This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ഫോര്‍ഡ്, ജെ.പി. (1897 - 1987)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗില്‍ഫോര്‍ഡ്, ജെ.പി. (1897 - 1987)

Guilford, J.P

അമേരിക്കന്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍. നെബ്രാസ്ക്ക സംസ്ഥാനത്തുള്ള മാര്‍ഗറ്റില്‍ എഡ്വിന്‍ അഗസ്റ്റിന്‍ ഗില്‍ഫോര്‍ഡിന്റെയും ആര്‍വില്ല മണ്‍റോവിന്റെയും പുത്രനായി 1897 മാ. 7-ന് ജനിച്ചു. നെബ്രാസ്ക്കയിലെ അറോറ ഹൈസ്കൂള്‍, നെബ്രാസ്ക്ക സര്‍വകലാശാല, കോര്‍ണല്‍ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോക്ടര്‍ ഒഫ് ഫിലോസഫി (Ph.D); ഡോക്ടര്‍ ഒഫ് ലോസ് (LL.D.); ഡോക്ടര്‍ ഒഫ് സയന്‍സ് (Sc.D.) തുടങ്ങിയ ഉന്നത ബിരുദങ്ങള്‍ ഇദ്ദേഹം നേടി.

1926-ല്‍ ഇല്ലിനോയ് സര്‍വകലാശാലയില്‍ മനഃശാസ്ത്ര അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1927-ല്‍ കാന്‍സാസ് സര്‍വകലാശാലയില്‍ മനഃശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി നിയമിതനായി. 1928 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ നെബ്രാസ്ക്കാ സര്‍വകലാശാലയുടെ മനഃശാസ്ത്രവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചു. 1940-42 കാലഘട്ടത്തില്‍ സൗത്ത് കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ മനഃശാസ്ത്രവിഭാഗം പ്രൊഫസര്‍ ആയിരുന്നു. 1942 മുതല്‍ 1946 വരെയുള്ള നാലുവര്‍ഷം അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ എയര്‍ഫോഴ്സ് വിഭാഗത്തില്‍ മനഃശാസ്ത്ര ഗവേഷണയൂണിറ്റിന്റെ ഡയറക്ടറായും ഏവിയേഷന്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ മനഃശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി ജോലി സ്വീകരിച്ചു. 1949 മുതല്‍ 1969 വരെ ഇതേ സര്‍വകലാശാലയില്‍ ആപ്റ്റിറ്റ്യൂഡ് റിസര്‍ച്ച് പ്രോജക്ടിന്റെ ഡയറക്ടറായി. 1949-50-ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡണ്ടായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ 'നാഷണല്‍ അക്കാദമി ഒഫ് സയന്‍സ്' അംഗമായും 1977-79-ല്‍ 'ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഇന്റലിജന്‍സ് എഡ്യൂക്കേഷന്റെ', പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. മനഃശാസ്ത്രരംഗത്തെ വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഗില്‍ഫോര്‍ഡിന്റെ മനഃശാസ്ത്രഗവേഷണഫലങ്ങള്‍ വിദ്യാഭ്യാസരംഗത്ത് പല പരിഷ്കാരങ്ങള്‍ക്കും കാരണമായി. മാനസിക കഴിവുകളെ കണ്ടുപിടിച്ചു വര്‍ഗീകരണം നടത്തുന്നതിനുവേണ്ടി ഗില്‍ഫോര്‍ഡ് ആവിഷ്കരിച്ച 'ബുദ്ധിഘടന' (structure of intellect) എന്ന മോര്‍ഫോളജിക്കല്‍ മോഡല്‍ മനഃശാസ്ത്രപഠനരംഗത്തെ ഒരു സുപ്രധാന രേഖയായി നിലകൊള്ളുന്നു. ഗില്‍ഫോര്‍ഡിന്റെ ഈ 'ബുദ്ധിഘടന' പദ്ധതിപ്രകാരം 120 മാനസിക കഴിവുകളെ വിവിധ തരത്തിലുള്ള മാനകങ്ങളുടെ സഹായത്താല്‍ കണ്ടുപിടിച്ചു വിലയിരുത്തുവാന്‍ കഴിയും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിവിധ കഴിവുകളുടെ ഏറ്റക്കുറച്ചില്‍ ആസ്പദമാക്കി വിദ്യാര്‍ഥികളെ വിവിധ കോഴ്സുകളിലേക്കു തിരഞ്ഞെടുത്ത് അനുയോജ്യമായ ശിക്ഷണം നല്കാവുന്നതാണ്. ഇത്തരം ശിക്ഷണത്തിലൂടെ മനുഷ്യന്റെ കഴിവുകളെ പൂര്‍ണമായി വികസിപ്പിച്ചു സാമൂഹികനന്മയ്ക്കു പ്രയോജനപ്പെടുത്താം എന്നാണ് ഗില്‍ഫോര്‍ഡിന്റെ നിഗമനം.

1927-ല്‍ റൂത്ത് ഷെറിഡന്‍ ബ്രൂക്കിനെ ഇദ്ദേഹം വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്. പ്രധാന കൃതികള്‍: സൈക്കോമെട്രിക് മെതെഡ് (1936), ജനറല്‍ സൈക്കോളജി (1940), ഫണ്‍ഡമെന്റല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍ സൈക്കോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ (1942), പെര്‍സണാലിറ്റി (1959), ദ് നേച്ചര്‍ ഒഫ് ഹ്യൂമന്‍ ഇന്റലിജന്‍സ് (1967), ദി അനാലിസിസ് ഒഫ് ഇന്റലിജന്‍സ് (1971), വേ ബിയോണ്‍ഡ് ദി ഐ ക്യൂ (1977), കോഗ്നിറ്റീവ് സൈക്കോളജി വിത്ത് എ ഫ്രെയിം ഒഫ് റെഫറന്‍സ് (1979).

1987 ന. 26 ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍