This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹാം, തോമസ് (1805 - 69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:54, 8 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രഹാം, തോമസ് (1805 - 69)

Graham, Thomas

തോമസ് ഗ്രഹാം

ബ്രിട്ടീഷ് രസതന്ത്രജ്ഞന്‍. കൊളോയിഡ് രസതന്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഇദ്ദേഹം 1805 ഡി. 21-നു ഗ്ലാസ്ഗോയില്‍ ജനിച്ചു. ഗ്ലാസ്ഗോ സര്‍വകലാശാലയിലെ തോമസ് തോംസണിന്റെ കീഴിലും എഡിന്‍ബറോയില്‍ തോമസ് ഹോപ്പിന്റെ കീഴിലും വിദ്യാഭ്യാസം ചെയ്തു. ധനവാനായിരുന്ന പിതാവിന് തോമസിനെ പുരോഹിതനാക്കണമെന്നായിരുന്ന ആഗ്രഹം. എന്നാല്‍ രസതന്ത്രജ്ഞനാവുക എന്ന ലക്ഷ്യത്തില്‍ മകന്‍ ഉറച്ചു നിന്നതോടെ പിതാവ് സഹായം പിന്‍വലിച്ചു. പിന്നീട് എഴുത്തിലൂടെയും അധ്യാപനത്തിലൂടെയും നേടിയ സമ്പാദ്യം കൊണ്ടാണ് ഗ്രഹാം കഴിഞ്ഞത്. 1830 മുതല്‍ 37 വരെ ആന്‍ഡേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. പിന്നീട് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലും (1837-55) ജോലി ചെയ്തു. 1836-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി. ലണ്ടന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ അധ്യക്ഷനും ഇദ്ദേഹമാണ് (1841). കാവന്‍ഡിഷ് സൊസൈറ്റിയുടെ അധ്യക്ഷനായി 1846-ല്‍ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1855-69 കാലത്ത് ഇദ്ദേഹം മാസ്റ്റര്‍ ഒഫ് ദ മിന്റ് ആയിരുന്നു.

ദ്രവങ്ങള്‍ വാതകങ്ങളെ ആഗിരണം ചെയ്യുന്നതു സംബന്ധിച്ചുള്ള ഒരു പ്രബന്ധം 1825-ല്‍ ഇദ്ദേഹം പ്രസിദ്ധം ചെയ്തു. വാതകവിസരണത്തെപ്പറ്റിയുള്ള ഇദ്ദേത്തിന്റെ ലേഖനങ്ങള്‍ 1829-ല്‍ പുറത്തുവന്നു. പ്രസിദ്ധമായ ഗ്രഹാം നിയമം ഇക്കാലത്താണ് ആവിഷ്കരിച്ചത്.

ഒരു ദ്രവത്തിലേക്ക് മറ്റൊരു ദ്രവം വിസരണം ചെയ്യുന്ന രീതി ഇദ്ദേഹം നിരീക്ഷിച്ചു. ഇതിന്റെ ഫലമായി ഇവയെ ക്രിസ്റ്റലോയിഡുകള്‍ (ഉദാ. കറിയുപ്പ്), കൊളോയിഡുകള്‍ (ഉദാ. ഗം അറബിക്) എന്നിങ്ങനെ വിഭജിച്ചു ആദ്യത്തേതിന് വിസരണശീലം കൂടുതലും രണ്ടാമത്തേതിന് കുറവുമാണ്. ഈ വിഭജനം പിന്നീട് പരിഷ്കരിക്കപ്പെട്ടു. കൊളോയ്ഡ് രസതന്ത്രത്തില്‍ ഉപയോഗിക്കപ്പെടുന്ന പല സംജ്ഞകളും തോമസ് ഗ്രഹാം സംഭാവന ചെയ്തവയാണ്. കൊളോയിഡുകളെയും ക്രിസ്റ്റലോയിഡുകളെയും വേര്‍തിരിക്കാനായി 'ഡയാലിസിസ്' എന്ന സങ്കേതം ഇദ്ദേഹം ആവിഷ്കരിച്ചു. 1869 സെപ്. 16-നു ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍