This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഗ്ഗുലു (ഗുല്ഗുലു)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഗ്ഗുലു (ഗുല്ഗുലു)

ബര്‍സിറേസി സസ്യകുലത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. കോമ്മിഫോറാ മുകുള്‍ (Commiphora mukul). വ്യാധികളില്‍ നിന്നും രക്ഷിക്കുന്നത് എന്നര്‍ഥം വരുന്ന 'ഗുഗ്ഗുലും' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ഗുഗ്ഗുലു എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മഹിഷാക്ഷം, മഹാനീലം, കുമുദം, പദ്മം, ഹിരണ്യം എന്നിങ്ങനെ അഞ്ചിനം ഗുഗ്ഗുലു ഉണ്ടെന്നാണ് ആയുര്‍ വേദ ശാസ്ത്രജ്ഞരും സസ്യശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. ഇവയില്‍ ഹിരണ്യം മാത്രമാണ് ഔഷധമായി ഉപയോഗിക്കപ്പെടുന്നത്. സൂര്യപ്രകാശമേല്ക്കുന്നതും വരണ്ടതുമായ സ്ഥലങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയത്. ആഫ്രിക്കയില്‍ ഇവ ധാരാളമായി വളരുന്നു. ഇന്ത്യയില്‍ രാജസ്ഥാന്‍ വനങ്ങളാണു ഗുഗ്ഗുലുവിന്റെ വിളഭൂമി. ബംഗാളിലും അസമിലും കര്‍ണാടകയിലും ഈ സസ്യം ധാരാളമായി വളരുന്നുണ്ട്.

രണ്ടരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ പ്രധാനകാണ്ഡം വളഞ്ഞിരിക്കും. തടിക്കു ബലം കുറവാണ്. ഇളം ശാഖകള്‍ വെള്ളലോമങ്ങള്‍കൊണ്ടു പൊതിഞ്ഞിരിക്കും. ഓരോ ശാഖാഗ്രവും ഓരോ മുള്ളിലാണ് അവസാനിക്കുന്നത്. ശാഖകള്‍ വെളുത്തതും കട്ടികുറഞ്ഞതുമായിരിക്കും. ഇലകള്‍ക്ക് ഏകാന്തരന്യാസമാണ്. ഇവയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ ആവൃത പത്രകങ്ങളുണ്ട്. ഓരോ പത്രകവും മിനുസമുള്ളതും നീണ്ടുകൂര്‍ത്തതുമായിരിക്കും. ഇവയുടെ അരികുകള്‍ ദന്തുരങ്ങളാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു. ഒരു വൃന്തത്തില്‍ ചുവപ്പു നിറത്തിലുള്ള രണ്ടോ മൂന്നോ പുഷ്പങ്ങളുണ്ടാകും. ബാഹ്യദളപുടവും ദളപുടവും പഞ്ചപാളിതമാണ്. 8-10 കേസരങ്ങളുണ്ട്. ഇവ ഒന്നിടവിട്ട് വലുതും ചെറുതുമായിരിക്കും. അണ്ഡാശയം അധോമുഖഅണ്ഡാകാരത്തിലുള്ളതാണ്. മാംസളമായ ഡ്രൂപ്പാണ് കായ. ഇത് പാകമാകുമ്പോള്‍ കടും ചുവപ്പു നിറമായിരിക്കും.

വൃക്ഷത്തിന്റെ തടിയില്‍ നിന്നെടുക്കുന്ന പശ, റെസിന്‍, ലഘുതൈലം എന്നിവ ഉപയോഗപ്രദമാണ്. പശയാണ് ഔഷധമായി ഉപയോഗിച്ചുവരുന്നത്. ഗുഗ്ഗുലുവില്‍ ബാഷ്പീകരണശീലമുള്ള എണ്ണയും കയ്പുരസമുള്ള മറ്റൊരുഘടകവും അടങ്ങിയിട്ടുണ്ട്.

വേദന കുറയ്ക്കാനുള്ള മരുന്നുകളുണ്ടാക്കാന്‍ ഗുഗ്ഗുലു ഉപയോഗിക്കുന്നു. ഇതിന്റെ പുകയ്ക്ക് രോഗാണുനാശകശക്തിയുണ്ട്. വ്രണങ്ങള്‍ എളുപ്പത്തില്‍ ഉണങ്ങാന്‍ ഇതിന്റെ പുക തട്ടിക്കാറുണ്ട്. ഗുഗ്ഗുലു അധികമായി ഉപയോഗിച്ചാല്‍ ശരീരകോശങ്ങള്‍ക്ക് നാശം സംഭവിക്കും. ശുദ്ധി ചെയ്യാത്ത ഗുഗ്ഗുലു ഉള്ളില്‍ കഴിച്ചാല്‍ ചുട്ടു നീറ്റല്‍ അനുഭവപ്പെടും. വാതപിത്തകഫാദി ത്രിദോഷശമനിയാണു ഗുഗ്ഗുലു. മേദസ് വര്‍ധിച്ചുണ്ടാകുന്ന രോഗങ്ങള്‍ക്കും രക്തസമ്മര്‍ദത്തിനും ഇതു ഫലപ്രദമാണ്. ഗുഗ്ഗുലു രക്തത്തിലെ കൊളസ്റ്ററോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആധുനിക പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍