This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പിഷാരടി, ചെറുകാട് (1914 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദപ്പിഷാരടി, ചെറുകാട് (1914 - 76)

ചെറുകാട് ഗോവിന്ദപ്പിഷാരടി

മലയാളസാഹിത്യകാരന്‍. പട്ടാമ്പിയിലെ ചെമ്മലശ്ശേരിയില്‍ ചെറുകാട് പിഷാരത്തില്‍ 1914 ആഗ. 26-നു ജനിച്ചു. പിതാവ് കീഴിട്ടില്‍ പിഷാരത്ത് കരുണാകരപ്പിഷാരടിയും മാതാവ് നാരായണി പിഷാരസ്യാരും. നന്നേ ചെറുപ്പത്തില്‍ത്തന്നെ സംസ്കൃത കാവ്യങ്ങളും അഷ്ടാംഗഹൃദയവും പഠിച്ചു. മലയാളത്തിലും സംസ്കൃതത്തിലും വിദ്വാന്‍ പരീക്ഷ പാസായി. പുലാമന്തോള്‍ യുവജനസംഘത്തിലെ സജീവപ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആദ്യം കോണ്‍ഗ്രസ്സിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. പാവറട്ടി സാഹിത്യ ദീപികാ സംസ്കൃത കോളജിലും പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളജിലും പ്രൊഫസറായി ജോലി നോക്കി. പാര്‍ട്ടി പ്രവര്‍ത്തനം കാരണം അധ്യാപകവൃത്തിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. അച്ഛന്റെ അനന്തരവളായ ലക്ഷ്മിക്കുട്ടിയെ 1936 ഒ. 28-നു ചെറുകാട് വിവാഹം ചെയ്തു. 1970-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. തൃശൂര്‍ നവജീവനിലും കോഴിക്കോട് ദേശാഭിമാനിയിലും എറണാകുളം നവലോകത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചെറുകാട്, മലങ്കാടന്‍, ആസാദ് എന്നീ തൂലികാനാമങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ ഗോവിന്ദപ്പിഷാരടി രചിച്ചിട്ടുണ്ട്. ആരാധന, തിരമാല, അന്ത:പുരം തുടങ്ങി ഏഴു കവിതാസമാഹാരങ്ങള്‍; മുദ്രമോതിരം, ചെറുകാടിന്റെ കഥകള്‍ തുടങ്ങി എട്ടു കഥാസമാഹാരങ്ങള്‍; നമ്മളൊന്ന്, തറവാടിത്തം തുടങ്ങി പതിനഞ്ചു നാടകങ്ങള്‍; മുത്തശ്ശി, മണ്ണിന്റെ മാറില്‍, ശനിദശ, ദേവലോകം, തുടങ്ങി ആറു നോവലുകള്‍ എന്നിവ കൃതികളില്‍പ്പെടുന്നു. കിസാന്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ മലബാറിലെ ജന്മി സമ്പ്രദായത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുടിയാന്മാര്‍ നടത്തിയ ഭൂപ്രക്ഷോഭണത്തിന്റെ വിജയം ചിത്രീകരിക്കുന്ന നമ്മളൊന്ന് സോഷ്യലിസ്റ്റ് റിയലിസ പ്രവണത പ്രകാശിപ്പിക്കുന്ന ഒരു രാഷ്ട്രീയ നാടകമാണ്. ആത്മകഥാപരമായ ജീവിതപ്പാതയ്ക്ക് 1976-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി.

1976 ഒ. 28-നു ഗോവിന്ദപ്പിഷാരടി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍