള്‍ക്ക് രൂപം നല്കാനും, അവ നടപ്പിലാക്കാനും, പദ്ധതിയുടെ ഫലപ്രാപ്തിയെ സംബന്ധിച്ചും കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവസരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. പദ്ധതിയുടെ അവലോകന പ്രക്രിയയാകട്ടെ ചെലവഴിച്ച തുകയെ മാത്രം അടിസ്ഥാനമാക്കിയാണ് നടത്തിവന്നത്.

കേന്ദ്രീകൃത ആസൂത്രണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്ക്. കേന്ദ്രീകൃത ആസൂത്രണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്ക് വളരെയേറെ പരിമിതമായിരുന്നു. വികസനത്തിന്റെ നേട്ടം തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എത്ര ലഭിക്കുന്നു എന്നതിനപ്പുറം, വികസനത്തിന്റെ സാമൂഹിക ലക്ഷ്യത്തെ സംബന്ധിച്ചോ, അവയുടെ സാമൂഹിക നേട്ടത്തെ സംബന്ധിച്ചോ, ജനങ്ങള്‍ തികച്ചും അജ്ഞരായിരുന്നു. അതുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു ഇടപെടലിനും ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിന്റെ ഫലമായി വികസന പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച വിഭവദുര്‍വ്യയം, അഴിമതി, നിക്ഷിപ്ത താത്പര്യങ്ങള്‍ എന്നിവ കടന്ന് വന്നു. ആരംഭിച്ച പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കുന്നതിനോ, പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനോ കഴിയാതെ പോകുകയും ചെയ്തു. വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ നിന്ന് ബോധപൂര്‍വം മറച്ചുവയ്ക്കുന്നതിനുള്ള പരിശ്രമം നടന്നിരുന്നു. ഇതിന്റെ ഫലമായി ജനങ്ങളും വികസന ഭരണസംവിധാനവും തമ്മിലുള്ള അന്തരം അടിക്കടി വര്‍ധിച്ചുവന്നു.

ഇത്തരമൊരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന്, ജനങ്ങള്‍ക്ക് വികസന പ്രക്രിയയില്‍ ഇടപെടുന്നതിന് സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന്റെ സുപ്രധാനമായ ലക്ഷ്യം. പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വിവിധ സൂക്ഷ്മതലസംഘടനാ രൂപങ്ങള്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി രൂപപ്പെട്ട് വന്നു. ഗ്രാമസഭകള്‍, വാര്‍ഡ് കണ്‍വെന്‍ഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, കര്‍മസമതികള്‍ എന്നിവ വികസന പ്രക്രിയയ്ക്ക് ജനകീയ സ്വഭാവം നല്കുന്നു.

ഒരു മുതലാളിത്തവ്യവസ്ഥിതി അഥവാ കമ്പോളവ്യവസ്ഥിതി നിലനില്‍ക്കുന്ന സമ്പദ്ഘടനയില്‍, സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് ഇടപെടുന്നത് സാമ്പത്തിക നയങ്ങള്‍വഴിയും ആസൂത്രണപദ്ധതികള്‍വഴിയുമാണ്. സാധാരണ ഗതിയില്‍ സമ്പദ്ഘടനയുടെയും കമ്പോളവ്യവസ്ഥയുടെയും പരിമിതികള്‍മൂലം ദ്രുതഗതിയിലുള്ളതോ, സുസ്ഥിരമായതോ, ദാരിദ്യ്രജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതോ, സാമൂഹ്യക്ഷേമത്തിന് പ്രാധാന്യം നല്കുന്നതോ ആയ വികസനം സാധ്യമാകുകയില്ല. ആയതിനാല്‍ സര്‍ക്കാര്‍ പണംമുടക്കി നടത്തുന്ന വികസന പദ്ധതികള്‍ വഴി സാമ്പത്തിക രംഗത്ത് ഇടപെടുക എന്നതാണ് ഒരു ആസൂത്രണ പദ്ധതി. ചുരുക്കത്തില്‍ പദ്ധതി എന്ന് പറയുന്നത് സര്‍ക്കാര്‍ പണം ഉപയോഗിച്ച് സാമൂഹിക-സാമ്പത്തിക വികസനത്തിനുവേണ്ടി നടപ്പിലാക്കുന്ന പ്രോജക്ടുകളുടെയും സ്കീമുകളുടെയും ഒരു പട്ടികയാണ്.

സംസ്ഥാനത്തിന്റെ മൊത്തംപദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്നോളം തുകയ്ക്കുള്ള പദ്ധതികള്‍ രൂപീകരിക്കുവാനും നടപ്പിലാക്കുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരംകൊടുക്കുക എന്നതാണ് വികേന്ദ്രീകൃത ആസൂത്രണംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യനില, വേണ്ട സമയത്ത് പദ്ധതി ഫണ്ടുകള്‍ കൈമാറുവാനുള്ള സംവിധാനങ്ങള്‍, ട്രഷറി നിയന്ത്രണങ്ങള്‍ ഇല്ലാത്ത അവസ്ഥ, പ്രാദേശിക വികസനത്തിന് യോജിച്ച വികസന പ്രോജക്ടുകള്‍ തയ്യാറാക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള കഴിവ്, പ്രോജക്ടുകളുടെ നടത്തിപ്പിന് സാങ്കേതിക അനുമതി വേണ്ട സമയത്ത് നേടി എടുക്കുക, കാര്യക്ഷമമായി പ്രോജക്ടുകള്‍ നടപ്പിലാക്കുക, സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഭരണസംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ്.

കേരളത്തിലെ ചില പ്രത്യേകതകള്‍. ഗ്രാമങ്ങളെ സംബന്ധിച്ചാണെങ്കിലും പട്ടണങ്ങളെ സംബന്ധിച്ചാണെങ്കിലും കേരളത്തില്‍ ചില പ്രത്യേകതകള്‍ ദര്‍ശിക്കാവുന്നതാണ്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള ഗ്രാമങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമങ്ങളില്‍ ജനങ്ങള്‍ വിട്ടുവിട്ട വീടുകളില്‍ താമസിക്കുവാന്‍ ഇഷ്ടപ്പെടുന്നു. ഈ സ്വഭാവം ഗ്രാമനഗരഭേദമെന്യേ എവിടെയും ദൃശ്യമാണ്. കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ഭൂവുടമ സമ്പ്രദായവും ഇതിനു മുഖ്യകാരണങ്ങളാണ്. നമ്മുടെ ഗ്രാമങ്ങളില്‍ ജനസാന്ദ്രത വളരെ അധികമാണ്. ഒരേ പുരടയിടത്തില്‍ തെങ്ങ്, നെല്ല്, കുരുമുളക്, റബ്ബര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത കൃഷിസമ്പ്രദായമാണ് വളരെക്കാലമായി നിലവില്‍ ഉള്ളത്. ഗ്രാമങ്ങളെയും പട്ടണങ്ങളെയും ബന്ധപ്പെടുത്തുന്ന റോഡുകള്‍ ഇവയ്ക്കാവശ്യമാണ്. ആയതിനാല്‍ സ്വാതന്ത്ര്യപ്രാപ്തിക്കു വളരെ മുമ്പുതന്നെ റോഡുവികസനത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്നു കേരളത്തില്‍ എല്ലായിടത്തും റോഡുകള്‍ ഉണ്ട്. അവയ്ക്കു പുറമേ റെയില്‍വേ, ജലപാതകള്‍ എന്നീ സൗകര്യങ്ങള്‍ ഗ്രാമങ്ങള്‍ക്കുകൂടി ലഭിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വിനോദകേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍, വൈദ്യുതീകരണം എന്നീ മേഖലകളില്‍ കേരളത്തിലെ ഗ്രാമങ്ങള്‍ മുന്‍പന്തിയിലാണ്. ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കഴിവ് നമ്മുടെ ഗ്രാമീണര്‍ക്ക് ഉണ്ട്. പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. അഭ്യസ്തവിദ്യരായ വളരെ അധികം ഗ്രാമീണര്‍ മറ്റു സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും ജോലിചെയ്തു സമ്പാദിക്കുന്ന പണം കേരളത്തിന്റെ അഭിവൃദ്ധിക്ക് സഹായകമാകുന്നുണ്ട്.

ജനപങ്കാളിത്തം. ജനജീവിതത്തെ സംബന്ധിച്ച് ഏതു പരിപാടിയും ജനപങ്കാളിത്തത്തോടുകൂടി രൂപം കൊടുക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. തുടക്കം മുതലേ വാര്‍ഡടിസ്ഥാനത്തിലോ മറ്റോ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അനുസരിച്ചുവേണം പ്ലാനുകള്‍ തയ്യാറാക്കുക നോ: ജനകീയാസൂത്രണം.

കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍. കേരളം അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധി, നിക്ഷേപമുരടിപ്പ്, വ്യവസായ പിന്നോക്കാവസ്ഥ, പരമ്പരാഗത കുടില്‍ വ്യവസായങ്ങളുടെ തകര്‍ച്ച, കാര്‍ഷിക മേഖലയുടെ സ്തംഭനാവസ്ഥ, രൂക്ഷമായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ-ആരോഗ്യമേഖലകളുടെ ഗുണനിലവാരത്തകര്‍ച്ച, കുടിവെള്ളക്ഷാമം, ഭവനരാഹിത്യം, ജലസേചന പദ്ധതികളുടെ അപര്യാപ്തത തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍, അടിസ്ഥാന ഘടകങ്ങളുടെ തകര്‍ച്ചയും അപര്യാപ്തതയുംമൂലമുള്ള നഗരവികസന പ്രശ്നങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങി സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള ഒരു ഒറ്റമൂലി എന്നുള്ള നിലയ്ക്കാണ് ജനകീയാസൂത്രണത്തെ 1996-ല്‍ അവതരിപ്പിച്ചത്.

പദ്ധതിയും ജനകീയ പങ്കാളിത്തവും ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ വോട്ടവകാശമുള്ളവര്‍ എല്ലാവരും ചേര്‍ന്നതാണ് ഒരു ഗ്രാമസഭ. പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഗ്രാമസഭ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ഉത്തരവാദിത്തമാണ്. കേരള പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗ്രാമസഭകള്‍ക്ക് താഴെ പറയുന്ന വികസന ചുമതലകളുണ്ട്. 1. ഗ്രാമത്തിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നല്കുക, അവയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക; 2. ഗ്രാമത്തെ സംബന്ധിച്ച വികസന പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും നിര്‍വഹണത്തിനായി ഗുണഭോക്താക്കളെ തിരിച്ചറിയുന്നതില്‍ സഹായിക്കുക. 3. മുന്‍വര്‍ഷത്തെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വികസനപരിപാടികളെയും കുറിച്ച് ചര്‍ച്ച് നടത്തുക.

ഗ്രാമീണ വികസനം നാല് പ്രധാന കാര്യങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന് ശ്രീ. എം.ജി. ഷാ, എന്‍സൈക്ലോപീഡിയ ഒഫ് ഇന്ത്യന്‍ ഇക്കോണമിയില്‍ (2008), വിവക്ഷിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

1. സാമ്പത്തിക വീക്ഷണം:- കുറഞ്ഞ വരുമാന അവസ്ഥയില്‍ നിന്ന് വര്‍ധമാനമായ വരുമാന അവസ്ഥയിലേക്ക് മാറുക/പൂര്‍ണമായോ ഭാഗികമായോ തൊഴില്‍ ഇല്ലാത്ത അവസ്ഥയില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് വരുന്ന എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്ന അവസ്ഥ/കഷ്ടിച്ച് ജീവിതവൃത്തി കഴിച്ചുകൂട്ടുന്ന സാഹചര്യത്തില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള ജീവിതാവസ്ഥയിലേക്ക് എത്തിച്ചേരുന്ന സ്ഥിതി.

2. ശാസ്ത്ര-സാങ്കേതികവശം:- ഉത്പാദനവും ഗുണമേന്മയും വര്‍ധിപ്പിക്കുക എന്ന മുഖ്യ ഉദ്ദേശ്യത്തോടുകൂടി പരമ്പരാഗത പഴഞ്ചന്‍ സമ്പ്രദായങ്ങളില്‍ നിന്നും നൂതനമായ ഉത്പാദന രീതികള്‍ അവലംബിക്കുന്ന അവസ്ഥ.

3. സാമൂഹിക-സാംസ്കാരിക സ്ഥിതി:- അധികാര വികേന്ദ്രീകരണവും, സാമ്പത്തിക അസമത്വവും ഇല്ലാതാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ തീരുമാനങ്ങളും അവയുടെ നടത്തിപ്പും.

4. സാമ്പത്തിക മേഖലയില്‍ ഉത്പാദനത്തെ സംബന്ധിച്ച് തീരുമാനം എടുക്കുന്ന വ്യക്തികളും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള സന്തുലിതാവസ്ഥ.

ഇന്ത്യയില്‍ ഏതാണ്ട് 5.5 ലക്ഷം ഗ്രാമങ്ങള്‍ ഉണ്ട്. ആകെ ജനസംഖ്യയുടെ 75 ശതമാനത്തോളം ഇന്നും ഗ്രാമങ്ങളില്‍ വസിക്കുന്നു. പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ഉടനെ പരിഹാരം കാണേണ്ട വളരെയേറെ പ്രശ്നങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗ്രാമാസൂത്രണം രംഗപ്രവേശം ചെയ്യുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച, ഗ്രാമങ്ങളുടെ ആസൂത്രിത വികസനം ഒഴിവാക്കാന്‍ പാടില്ലാത്ത പ്രക്രിയയായി മാറ്റിയിരിക്കുന്നു. യന്ത്രവത്കൃത കൃഷിസമ്പ്രദായവും ജീവിതരീതികളിലുണ്ടായ മാറ്റങ്ങളും പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുന്‍ പ്രസ്താവിച്ചപോലെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതുമൂലം ഊര്‍ജസ്വലരായ ഗ്രാമീണയുവാക്കള്‍ തൊഴില്‍തേടി നഗരങ്ങളിലേക്ക്, പ്രത്യേകിച്ച് വന്‍ നഗരങ്ങളിലേക്കു പ്രയാണം ചെയ്യുന്നു. ഇതു ഗ്രാമങ്ങളുടെ നഷ്ടവും പട്ടണങ്ങളുടെ പ്രശ്നവും ആകുന്നു. ഇതിനെല്ലാം പരിഹാരം മേഖലാടിസ്ഥാനത്തിലുള്ള ആസൂത്രണംവഴി ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സന്തുലിതമായ വികസനം കൈവരിക്കുക എന്നതാണ്.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഊന്നല്‍ നല്കിയാണ് ആസൂത്രിത ഗ്രാമവികസനം സാധിക്കേണ്ടത്. ഓരോ കുടുംബത്തിനും ഒരു ചെറിയ വീടും ആരോഗ്യമുള്ള പരിസരവും ഉറപ്പുവരുത്താനുള്ള ബാധ്യതയില്‍ നിന്നു സമൂഹത്തിനും സര്‍ക്കാരിനും ഒഴിഞ്ഞു മാറുവാന്‍ സാധ്യമല്ല. ആയതിനാല്‍ ആധുനിക ജീവിതസൗകര്യങ്ങളോടുകൂടിയ ഗ്രാമങ്ങള്‍ക്കായി ആധുനിക രീതിയിലുള്ള ഗ്രാമാസൂത്രണം അനിവാര്യമാണ്. നോ: ത്രിതലപഞ്ചായത്ത്, പഞ്ചായത്തീരാജ്

(കെ. തോമസ് പൗലോസ്, ഡോ. തമ്പി മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍