This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോര്‍ക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:37, 3 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോര്‍ക്കി

Gorky

റഷ്യയിലെ ഒരു നഗരം. 1990-ല്‍ സോവിയറ്റുയൂണിയന്റെ ശിഥിലീകരണത്തോടെ ഇതിന്റെ പേര് നിഷ്നി നോവ്ഗൊറോഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഗോര്‍ക്കി ഭരണമേഖലയുടെ തലസ്ഥാനമായിരുന്ന ഗോര്‍ക്കി നഗരത്തിന് വലുപ്പത്തില്‍ അക്കാലത്ത് സോവിയറ്റ് യൂണിയനിലെ നഗരങ്ങളില്‍ മൂന്നാം സ്ഥാനമായിരുന്നു. വോള്‍ഗാ, ഓക്കാ എന്നീ നദികളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഈ നഗരം റഷ്യയിലെ ഒരു പ്രമുഖ വ്യവസായ കേന്ദ്രം കൂടിയാണ്.

1221-ല്‍ വ്ളാദിമീറിലെ രാജകുമാരനായ യൂറി ദെവലദോവിച്ച് നിര്‍മിച്ചതാണ് ഈ നഗരം. ബള്‍ഗേറിയക്കാര്‍ക്കെതിരെയുള്ള യുദ്ധവിരാമസമയത്ത് ഒരു അതിര്‍ത്തി സംരക്ഷണനിലയമായി ഇതു നിര്‍മിക്കപ്പെട്ടു. അതിനുശേഷം താര്‍ത്തര്‍മാരുമായുള്ള നീണ്ട പോരാട്ടത്തിലും അതിര്‍ത്തി സംരക്ഷണനിലയമായിത്തന്നെ ഇവിടം വര്‍ത്തിച്ചിരുന്നു. 1350 ആയപ്പോഴേക്കും ഗോര്‍ക്കി നഗരം സുസ്ദാല്‍-നിഷ്നി നവ്ഗൊരോദിന്റെ തലസ്ഥാനമായി. മോസ്കോ നഗരത്തോളം വികാസം പ്രാപിച്ച ഗോര്‍ക്കി നഗരം, മോസ്കോയുടെ പ്രഭാവത്തിന് മങ്ങലേല്പിക്കുകയുണ്ടായി. 1392-ല്‍ ഗോര്‍ക്കി മോസ്കോയുമായി ചേര്‍ന്നു. 1552-ലെ കസാമുമായുള്ള യുദ്ധത്തിന്റെ ആസ്ഥാനം ഗോര്‍ക്കി നഗരമായിരുന്നു. ലഹള സമയത്ത് ഇവിടം സ്വദേശസ്നേഹികളുടെ ഒരു കേന്ദ്രമായി വര്‍ത്തിച്ചു. 1611-ല്‍ മോസ്കോയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചതും ഇവിടെത്തന്നെ. കസാമിനു മേല്‍ സാമ്പത്തികോപരോധം ഏര്‍പ്പെടുത്തുന്നതിനായി 1525-ല്‍ ആരംഭിച്ച വാര്‍ഷിക വില്പനമേള ഗോര്‍ക്കി നഗരത്തെ ഒരു സുപ്രധാന വാണിജ്യകേന്ദ്രമായി മാറ്റുന്നതിന് സഹായകമായി. 1929-ല്‍ ഈ മേള നിര്‍ത്തല്‍ ചെയ്തു.

റഷ്യയിലെ ഒരു പ്രധാന വ്യവസായകേന്ദ്രമായ ഈ നഗരത്തിന്റെ വ്യാവസായിക പുരോഗതിക്ക് തുടക്കം കുറിച്ചത് 19-ാം ശ.-ത്തിന്റെ ആരംഭകാലത്തായിരുന്നു. ബൃഹത്തായ ആട്ടൊമൊബൈല്‍ പ്ലാന്റുകളടക്കം അനേകം എന്‍ജീനിയറിങ് വ്യവസായങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡീസല്‍ മോട്ടോര്‍ നിര്‍മാണശാല, യന്ത്രനിര്‍മാണശാല, ഗ്ലാസ്സ്, തടി ഉത്പന്ന നിര്‍മാണശാലകള്‍, ഭക്ഷ്യ വ്യവസായശാലകള്‍ തുടങ്ങി ചെറുതും വലുതുമായി അനേകം സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇവിടത്തെ കാര്‍നിര്‍മാണശാലയും കപ്പല്‍നിര്‍മാണശാലയും റഷ്യയിലെ തന്നെ ഇത്തരത്തിലുള്ള വ്യവസായ ശാലകളുടെ മുന്‍പന്തിയിലാണ്.

ഒരു പ്രധാന ഗതാഗതകേന്ദ്രം കൂടിയാണ് ഗോര്‍ക്കി. റഷ്യയിലെ ഏറ്റവും വലിയ ജലഗതാഗതകേന്ദ്രമായ ഇവിടെ തീവണ്ടിഗതാഗതവും ഏറെ വികസിതമാണ്. ഒരു വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസസൗകര്യങ്ങളുടെ ലഭ്യതയിലും ഗോര്‍ക്കി നഗരം ഒട്ടും പിന്നിലല്ല. 1918-ല്‍ ഇവിടെ ആദ്യത്തെ സര്‍വകലാശാല സ്ഥാപിതമായി. ഒരു പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കു പുറമേ ഉന്നതവിദ്യാഭ്യാസസൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്.

കലാ-സാംസ്കാരികരംഗത്തും ഏറെ മുന്നിലാണ് ഈ നഗരം. 1798-ല്‍ ഇവിടെ സ്ഥാപിതമായ നാടകശാല ശ്രദ്ധേയമാണ്. 17-19 ശ.-ങ്ങളില്‍ നിര്‍മിച്ചവയാണ് ഇവിടത്തെ ദേവാലയങ്ങള്‍. രണ്ടാം ലോകയുദ്ധകാലത്ത് ഒരു പട്ടാളത്താവളം കൂടിയായിരുന്നു ഈ നഗരം.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍