This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപീകൃഷ്ണ (1935 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപീകൃഷ്ണ (1935 - 94)

കഥക് നര്‍ത്തകന്‍, കഥക് നൃത്തത്തിലെ മാന്ത്രികനായ ഈ കലാകാരന്‍ രാധാകൃഷ്ണ സോനാലിയുടെയും താരാദേവിയുടെയും പുത്രനായി 1935 ആഗ. 22-നു കൊല്‍ക്കത്തയില്‍ ജനിച്ചു. വാരാണസിയാണ് സ്വദേശം. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മുംബൈയിലെത്തി. വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും മുംബൈയിലാണ്. സീനിയര്‍ കേംബ്രിജ് വരെ പഠിച്ചു. നാലാം വയസ്സില്‍ നൃത്തപഠനം ആരംഭിച്ചു. അമ്മയുടെ അച്ഛന്‍ സുഖദേവ് മഹാരാജാവായിരുന്നു ഗുരു. ദിവസത്തില്‍ എട്ടു മണിക്കൂര്‍ കഠിനാഭ്യാസം ചെയ്തിരുന്നു. കഥക് നൃത്താഭ്യസനത്തിനും അത് ലോകവ്യാപകമായി അവതരിപ്പിക്കുന്നതിനും വേണ്ടി അന്‍പതു വര്‍ഷത്തോളം ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

ഹിന്ദി സിനിമാരംഗത്തെ പ്രമുഖസംവിധായകനായ ശാന്താറാം 1955-ല്‍ രാജ്കമലിന്റെ ബാനറില്‍ പുറത്തിറക്കിയ 'ഝനക് ഝനക് പായല്‍ ബാജേ' എന്ന നൃത്ത സംഗീതവര്‍ണ ചിത്രത്തിലെ മുഖ്യ നര്‍ത്തകനടന്‍ ഗോപീകൃഷ്ണയായിരുന്നു. ഗോപീകൃഷ്ണയും സന്ധ്യയും ഇവരുടെ ഗുരുവായി വരുന്ന കേശവറാവു ദത്തേയുമായിരുന്നു ഈ ചിത്രത്തിലെ മുഖ്യഅഭിനേതാക്കള്‍. നടന്‍ എന്ന നിലയിലുള്ള പ്രകടനത്തെക്കാള്‍ പാദചലനങ്ങള്‍കൊണ്ട് രാഗങ്ങള്‍ മീട്ടാന്‍ പ്രാപ്തിയുള്ള ഒന്നാംകിട കഥക് നര്‍ത്തകന്‍ എന്ന നിലയില്‍ ഗോപീകൃഷ്ണ ഈ ചിത്രത്തിലൂടെ അനശ്വരനായി മാറി. ഭാരതത്തിലും വിദേശത്തും ഇതോടെ ഇദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. 'മുഗള്‍-ഏ-ആസം' എന്ന പ്രശസ്ത ഹിന്ദി ചിത്രത്തിലെ ഇദ്ദേഹത്തിന്റെ നൃത്ത പ്രകടനവും മികച്ചതായിരുന്നു.

നൃത്തസംവിധായകന്‍ എന്ന നിലയിലും ഗോപീകൃഷ്ണ പ്രശസ്തനായി. ദിലീപ് കുമാര്‍ അഭിനയിച്ച 'സഖി' ആയിരുന്നു ഇദ്ദേഹം നൃത്തസംവിധാനം നിര്‍വഹിച്ച ആദ്യചിത്രം. അന്ന് ഹിന്ദി ചലച്ചിത്രവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ നൃത്തസംവിധായകന്‍ എന്ന ഖ്യാതിയും നേടി. തുടര്‍ന്ന് എണ്ണൂറോളം ഹിന്ദി സിനിമകള്‍ക്ക് ഇദ്ദേഹം നൃത്തസംവിധാനം നിര്‍വഹിക്കുകയുണ്ടായി.

1994 ഫെ. 18-ന് ഗോപീകൃഷ്ണ മുംബൈയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍