This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദമേനോന്‍, പനമ്പിള്ളി (1908 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദമേനോന്‍, പനമ്പിള്ളി (1908 - 70)

പനമ്പിള്ളി ഗോവിന്ദമേനോന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിനേതാവും രാജ്യതന്ത്രജ്ഞനും ഭരണാധികാരിയും. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കലൂര്‍ വടക്കേമുറിയില്‍ ചെറുവാളൂര്‍ പനമ്പിള്ളി വീട്ടില്‍ 1908 ഒ. 1-നു ഗോവിന്ദമേനോന്‍ ജനിച്ചു. ചാലക്കുടിയിലും എറണാകുളത്തും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദവും മദ്രാസ് ലാ കോളജില്‍ നിന്ന് ബി.എല്‍. ബിരുദവും എടുത്തു. 1932-ല്‍ ഇരിഞ്ഞാലക്കുടയില്‍ അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടു. ഇക്കാലം മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. 1935-ലും 1938-ലും ഇദ്ദേഹം കൊച്ചി നിയമസഭാംഗമായി. 1939-ല്‍ എറണാകുളത്തേക്കു മാറി, ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് തൃശൂരില്‍ നടന്ന പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഇദ്ദേഹം നിയമസഭാംഗത്വം രാജിവച്ചു. സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ജയിലില്‍ പതാക ഉയര്‍ത്തിയതിന് മര്‍ദനമേല്‍ക്കേണ്ടിവന്നു. തടവിലായിരിക്കെ സാഹിത്യപ്രവര്‍ത്തനത്തിന് സമയം കണ്ടെത്തി. ഒരു വര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചു. മോചിതനായശേഷം കൊച്ചിരാജ്യപ്രജാമണ്ഡലം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദപ്രക്ഷോഭണത്തിന് നേതൃത്വം നല്കി. 1945-ല്‍ പ്രജാമണ്ഡലം സ്ഥാനാര്‍ഥിയായി എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1946 സെ. 9-നു മന്ത്രിസഭാംഗമായി. ഇദ്ദേഹം 1947 ആഗസ്റ്റില്‍ സ്വാതന്ത്യ്രാനന്തരം കൊച്ചിയില്‍ പ്രധാനമന്ത്രിയായി. 1947 ഒ. 17-നു രാജേന്ദ്രമൈതാനത്തെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് മന്ത്രിസഭാംഗത്വം രാജിവച്ചു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് കൊച്ചിയില്‍ നിന്നുള്ള ഏക പ്രതിനിധിയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 1948-ല്‍ പ്രജാമണ്ഡലം സ്ഥാനാര്‍ഥിയായി ഇദ്ദേഹം വീണ്ടും കൊച്ചിയില്‍ നിയമസഭാംഗമായി. ഇക്കാലമായപ്പോഴേക്കും പ്രജാമണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചു. ഇക്കണ്ടവാരിയര്‍ പ്രധാനമന്ത്രിയായ കൊച്ചിയിലെ ആദ്യത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പനമ്പിള്ളി വിദ്യാഭ്യാസമന്ത്രിയായി. തിരു-കൊച്ചി സംയോജനം സംബന്ധിച്ച് ഇന്ത്യാഗവണ്‍മെന്റ് നിയമിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു. തിരു-കൊച്ചി സംയോജനത്തെത്തുടര്‍ന്ന് പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ഇദ്ദേഹം അതിലംഗമായി. 1952-ലെ പൊതുതെരഞ്ഞെടുപ്പില്‍ തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. തുടര്‍ന്ന് എ.ജെ. ജോണ്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. 1953-ല്‍ ജനീവയില്‍ ചേര്‍ന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സമ്മേളനത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. 1954-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും തിരു-കൊച്ചി നിയമസഭാംഗമായി. സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയെ മന്ത്രിസഭയുണ്ടാക്കുവാന്‍ പിന്തുണച്ചു. ഈ മന്ത്രിസഭയ്ക്കുശേഷം 1955-ല്‍ പനമ്പിള്ളി മുഖ്യമന്ത്രിയായി തിരു-കൊച്ചിയില്‍ പുതിയൊരു മന്ത്രിസഭ നിലവില്‍വന്നു. 1956-മാ.-ല്‍ ഈ മന്ത്രിസഭ രാജിവച്ചു. ഐക്യകേരള രൂപീകരണത്തെത്തുടര്‍ന്ന് 1957-ല്‍ കേരള നിയമസഭയിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജയപ്പെട്ടു. വിമോചന സമരത്തിന് ഇദ്ദേഹം നേതൃത്വം നല്കി. 1961-ല്‍ മൂന്നാം ധനകാര്യ കമ്മീഷനില്‍ അംഗമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 1962-ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം ലോകസഭാംഗമായി. 1963-ല്‍ ബല്‍ഗ്രേഡില്‍ നടന്ന ഇന്റര്‍പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം നേതാവായിരുന്നു. 1964-ല്‍ പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ ചെയര്‍മാനായി.

1966 ജനു.-ല്‍ ഗോവിന്ദമേനോന്‍ കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യകാര്യ സഹമന്ത്രിയായി. 1966-ല്‍ സിയൂളില്‍ നടന്ന ഭക്ഷ്യകാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം നേതാവായിരുന്നു. 1967-ല്‍ ഇദ്ദേഹം രണ്ടാം പ്രാവശ്യം ലോകസഭാംഗമായി. അതേ വര്‍ഷം മാ.-ല്‍ നിയമകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് മന്ത്രിയായി. 1968 ആഗ.-ല്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ കൂടി മന്ത്രിയായി. 1969 നവംബറില്‍ റാം സുഭഗ്സിങ്ങിന്റെ രാജിയെത്തുടര്‍ന്ന് റെയില്‍വകുപ്പിന്റെ ചുമതലകൂടി ഏറ്റെടുത്തു. ബാങ്ക് ദേശസാത്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പ്രധാന നിയമനിര്‍മാണ നടപടികള്‍ക്ക് നേതൃത്വം നല്കി.

ആദ്യകാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന ഗോവിന്ദമേനോന്‍ എറണാകുളത്തും പരിസരത്തുമുള്ള നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് നേതൃത്വം നല്കിയിരുന്നു. തൃശൂര്‍ സീതാറാം മില്‍സമരത്തിനു നേതൃത്വം നല്കി. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ശിഷ്യനാണ് കെ. കരുണാകരന്‍. മന്ത്രിയായിരിക്കെ വിദ്യാഭ്യാസരംഗത്ത് സമൂല പരിഷ്കരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും ഭാഷാധ്യാപകര്‍ക്കും ആനുകൂല്യം നല്കാന്‍ തീരുമാനമെടുത്തു. വെയ്ജ് ബോര്‍ഡ്, ബോണസ് നിയമം എന്നിവ നടപ്പാക്കുന്നതില്‍ ശ്രദ്ധിച്ചു. പ്രഗല്ഭനായ അഭിഭാഷകനും വാഗ്മിയും പാര്‍ലമെന്റേറിയനും ആയിരുന്ന ഇദ്ദേഹം കലാ-സാഹിത്യ പരിപോഷകന്‍ കൂടിയായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, സമസ്ത കേരള സാഹിത്യപരിഷത്ത് എന്നീ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിയോടൊപ്പം നിലയുറപ്പിച്ചു. കേന്ദ്രമന്ത്രിയായിരിക്കെ 1970 മേയ് 23-നു ഡല്‍ഹിയില്‍ അന്തരിച്ചു.

(എ.വി. പോണ്‍സണ്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍