This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ഗി, ബലവന്ത് (1916 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍ഗി, ബലവന്ത് (1916 - 2003)

പഞ്ചാബി സാഹിത്യകാരന്‍. 1916 ഡി. 4-ന് ഭട്ടിണ്ടയില്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എം.എ.ബിരുദം നേടി. അവിടെ ഇന്ത്യന്‍ തിയെറ്റര്‍ വിഭാഗം പ്രൊഫസറായി. കേന്ദ്രസാഹിത്യ അക്കാദമിയില്‍ അംഗമായിരുന്നു.

ഗാര്‍ഗി പഞ്ചാബി നാടകത്തിന് ചൈതന്യവും പുതുമയും പകര്‍ന്നു. പഞ്ചാബിയിലെ ഏറ്റവും നല്ല ചെറുകഥകളില്‍ ചിലതിന്റെ രചയിതാവാണ്; ഒപ്പം നാടകരചനയിലും നാടകാവതരണത്തിലും പ്രസിദ്ധനും. ആധുനിക പാശ്ചാത്യസങ്കേതങ്ങളെ അവലംബിച്ചുകൊണ്ട് സാമൂഹിക പ്രമേയാധിഷ്ഠിതങ്ങളായ ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് സാഹിത്യസൃഷ്ടി നടത്തി. ചിത്രീകരണങ്ങള്‍ മിക്കവാറും മനുഷ്യജീവികളിലെ വിചിത്രവും അസാധാരണവും വികൃതവും അയുക്തികവുമായ ഭാവങ്ങളാണ്. പഞ്ചാബി നാടകവേദിക്ക് തൊഴിലടിസ്ഥാനത്തിലുള്ള പക്വമായ അടിത്തറ പാകിയത് ഗാര്‍ഗിയാണ്. ഇദ്ദേഹം ഭാരതീയ നടാകത്തേയും നാടകവേദിയേയുംപറ്റി വിദേശ സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ ഇബ്സന്‍, സിഞ്ജ്, മേറ്റര്‍ലിങ്ക്, സ്ട്രിന്‍ഡ് ബര്‍ഗ്, ലേഡി ഗ്രിഗറി തുടങ്ങിയവരുടെ യഥാതഥ പ്രസ്ഥാനവും പില്ക്കാലത്ത് മാര്‍ക്സിസ്റ്റു തത്ത്വസംഹിതയും ഗാര്‍ഗിയെ സ്വാധീനിച്ചു. റഷ്യന്‍ സാഹിത്യകാരനായ ചെക്കോവിന്റെ സ്വാധീനവും ഇദ്ദേഹത്തിലുണ്ട്. പ്രഥമനാടകം ലോഹക്കൂട് (1944) ആണ്. ഇദ്ദേഹത്തിന്റെ നാടകങ്ങളധികവും ദുഃഖപര്യവസായികളാണ്.

1954-ല്‍ നടന്ന ഒരു ചെറുകഥാമത്സരത്തില്‍ ഗാര്‍ഗിയുടെ സൗ മീല് ദൗഡ്ര്‍ (നൂറു മൈല്‍ ഓട്ടം) എന്ന കഥ ഒന്നാം സമ്മാനം നേടി. 1955-ലെ ലോകയുവജനോത്സവത്തില്‍ ദോ ഹാഥ് (രണ്ടു കൈകള്‍) സമ്മാനാര്‍ഹമായി. ഗാര്‍ഗിയുടെ നാടകങ്ങളായ കേസ്രോ (ഒരു സ്ത്രീയുടെ പേര്, 1952) പോളണ്ട് (1955), താജികിസ്ഥാന്‍ (1959) എന്നിവിടങ്ങളിലും സോഹ്നി മഹിപാല്‍ മോസ്കോയിലെ ജിപ്സി തിയെറ്ററിലും അരങ്ങേറിയിട്ടുണ്ട്.

ഘുഗി (പ്രാവ്), ബിശ്വേദാര്‍ (ഫ്യൂഡല്‍ പ്രഭു), സായില്‍ പഥര്‍ (നിശ്ചല ശിലകള്‍), ഗില്‍ഝാന്‍ (കഴുകന്മാര്‍, 1951), കണക് ദീ ബല്ലി (ഗോതമ്പ് തണ്ട്, 1954), ധുണി ദി അഗ് (ഇരുണ്ട ചടങ്ങ്), സുല്‍ത്താന്‍ റസിയാ (ചരിത്ര നാടകം), സൗകന്‍ (സപത്നി, 1979) എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര നാടകങ്ങള്‍. കഥാസമാഹാരങ്ങളില്‍ ഡുല്‍ഹേബര്‍ (1955), ചാന്ദ്നീ ദീ ചാദര്‍ (നിലാവിന്റെ പുതപ്പ്), ദോ ഹാഥ് (രണ്ടു കൈകള്‍), കാലാ ആം (കറുത്ത മാമ്പഴം) എന്നിവയാണ് മുഖ്യം. കു അരീ ടീസീ, ദോ പാസേ, ദസവംധ, പത്തണ ദീ ബേഡീ, ബേബെ (1949) എന്നിവയാണ് ഏകാങ്കങ്ങള്‍. കക്കാ രേതാ, നോവല്‍; (1944), നീം ദേ പത്തേ (തൂലികാ ചിത്രങ്ങള്‍, 1961), ദ് നേക്കഡ് ട്രയാങ്കിള്‍ (ഇംഗ്ലീഷ് നോവല്‍, 1979), തിയെറ്റര്‍ ഇന്‍ ഇന്ത്യ (1962) എന്നീ കൃതികളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്.

രംഗസംവിധാനത്തെക്കുറിച്ച് ഗാര്‍ഗി രചിച്ച രംഗമംച് എന്ന പണ്ഡിതോചിതമായ ഗ്രന്ഥം സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി (1962). ഒരു ഉപഹാസചതുരന്‍ കൂടിയായ ഇദ്ദേഹം സമകാലിക പഞ്ചാബി സാഹിത്യകാരന്മാരെപ്പറ്റി രചിച്ച തൂലികാചിത്രങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്. 1974-ല്‍ 'പദ്മശ്രീ' ബഹുമതി നല്കി ഭാരത സര്‍ക്കാര്‍ ഗാര്‍ഗിയെ ആദരിച്ചു. 2003 ഏ.-ല്‍ 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍