This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹഭേദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹഭേദം=

ഒരു രാഗത്തിലെ ഷഡ്ജമൊഴികെ മറ്റേതെങ്കിലും സ്വരത്തെ ആധാരഷഡ്ജമായി അംഗീകരിച്ച് പ്രസ്തുത രാഗത്തിന്റെ സ്വരസ്ഥാനങ്ങളില്‍ മാത്രം സഞ്ചരിച്ചുകൊണ്ട് ആലപിക്കുന്ന രീതി. ഇതിന് ശുത്രിഭേദം എന്നു പേരുണ്ട്. ഉദാ. തോടിരാഗത്തിന്റെ രിഷഭം ആധാരഷഡ്ജമായി സ്വീകരിച്ച് അടുത്ത സ്ഥായിരിഷഭംവരെ രിഗമപധനിസരി എന്നതിനുപകരം സരിഗമപധനിസ എന്നു പാടിയാല്‍ കല്യാണി രാഗമായിരിക്കും.

എല്ലാ രാഗങ്ങളും ശ്രുതിഭേദം ചെയ്യാന്‍ കഴിയുകയില്ല. ആരോഹണാവരോഹണങ്ങള്‍ ഒരേ മാതിരിയിലും ഒരേ സ്വരസ്ഥാനങ്ങളിലുമുള്ള രാഗങ്ങളേ എളുപ്പത്തില്‍ ശ്രുതിഭേദം ചെയ്യാന്‍ കഴിയുകയുള്ളു. ഒരു സമ്പൂര്‍ണരാഗം ഗ്രഹഭേദം ചെയ്താല്‍ സാധാരണ ഗതിയില്‍ കിട്ടുന്നത് ഒരു സമ്പൂര്‍ണരാഗം തന്നെയായിരിക്കും. ഒരു ഷാഡവരാഗമോ ഒരു ഔഡവരാഗമോ ശ്രുതിഭേദം ചെയ്താല്‍ കിട്ടുന്നത് അതേ വര്‍ഗത്തില്‍പ്പെട്ട രാഗം തന്നെയായിരിക്കും. സമ്പൂര്‍ണരാഗമായ ഖരഹരപ്രിയരാഗത്തിലെ 'രാഗമപനി' എന്നീ സ്വരങ്ങളോരോന്നും ആധാരഷഡ്ജങ്ങളാക്കി പാടിയാല്‍ യഥാക്രമം ഹനുമതോടി, മേചകല്യാണി, ഹരികാംബോജി, നംഭൈരവി, ധീരശങ്കരാഭരണം എന്നീ സമ്പൂര്‍ണരാഗങ്ങളാണു കിട്ടുക. ഗ്രഹഭേദം ചെയ്യാന്‍ കഴിയുന്ന രാഗങ്ങളെ മൂര്‍ച്ചനാകാരക രാഗങ്ങളെന്നും, ഗ്രഹഭേദം ചെയ്യാന്‍ പറ്റാത്ത രാഗങ്ങളെ അമൂര്‍ച്ചനാകാരക രാഗങ്ങളെന്നും പറയുന്നു. സംഗീതക്കച്ചേരികളില്‍ സംഗീത വിദ്വാന്മാര്‍ രാഗാലാപനത്തിനു മോടി കൂട്ടാന്‍ വേണ്ടി ഗ്രഹഭേദം അഥവാ ശ്രുതിഭേദം ചെയ്ത രാഗം ആലപിക്കാറുണ്ട്.

(കലഞ്ഞൂര്‍ റ്റി.ആര്‍. ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍