This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിബണ്‍, ജോണ്‍ എച്ച്. (1903 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിബണ്‍, ജോണ്‍ എച്ച്. (1903 - 73)

Gibbon, John H

അമേരിക്കന്‍ ശസ്ത്രക്രിയാവിദഗ്ധന്‍. ഹാര്‍ട്-ലങ് മെഷീന്‍ വികസിപ്പിച്ചെടുത്തത് ഇദ്ദേഹമാണ്. 1903 സെപ്. 29-ന് ഫിലഡല്‍ഫിയയില്‍ ജനിച്ചു. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നും 1923-ല്‍ ബിരുദം നേടി. 1927-ല്‍ ജഫേര്‍സണ്‍ മെഡിക്കല്‍ കോളജില്‍ നിന്നും എം.ഡി. എടുത്തശേഷം മാസച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ ജോലി ചെയ്യുന്ന കാലത്താണ് (1930) ഹാര്‍ട്-ലങ് മെഷീന്‍ സംവിധാനം ചെയ്യണം എന്ന ആശയം ഇദ്ദേഹത്തിലുദിച്ചത്. ഹൃദയവാല്‍വില്‍ തടസമുണ്ടായതുകൊണ്ടുള്ള ഹൃദ്രോഗംമൂലം മരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിയെ രാത്രി മുഴുവന്‍ അടുത്തിരുന്നു ശുശ്രൂഷിക്കുന്നവേളയില്‍ ഇത്തരം ഒരു യന്ത്രത്തിന്റെ ആവശ്യകത ഇദ്ദേഹത്തിന് ബോധ്യമാവുകയായിരുന്നു. അല്പനേരത്തേക്കു ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഒരു യന്ത്രത്തിനു വിട്ടുകൊടുത്താല്‍ ഹൃദയത്തിന്റെ കേടുപാടുകള്‍ ശസ്ത്രക്രിയ ചെയ്തു മാറ്റാവുന്നതേയുള്ളൂ എന്ന് ഇദ്ദേഹത്തിന് തോന്നി. ഹൃദയം തുറന്നു ശസ്ത്രക്രിയ ആരംഭിക്കണമെങ്കില്‍ ശരീരത്തില്‍നിന്നും വരുന്ന രക്തം സ്വീകരിച്ച് ശ്വാസകോശം വഴി അയയ്ക്കാനും ശ്വാസകോശത്തില്‍നിന്നും ശുദ്ധീകരിച്ചെത്തുന്ന രക്തത്തെ പമ്പുചെയ്തു പ്രധാന രക്തചംക്രമണപഥത്തിലേക്കെത്തിക്കാനും കഴിയുന്ന ഒരു യന്ത്രസമുച്ചയം ആവശ്യമായിരുന്നു. 1934-35 കാലത്ത് ഹാര്‍ട്-ലങ് മെഷീന്റെ പ്രാഥമിക പ്രവര്‍ത്തനരീതി മസാച്ചുസെറ്റ്സ് ആശുപത്രിയില്‍ വച്ചുതന്നെ ഗിബണ്‍ പരീക്ഷിച്ചുനോക്കി. പൂച്ചകളെയാണ് ഇതിനുപയോഗിച്ചത്. പരീക്ഷണശാലയിലേക്ക് ആവശ്യത്തിനു പൂച്ചകളെ ലഭിച്ചില്ലെങ്കില്‍ പന്നിയിറച്ചിയുമായി ബേക്കണ്‍ കുന്നുകളില്‍ രാത്രികാലങ്ങളില്‍ ഗിബണ്‍ തന്നെ പൂച്ചവേട്ടയ്ക്കിറങ്ങിയിരുന്നു.

തന്റെ ആദ്യകാലസംരംഭങ്ങളുടെ റിപ്പോര്‍ട്ട് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ തൊറാസിക് സര്‍ജറിയില്‍ അവതരിപ്പിച്ചപ്പോള്‍ (1937) കാര്യമായ പ്രതികരണം ഉണ്ടായില്ല. ഗിബണ്‍ തന്റെ നാട്ടിലേക്കു തിരിക്കുകയും യൂണിവേഴ്സിറ്റി ഒഫ് പെന്‍സില്‍വേനിയാ മെഡിക്കല്‍ സ്കൂളിലെ ഹാരിസണ്‍ ഡിപ്പാര്‍ട്ടുമെന്റ് ഒഫ് സര്‍ജിക്കല്‍ റിസര്‍ച്ചില്‍ തന്റെ ഗവേഷണം പുനരാരംഭിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ദക്ഷിണ പസിഫിക് പ്രദേശത്ത് ഇദ്ദേഹത്തിന് സേവനം അനുഷ്ഠിക്കേണ്ടിവന്നതിനാല്‍ ഗവേഷണം മുടങ്ങിപ്പോയി. യുദ്ധം അവസാനിച്ചപ്പോള്‍ ഇദ്ദേഹം ജഫേഴ്സണ്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വിഭാഗത്തിലെ പ്രൊഫസറായി. മാത്രമല്ല, പുതുതായി ആരംഭിച്ച ശസ്ത്രക്രിയാഗവേഷണ വിഭാഗത്തിന്റെ സര്‍വാധികാരിയുമായിത്തീര്‍ന്നു. 1947-ല്‍ ഗിബണിന്റെ ഗവേഷണത്തെ സഹായിക്കാന്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ മേലധികാരിയായ തോമസ് വാട്സണ്‍ രംഗത്തുവന്നു. അദ്ദേഹം ഐ.ബി.എം.-ന്റെ സാങ്കേതിക സഹായം മുഴുവന്‍ ഗിബണിനു എത്തിച്ചു. പരീക്ഷണമൃഗത്തില്‍നിന്നും എടുക്കുന്ന രക്തത്തില്‍നിന്നു കാര്‍ബണ്‍ ഡൈഓക്സൈഡ് നീക്കം ചെയ്യുക, ഓക്സിജന്‍ കലര്‍ത്തുക, എന്നിട്ട് അതീവ ലോലമായ ചുവന്ന രക്താണുക്കള്‍ക്കു കേടുവരാതെയും വായുകുമിളകള്‍ ഇല്ലാതെയും രക്തം ശരീരത്തില്‍ തിരിച്ചെത്തിക്കുക എന്നീ പ്രക്രിയകള്‍ തികഞ്ഞ ശ്രദ്ധയോടെ ഇദ്ദേഹം ചെയ്തുനോക്കി. ആവശ്യത്തിന് ഓക്സിജന്‍ രക്തത്തില്‍ കലര്‍ത്തിയെടുക്കുന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ ജോലി. ഓക്സിജന്‍ കലര്‍ത്തുകയും ഹിമോലിസിസ് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സംവിധാനം രൂപപ്പെടുത്തിയശേഷം നായ്ക്കളില്‍ ഇദ്ദേഹം പരീക്ഷണം തുടര്‍ന്നു. ഇവയുടെ ഹൃദയത്തിന് കേടുവരുത്തിയശേഷം പുതുതായി ആവിഷ്കരിച്ച ഹാര്‍ട്-ലങ് മെഷീന്റെ സഹായത്തോട കേടുതീര്‍ത്തെടുക്കുവാന്‍ ഗിബണിനു കഴിഞ്ഞു. തുടര്‍ച്ചയായി പത്തു ശസ്ത്രക്രിയകള്‍ നായ്ക്കളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം തന്റെ പദ്ധതി ചികിത്സാരംഗത്തേക്ക് കൊണ്ടുവന്നു.

1953 മേയില്‍ ഇദ്ദേഹം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മനുഷ്യനില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 19 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തിന്റെ തകരാറ് ഹാര്‍ട്-ലങ് മെഷീന്റെ സഹായത്തോടെ ഇദ്ദേഹം ശസ്ത്രക്രിയ ചെയ്തു പരിഹരിച്ചു. ചരിത്രസംഭവമായി മാറിയ ഈ ശസ്ത്രക്രിയയെത്തുടര്‍ന്ന് ലോകമെമ്പാടും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വന്‍പിച്ച പ്രചാരമുണ്ടായി.

വൈദ്യശാസ്ത്രരംഗത്തു ഗിബണ്‍ വേറെയും അനവധി സംഭാവനകള്‍ നല്കിയിട്ടുണ്ട്. നൂറിലേറെ വൈദ്യശാസ്ത്ര പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. സര്‍ജറി ഒഫ് ദ ചെസ്റ്റ് (1950) എന്ന ഗ്രന്ഥം എഡിറ്റു ചെയ്തത് ഇദ്ദേഹമാണ്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഒഫ് സര്‍ജറിയുടെ പ്രസിദ്ധമായ സര്‍വീസ് അവാര്‍ഡ് (1959) ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ ഗിബണിനു ലഭിച്ചിട്ടുണ്ട്. നിരവധി സര്‍വകലാശാലകള്‍ ബഹുമതി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1973 ഫെ. 5-ന് ഗിബണ്‍ ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍