This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍സിയ ലോര്‍ക, ഫെഡറിക്കോ (1898 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍സിയ ലോര്‍ക, ഫെഡറിക്കോ (1898 - 1936)

Garcia Lorca, Federico

സ്പാനിഷ് കവിയും നാടകകൃത്തും. 1898 ജൂണ്‍ 5-ന് ഫ്യൂയെന്റെ വാക്യുറോസില്‍ (ഗ്രനഡ) ജനിച്ചു. ഗ്രനഡ, മാഡ്രിഡ്, യൂണിവേഴ്സിറ്റികളില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷമാണു സാഹിത്യ രചനയിലേക്കു തിരിഞ്ഞത്. കാസ്റ്റീല്‍ പര്യടനത്തിനു (1918)ശേഷം ഇംപ്രഷന്‍സ് യ് പൈസാജെസ (Impressions and Landscapes) എന്ന ഉപന്യാസ സമാഹാരം പ്രസിദ്ധീകരിച്ചു. 1919-ല്‍ മാഡ്രിഡില്‍ വച്ച് അവാങ്-ഗാദ് (avant-garde) കലാകാരന്മാരായ സാല്‍വഡോര്‍ ഡാലി, റാഫേല്‍ ആല്‍ബെര്‍ട്ടി, പാബ്ലോ നെരൂദ തുടങ്ങിയവരുമായി പരിചയപ്പെട്ടു.

'ജനറേഷന്‍ ഒഫ് 1927' എന്ന പേരിലറിയപ്പെടുന്ന കവികളില്‍ പ്രമുഖനായിരുന്ന ഗാര്‍സിയയുടെ കവിതകള്‍ ജീവിതത്തിലെ ഇരുണ്ട ശക്തികള്‍ക്കെതിരെ വ്യക്തി പ്രകടിപ്പിക്കുന്ന ധീരതയെ വാഴ്ത്തുന്നവയാണ്. ആദ്യകൃതി ലീബ്രോ ദെ പോയമാസ് (Libro de poemas, 1921) ആണ്. തുടര്‍ന്ന് കാന്‍സിയോണെസ് (Canciones, 1927), റൊമാന്‍സെറോ ഗിതാനോ (Romancero gitano, 1928) എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായി. രണ്ടാമത്തേതിന് 1953-ല്‍ ജിപ്സി ബാലഡ്സ് എന്ന പേരില്‍ പരിഭാഷയും ഉണ്ടായി. പരമ്പരാഗത സ്പാനിഷ് ബാലഡ് രൂപത്തിലുള്ള ഇതിന്റെ രചനയാണ് ഗാര്‍സിയയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. പോയമാ ഡെല്‍കാന്റെ ജോന്‍ഡോ (Poema delcante jondo, 1931) ആണ് മറ്റൊരു കാവ്യകൃതി. ഒരു കാളപ്പോരില്‍ മാരകമായി മുറിവേറ്റ തന്റെ സുഹൃത്തിന്റെ വേര്‍പാടില്‍ വിലപിച്ചുകൊണ്ടു രചിച്ച ലാന്‍ദൊ പോര്‍ ഇഗ്നാച്ചിയോ സാഞ്ചെസ് മെജിയാസ് (Lando por Ignacio Sanchez Mejias) എന്ന വിലാപകാവ്യവും മികവുറ്റതായി കണക്കാക്കപ്പെടുന്നു.

ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനു (1929) ശേഷം ഗാര്‍സിയ സര്‍ റിയലിസത്തില്‍ ആകൃഷ്ടനായി. നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റിനുവേണ്ടി നാടക രചനയില്‍ ഏര്‍പ്പെട്ടു. ലാ ബറാകാട്രൂപ്പുമായി സ്പെയിനിലാകമാനം പര്യടനം നടത്തി. ഗാര്‍സിയയുടെ ആദ്യ നാടകങ്ങളില്‍പ്പെട്ട എല്‍മാലെ ഫിസിയോ ദെ ലാ മാരിപോസ് (The Evildoing of the Butterfly, 1920) അത്രയൊന്നും വിജയിച്ചില്ല. ബൊദാസ് ദെ സാങ്റെ (Bodas de Sangre, 1933 tr. Blood wedding, 1939), യെര്‍മ (1934), ലാ കാസാ ദെ ബെര്‍നാഡ് ആല്‍ബ (1936 tr. House of Bernarda Alba, 1947) എന്നിവയാണ് ഗാര്‍സിയയുടെ മറ്റു നാടകങ്ങള്‍. സ്പെയിനില്‍ നിലനിന്നുപോന്ന സാമൂഹികവ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സ്ത്രീയെ ദുരന്ത കഥാപാത്രമാക്കിക്കൊണ്ടു രചിച്ചവയാണു മിക്ക നാടകങ്ങളും. ഗാര്‍സിയ മുപ്പതുകളില്‍ എഴുതിയ ചില പ്രഹസനങ്ങള്‍ ദ ഷൂ മേക്കേഴ്സ് പ്രൊഡിജസ് വൈഫ്, ദ ലൌ ഒഫ് ഡോണ്‍ പെര്‍ലിംപിന്‍ വിത്ത് ബെലിസാ ഇന്‍ ദ ഗാര്‍ഡന്‍, ഡോണാ റോസിറ്റ, ദ സ്പിന്‍സ്റ്റര്‍ എന്നീ പേരുകളില്‍ 1941-ല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ അനുഭാവിയായ ഗാര്‍സിയയെ അന്നത്തെ ഭരണാധികാരികള്‍ സംശയത്തോടെയാണു വീക്ഷിച്ചിരുന്നത്. സ്പാനിഷ് ആഭ്യന്തര കലാപത്തിനിടയ്ക്ക് അറസ്റ്റു ചെയ്യപ്പെട്ട ഗാര്‍സിയയെ 1936 ആഗ. 19-ന് ഫ്രാങ്കോയ്സ്റ്റുകള്‍ വെടിവച്ചു കൊന്നു. ഒരു ദേശീയ കവിയെന്ന നിലയ്ക്കു ഗാര്‍സിയയുടെ സ്ഥാനം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍