This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍സിയ മോറെനോ, ഗബ്രിയേല്‍ (1821 - 75)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാര്‍സിയ മോറെനോ, ഗബ്രിയേല്‍ (1821 - 75)
Garcia Moreno, Gabriel
ഇക്വഡോറിലെ മുന്‍പ്രസിഡന്റും രാഷ്ട്രതന്ത്രജ്ഞനും. ഗ്വയാക്വില്‍ (Guayaquil) എന്ന സ്ഥലത്ത് 1821 ഡി. 24-ന് ജനിച്ചു. ക്വിറ്റോയിലും യൂറോപ്പിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1856-57-ല്‍ ഇദ്ദേഹം ക്വിറ്റോയിലെ സെന്റ് തോമസ് യൂണിവേഴ്സിറ്റിയില്‍ റെക്റ്ററായിരുന്നു. റോബിള്‍സ് (Robles) ഗവണ്മെന്റിനെ മറിച്ചിട്ടതിനെത്തുടര്‍ന്ന് (1859) രൂപവത്കരിച്ച താത്കാലിക ഗവണ്മെന്റില് ഇദ്ദേഹവും അംഗമായിരുന്നു. 1861-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശവും നേരിട്ടുള്ള തെരഞ്ഞെടുപ്പും അനുവദിച്ചുകൊണ്ടുള്ള ഭരണഘടനയെഴുതിയുണ്ടാക്കുവാന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. 1861-ല്‍ നാലു വര്‍ഷത്തേക്കു പ്രസിഡന്റായി. 1865-ല്‍ പ്രസിഡന്റ് പദം തന്റെ അനുയായിക്കു നല്‍കിക്കൊണ്ട് ഗാര്‍സിയ മോറെനോ സ്ഥാനമൊഴിഞ്ഞു. എങ്കിലും രാജ്യകാര്യങ്ങളില്‍ വേണ്ടത്ര നിയന്ത്രണമുണ്ടായിരുന്നതിനാല്‍ 1869-ല്‍ ഇദ്ദേഹം ഒരു വിപ്ലവം നയിക്കുകയും വീണ്ടും പ്രസിഡന്റാകുകയും ചെയ്തു. 1875-ല്‍ ഇദ്ദേഹം 5 വര്‍ഷത്തേക്കു വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അധികാരത്തില്‍ പ്രവേശിക്കുന്നതിനുമുന്പ് 1875 ആഗ. 6-ന് ഇദ്ദേഹം വധിക്കപ്പെട്ടു.