This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗേ-ലൂസാക്, യൊസേഫ് ലൂയി (1778 - 1850)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗേ-ലൂസാക്, യൊസേഫ് ലൂയി (1778 - 1850)
Gay-Lussac, Joseph Louis
ഫ്രഞ്ച് ശാസ്ത്രജ്ഞന്‍. വാതകാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രണേതാവാണ് രസതന്ത്രജ്ഞന്‍, ഊര്‍ജതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടിയ ഗേ-ലൂസാക്. 1778 ഡി. 6-നു വിയന്നയിലെ സെന്റ് ലിയോനാര്‍ഡില്‍ ജനിച്ചു. പിതാവ് ആന്റോയിന്‍ ഗേ ജഡ്ജിയായിരുന്നു. ജന്മസ്ഥലത്തിനു സമീപമുള്ള ലൂസാക് എന്ന തോട്ടത്തിന്റെ പേരുകൂടി അദ്ദേഹം പുത്രന്റെ പേരോട് ചേര്‍ത്തു. മറ്റ് ഗേ നാമക്കാരില്‍ നിന്നും പുത്രനെ വേര്‍തിരിച്ചറിയാനായിരുന്നു ഇത്. ക്ലൗദേലൂയി ബര്‍ത്ലറ്റ് എന്ന ശാസ്ത്രജ്ഞന്റെ കീഴില്‍ പാരിസിലെ എകോള്‍ പോളിടെക്നിക്കിലാണ് ഇദ്ദേഹം പഠനം നടത്തിയത്. പഠനത്തോടൊപ്പം ബര്‍ത്ലറ്റിന്റെ ഗവേഷണങ്ങളെ സഹായിക്കുകയും ചെയ്തു. 1800-ല്‍ ബിരുദം നേടി. 1802-ല്‍ അവിടെത്തന്നെ ഡെമോണ്‍സ്ട്രേറ്ററായി നിയമിക്കപ്പെട്ടു. 1810-ല്‍ പ്രൊഫസറായി. 1808-32 കാലങ്ങളില്‍ ഇദ്ദേഹം സൊര്‍ബോണിലെ ഊര്‍ജതന്ത്രത്തിന്റെ അധ്യക്ഷപദവിയും അലങ്കരിക്കുകയുണ്ടായി.
ഗേ-ലൂസാക്കിന്റെ കാലത്ത് രസതന്ത്രം ശൈശവദശയിലായിരുന്നു. രസതന്ത്ര സിംബലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. ഗേ-ലൂസാക്കിന്റെ കണ്ടുപിടുത്തങ്ങള്‍ രസതന്ത്ര ശാഖയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കി. പരീക്ഷണരീതിയും വികസിപ്പിച്ചു. ജെ. എ. സി. ചാള്‍സിനെപ്പോലെ വാതകാവസ്ഥയെക്കുറിച്ച് ഗേ-ലൂസാക്കും പഠനങ്ങള്‍ നടത്തി. രണ്ടുപേരും ഒരേ തത്ത്വമാണ് ആവിഷ്കരിച്ചത്. മര്‍ദം സ്ഥിരമാണെങ്കില്‍ വാതകങ്ങളെല്ലാം വികസിക്കുമ്പോള്‍ താപനില ഒരേ രീതിയിലാണു മാറുക എന്ന തത്ത്വം ചാള്‍സിനെപ്പോലെ ഗേ-ലൂസാക്കും തെളിയിച്ചു (നോ: ചാള്‍സ് നിയമം). വാതകങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളെപ്പറ്റി ആദ്യത്തെ പരിമാണാത്മക ഗവേഷണങ്ങള്‍ നടത്തിയത് ഗേ-ലൂസാക്കായിരുന്നു. വാതക പദാര്‍ഥങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രതിപ്രവര്‍ത്തകങ്ങളും ഉത്പന്നങ്ങളുമായ വാതകങ്ങളുടെ വ്യാപ്തങ്ങള്‍ ഇദ്ദേഹം അളന്നുനോക്കി. മര്‍ദവും താപനിലയും സ്ഥിരമാണെങ്കില്‍, അന്യോന്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വാതകങ്ങള്‍ തമ്മില്‍ തമ്മിലും വാതകരൂപത്തിലുള്ള ഉത്പന്നങ്ങളുമായും എപ്പോഴും ലഘുപൂര്‍ണസംഖ്യാ അനുപാതത്തിലായിരിക്കും എന്ന ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ സംയോജന വ്യാപ്തനിയമം അഥവാ ഗേ-ലൂസാക് രാസനിയമം എന്നറിയപ്പെടുന്നു.
1808-ല്‍ ഗേ-ലൂസാക് രസതന്ത്രജ്ഞനായ ലൂയിസ് തെനാര്‍ഡിനൊപ്പം പ്രവര്‍ത്തിച്ചു. ഹംഫ്രി ഡേവി സോഡിയവും പൊട്ടാസ്യവും അല്പ തോതില്‍ വേര്‍തിരിച്ചെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ഇരുവരും ചേര്‍ന്ന് 1808-ല്‍ വലിയ തോതില്‍ ഈ ലോഹങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്ന് പുതിയൊരു മൂലകം വേര്‍തിരിച്ചെടുക്കുകയും അതിന് ബോറോണ്‍ എന്ന് പേരു നല്കുകയും ചെയ്തു. ബര്‍നാര്‍ഡ് കൂര്‍ത്വ വേര്‍തിരിച്ചെടുത്ത വസ്തു ക്ലോറിനു സമാനമായ ഒന്നാണെന്ന് 1813-ല്‍ ഹംഫ്രി ഡേവിയോടൊപ്പംതന്നെ ഗേ-ലൂസാക്കും പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ഗ്രീക്കില്‍ വയലറ്റ് എന്ന അര്‍ഥമുള്ള 'അയൊഡ്' എന്ന പദത്തില്‍ നിന്നും നിഷ്പാദിപ്പിച്ചെടുത്ത അയഡിന്‍ എന്ന പേര് ഗേ-ലൂസാക് ഈ പദാര്‍ഥത്തിനു നല്കി. 1815-ല്‍ ഇദ്ദേഹം സയനൊജന്‍ നിര്‍മിച്ചു. എല്ലാ അമ്ലങ്ങള്‍ക്കും ഓക്സിജന്‍ അവശ്യഘടകമാണെന്ന ലാവോസിയറുടെ സിദ്ധാന്തത്തെ ഗേ-ലൂസാക് തിരുത്തുകയുണ്ടായി. ഹൈഡ്രജനും സയനൊജനും ചേര്‍ന്നാണ് പ്രസിക് (prussic) അമ്ലം-ഹൈഡ്രജന്‍ സയനൈഡ് ഉണ്ടാകുന്നതെന്ന് ഇദ്ദേഹം തെളിയിച്ചതോടെയാണ് ലാവോസിയറുടെ സിദ്ധാന്തം തകര്‍ന്നത്.
കിണ്വനം, അതിശീതളന (super cooling) പ്രക്രിയ, ലായനിയിലെ ആലം ക്രിസ്റ്റലുകളുടെ വളര്‍ച്ച, സള്‍ഫര്‍ യൌഗികങ്ങള്‍, നൈട്രജന്റെ ഓക്സീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഗേ-ലൂസാക് പഠനങ്ങള്‍ നടത്തി.
1827-ല്‍ ഇദ്ദേഹം ഗേ-ലൂസാക് ടവര്‍ സംവിധാനം ചെയ്തു. ലെഡ് ചേംബര്‍ പ്രക്രിയ വഴി സള്‍ഫ്യൂറിക് അമ്ലം ഉത്പാദിപ്പിക്കുമ്പോള്‍ നൈട്രജന്റെ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുകയായിരുന്നു പതിവ്. ഗേ- ലൂസാക് ടവറില്‍ അതിന്റെ ആഗിരണത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഈ ടവറോ ഇതിനെ വിപുലപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളോ ഇന്നും ചില രാസവ്യവസായ ശാലകളില്‍ ഉപയോഗിക്കാറുണ്ട്.
അവസാനകാലങ്ങളില്‍ പരീക്ഷണപദ്ധതികള്‍ പരിപോഷിപ്പിക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുകയും ആധുനിക വ്യാപ്ത വിശ്ലേഷണത്തിന് അടിസ്ഥാനമിടുകയും ചെയ്തു. വ്യക്തിപരമായി നിര്‍വികാരനും അന്തര്‍മുഖനുമായിരുന്നുവെങ്കിലും ഗവേഷകനെന്നനിലയില്‍ ഇദ്ദേഹം ദൃഢചിത്തനും ഉത്സാഹിയുമായിരുന്നു. 1850 മേയ് 9-ന് പാരിസില്‍വച്ച് മരിക്കുന്നതിനു തൊട്ടുമുമ്പുപോലും തനിക്കു നിര്‍വഹിക്കാന്‍ കഴിയാതെപോയ പരീക്ഷണങ്ങളെ ഓര്‍ത്ത് ഇദ്ദേഹം വ്യാകുലപ്പെട്ടിരുന്നു.