This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിയാസുദ്ദീന്‍ തുഗ്ലക്ക് (ഭ.കാ. 1320 - 25)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിയാസുദ്ദീന്‍ തുഗ്ലക്ക് (ഭ.കാ. 1320 - 25)

ഡല്‍ഹി ആസ്ഥാനമാക്കി ഇന്ത്യ ഭരിച്ച തുഗ്ലക്ക് വംശസ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പിതാവായ മാലിക് തുഗ്ലക്ക്, അടിമവംശ സുല്‍ത്താനായിരുന്ന ബാല്‍ബന്റെ (ഭ.കാ. 1266-86) കാലത്ത് ഇന്ത്യയില്‍ വരികയും അദ്ദേഹത്തിന്റെ അടിമയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഗിയാസുദ്ദീന്റെ മാതാവ് പഞ്ചാബിലെ ജാട്ട്വര്‍ഗത്തില്‍പ്പെട്ട ഒരു വനിതയായിരുന്നു. ഗാസിമാലിക് എന്നാണ് ഗിയാസുദ്ദീന്റെ ആദ്യത്തെ പേര്. ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചും ഇന്ത്യയില്‍ വന്ന കാലഘട്ടത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണകാലത്ത് (1296-1316) പഞ്ചാബിലെ ഗവര്‍ണറായ ഗിയാസുദ്ദീനായിരുന്നു വടക്കു പടിഞ്ഞാറന്‍ സംരക്ഷകസൈന്യത്തിന്റെ ചുമതല.

അലാവുദ്ദീന്‍ ഖില്‍ജിയുടെ നിര്യാണത്തിനുശേഷം ഡല്‍ഹി സുല്‍ത്താനായ കുത്ബുദ്ദീന്‍ മുബാറക് (ഭ.കാ. 1316-20) ദുര്‍ബലനായ ഒരു ഭരണാധികാരിയായിരുന്നു. ഇക്കാലത്ത് ഡല്‍ഹി ഭരണം പ്രധാനമന്ത്രിയായിരുന്ന ഖുസ്റേഖാന്റെ നിയന്ത്രണിത്തലായിരുന്നു. ഇദ്ദേഹത്തിന്റെ പ്രേരണയാല്‍ മുബാറക് വധിക്കപ്പെട്ടു. തുടര്‍ന്ന് ഖുസ്റേഖാന്‍, നാസിറുദ്ദീന്‍ ഖുസ്റോഷാ എന്ന പേരില്‍ സുല്‍ത്താനായി. ഈ അവസരത്തില്‍ പഞ്ചാബ് ഗവര്‍ണറായിരുന്ന ഗിയാസുദ്ദീന്‍ അലായ് പ്രഭുക്കന്മാരുടെ സഹകരണത്തോടെ ഖുസ്റോവിനെ വധിച്ചു. തുടര്‍ന്ന് 1320 സെപ്. 8-ന് ഗാസിമാലിക് ഗിയാസുദ്ദീന്‍ തുഗ്ലക്ക് ഷാ ഗാസി എന്ന പേരില്‍ ഡല്‍ഹി സുല്‍ത്താനായി. സുല്‍ത്താനായതിനുശേഷം വാറങ്കലിലെ കാകതീയ രാജാവ് പ്രതാപരുദ്രദേവന്‍ കക-നെ തോല്പിച്ചു. ഗുജറാത്തിലെ പര്‍വാരി ലഹള അടിച്ചമര്‍ത്തി. തുടര്‍ന്ന് ബംഗാളിലെ രാജാവായ ഗിയാസുദ്ദീന്‍ ബഹാദൂറിനെയും തുര്‍ഹട്ടിലെ രാജാവായ ഹരിസിംഹനെയും തോല്പിച്ചു.

ഭരണ വൈകല്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ഭരണം കാര്യക്ഷമമാക്കുന്നതിനും സുല്‍ത്താന്‍ യത്നിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പല നടപടികളും സ്വീകരിച്ചു. നിയമരഹിതമായ ദാനവസ്തുക്കള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടി. സത്യസന്ധരായ ഗവര്‍ണര്‍മാരെ പ്രവിശ്യകളില്‍ നിയമിച്ചു. കര്‍ഷകരെ സഹായിക്കുന്നതിന് നികുതിഭാരം ലഘൂകരിച്ചു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജലസേചനസൗകര്യം ഏര്‍പ്പെടുത്തുകയും തരിശുഭൂമികള്‍ കൃഷിയിടങ്ങളാക്കി മാറ്റുകയും ചെയ്തു. നീതിന്യായം, പൊലീസ് തുടങ്ങിയ ഭരണശാഖകളില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയ ഇദ്ദേഹം സാഹിത്യകാരന്മാര്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കുകയും അമീര്‍ ഖുസ്റോവിനെ (1253-1325) ആസ്ഥാന കവിയാക്കുകയും ചെയ്തു.

ഗിയാസുദ്ദീന്‍ തുഗ്ലക്ക് 1325-ല്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍