This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോവിന്ദന്‍ നായര്‍, എം.എന്‍. (1910 - 84)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗോവിന്ദന്‍ നായര്‍, എം.എന്‍. (1910 - 84)
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയും. വി.ആര്‍. നാരായണ പണിക്കരുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും പുത്രനായി 1910 ഡി. 10-നു പന്തളത്തു ജനിച്ചു. 1926-ല്‍ മാവേലിക്കര ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസായി. ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നും 1929-ല്‍ ഇന്റര്‍മീഡിയറ്റും 1934-ല്‍ മഹാരാജാസ് കോളജില്‍ നിന്നും ബിരുദവും നേടി. ലാ കോളജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല.
പന്തളത്തെ എന്‍.എസ്.എസ്. സ്കൂളില്‍ 1929 മുതല്‍ 1932 വരെ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. അക്കാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരു സജീവപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. തൊട്ടുകൂടായ്മ, ജാതിവ്യവസ്ഥ തുടങ്ങിയ സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ ഒരു വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രംഗത്തിറങ്ങി. ഹരിജനോദ്ധാരണം ലക്ഷ്യമാക്കി തന്റെ ജന്മദേശത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചു. ഗോവിന്ദന്‍നായരുടെ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജി സന്തുഷ്ടി പ്രകടിപ്പിച്ചു. തുടര്‍ന്ന് വാര്‍ധാ ആശ്രമത്തില്‍നിന്നും സാമൂഹിക, ദേശീയകാര്യങ്ങളില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി. തിരികെ വന്ന ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഹരിജന സേവകസംഘത്തിന്റെയും സജീവപ്രവര്‍ത്തകനായി 1933 മുതല്‍ 36 വരെ പ്രവര്‍ത്തിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കൊല്ലത്ത് 1945-ല്‍ കശുവണ്ടി തൊഴിലാളി പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുവിതാംകൂറിലുണ്ടായ മിക്ക തൊഴിലാളി പ്രക്ഷോഭണങ്ങളിലും പങ്കെടുക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1948-ല്‍ തടവുചാടിയ ഗോവിന്ദന്‍ നായര്‍ ഒളിവില്‍ക്കഴിഞ്ഞു.
1952-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരു-കൊച്ചി സംസ്ഥാന നിയമസഭാംഗമായി. 1957-ല്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ എം.എന്‍. ഗോവിന്ദന്‍ നായരായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി. 1956 മുതല്‍ 1967 വരെ രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 1967 മുതല്‍ മന്ത്രിസഭ രാജിവയ്ക്കുന്നതുവരെ കൃഷി, വിദ്യുച്ഛക്തി എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1970-ല്‍ സംസ്ഥാന നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1970 മുതല്‍ 1977 വരെ ഗതാഗത-വിദ്യുച്ഛക്തി വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1977-ല്‍ ലോക്സഭാംഗമായി. അവിടെ പാര്‍ട്ടി നേതാവായി. രാജ്യാഭിമാനിയുടെ എഡിറ്റര്‍, യുവകേരളത്തിന്റെ സംഘാടകന്‍ എന്നീ നിലകളിലും 1955 മുതല്‍ 1957 വരെ ജനയുഗം പബ്ലിക്കേഷന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സര്‍ദാര്‍ കെ.എം. പണിക്കരുടെ പുത്രിയായ ദേവകി അമ്മയാണ് ഭാര്യ. 1984 ന. 27-ന് എം.എന്‍. മരണമടഞ്ഞു.
(ഡോ. കെ.കെ. കുസുമന്‍)