This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസ്സല്‍, ആര്‍ണോള്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസ്സല്‍, ആര്‍ണോള്‍ഡ്

Gesell, Arnold (1880 -1961)

അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. ശിശുമനഃശാസ്ത്രത്തിന്റെ പിതാവാണ് ഗസ്സല്‍. ഗസ്സലും അനുയായികളും നല്കിയ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഒരു തലമുറയിലെ അമേരിക്കന്‍ ശിശുക്കളുടെ പരിരക്ഷണവും ശൈശവ വിദ്യാഭ്യാസവും നടത്തിയിരുന്നത്.

യു.എസ്സിലെ വിസ്കോണ്‍സിന്‍ (Wisconsin) സംസ്ഥാനത്തുള്ള അല്‍മ(Alma)യില്‍ 1880-ല്‍ ജനിച്ചു. പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങളിലും ക്ളാര്‍ക്ക് സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം; 1906-ല്‍ ക്ളാര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റു നേടി.

പബ്ലിക്‌ സ്കൂള്‍ അധ്യാപകനായും പ്രിന്‍സിപ്പാള്‍ ആയും ഗസ്സല്‍ ഏറെക്കാലം സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയിച്ചേര്‍ന്നു. യേല്‍ സര്‍വകലാശാല തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചതാണെന്നു മനസ്സിലാക്കിയ ഗസ്സല്‍ 1911-ല്‍ അവിടെ ഒരു ശിശുപരിപാലന ആശുപത്രി (Clinic of Child Development) സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ശിശുമനഃശാസ്ത്രരംഗത്തെ തന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യശാസ്ത്രരംഗത്തെ അറിവുകൂടി അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ ഗസ്സല്‍ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കേ വൈദ്യശാസ്ത്ര പഠനത്തിലും ഏര്‍പ്പെട്ടിരുന്നു. 1915-ല്‍ യേല്‍ സര്‍വകലാശാല ഇദ്ദേഹത്തിനു എം.ഡി. ബിരുദം നല്കി. 1848-ല്‍ ഔപചാരികമായി ഉദ്യോഗത്തില്‍ നിന്നു പിരിയുന്നതുവരെ യേല്‍ സര്‍വകലാശാലയില്‍ തുടര്‍ന്നിരുന്ന ഇദ്ദേഹം ശിശുപരിപാലന ആശുപത്രിയുടെ ഡയറക്ടര്‍ ആയിരുന്നു.

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനുശേഷം ഗസ്സല്‍ തന്റെ ഗവേഷണങ്ങളിലും ശിശുരോഗചികിത്സയിലും കൂടുതല്‍ വ്യാപൃതനാകുകയാണു ചെയ്തത്; ഹാര്‍വാഡ് സര്‍വകലാശാലയുടെ പീഡിയാട്രിക്സ് (ശിശുസംരക്ഷണത്തെയും ആരോഗ്യ ചികിത്സയെയും സംബന്ധിച്ച) വിഭാഗത്തിനുവേണ്ടിയും ഗസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചൈല്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിനു വേണ്ടിയും ഇദ്ദേഹം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.

ശിശുക്കളുടെ ശാസ്ത്രീയ നിരീക്ഷണവും അതിനെ അവലംബിച്ചുള്ള ചികിത്സാപദ്ധതിയും പ്രാവര്‍ത്തികമാക്കിയത് ഗസ്സലിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ വിമര്‍ശനത്തിനും പാത്രീഭവിച്ചിട്ടുണ്ട്. ശിശുനിരീക്ഷണ വസ്തുതകളുടെ കൃത്യമായ ഒരു രേഖപ്പെടുത്തല്‍ മാത്രമാണ് ഗസ്സല്‍ ചെയ്തതെന്നും മനഃശാസ്ത്രരംഗത്ത് മുതല്‍ക്കൂട്ടായി മാറുമായിരുന്ന നിരീക്ഷണവസ്തുതകളുടെ വിശകലനത്തിന് ഇദ്ദേഹം മുതിര്‍ന്നിട്ടില്ലെന്നും 1940-ല്‍ ഒരു സംഘം ശിശുമനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു. ശിശു സംരക്ഷണത്തെക്കുറിച്ചും ശൈശവ വിദ്യാഭ്യാസത്തെക്കുറിച്ചും ഗസ്സല്‍ പുലര്‍ത്തിയിരുന്ന കര്‍ക്കശമായ നിലപാടു കാരണം ഗുണത്തെക്കാള്‍ ദോഷമാണ് ശിശുക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. 1961-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍