This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണപതിശാസ്ത്രി, ടി. (1861 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണപതിശാസ്ത്രി, ടി. (1861 - 1926)

സംസ്കൃതപണ്ഡിതനും ഗവേഷകനും വൈയാകരണനും. മഹാകവി ഭാസന്റെ നാടകകൃതികള്‍ തിരുവനന്തപുരത്തിനടുത്തുള്ള ഒരു കുടുംബത്തില്‍നിന്നു കണ്ടെടുത്തു പ്രകാശിപ്പിച്ചത് ഗണപതിശാസ്ത്രിയാണ്.

തിരുനെല്‍വേലി ജില്ലയില്‍ തിരുവൈ ഗ്രാമത്തില്‍ 1860-ല്‍ രാമസുബ്ബയ്യരുടെയും സീതാംബയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം നീലകണ്ഠശാസ്ത്രി എന്ന പണ്ഡിതനില്‍നിന്ന് സംസ്കൃതം പഠിച്ചു. തൊഴില്‍തേടി തിരുവനന്തപുരത്തെത്തി. പ്രസിദ്ധപണ്ഡിതനായ സുബ്ബയ്യാദീക്ഷിതരില്‍നിന്ന് വ്യാകരണവും അലങ്കാരവും പഠിച്ചു.

തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ ഗുമസ്തന്‍, സംസ്കൃതമഹാപാഠശാലയിലെ ഉപാധ്യായന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ കോയിത്തമ്പുരാനും ഏ.ആര്‍. രാജരാജവര്‍മയും ഇദ്ദേഹത്തിന്റെ ബഹുമുഖപാണ്ഡിത്യത്തെയും പ്രവര്‍ത്തനശേഷിയെയും ആദരിച്ചിട്ടുണ്ട്. 1899-ല്‍ സംസ്കൃതകോളജില്‍ നിയമിതനായി. താമസിയാതെ ശാസ്ത്രി ഹസ്തലിഖിത ഗ്രന്ഥശാലയുടെ ആദ്യത്തെ ക്യൂറേറ്റര്‍ ആയിത്തീര്‍ന്നു. 18 കൊല്ലം അവിടെ സേവനം അനുഷ്ഠിച്ചു.

ഇദ്ദേഹത്തിന്റെ പ്രയത്നത്താലാണ് ഭാസകൃതികളടക്കം പല കൃതികളും പ്രകാശിതമായത്. പഞ്ചരാത്രം, കര്‍ണഭാരം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതഘടോത്കചം, ദൂതവാക്യം, പ്രതിമാനാടകം, അഭിഷേകനാടകം, ബാലചരിതം, പ്രതിജ്ഞായൌഗന്ധരായണം, സ്വപ്നവാസവദത്തം, അവിമാരകം, ചാരുദത്തം എന്നിവയാണ് ഗണപതിശാസ്ത്രി കണ്ടെത്തിയ ഭാസനാടകങ്ങള്‍. മഹിമഭട്ടന്റെ വ്യക്തിവിവേകം, കാമന്ദകന്റെ നീതിസാരം, കൌടല്യന്റെ അര്‍ഥശാസ്ത്രം, നാനാര്‍ഥാര്‍ണവസംക്ഷേപം, നാമലിംഗാനുശാസനം, മത്തവിലാസപ്രഹസനം, സിദ്ധാഞ്ജനം എന്നിവയുടെയും താളിയോലകള്‍ കണ്ടെത്തുകയും അവയില്‍ പലതും വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭാസന്റെ രൂപകങ്ങള്‍ക്കും കൌടല്യന്റെ അര്‍ഥശാസ്ത്രത്തിനും ശാസ്ത്രികള്‍ എഴുതിയ വ്യാഖ്യാനം മേലേക്കിടയിലുള്ളതാണെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. മാധവീവാസന്തീയം നാടകത്തിനും സേതുയാത്രാ വര്‍ണനം, തുലാഭാരദാനകാവ്യം, അര്‍ഥചിന്താമണിമാല എന്നിവയ്ക്കും ഇദ്ദേഹം വ്യാഖ്യാനങ്ങള്‍ രചിച്ചു. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ വിശാഖവിജയത്തിനും ഏ.ആര്‍. രാജരാജവര്‍മയുടെ ആംഗലസാമ്രാജ്യത്തിനും ഇദ്ദേഹം ലഘുടിപ്പണികള്‍ എഴുതി. വിശാഖവിജയത്തിലെ ആദ്യത്തെ അഞ്ചു സര്‍ഗങ്ങള്‍ക്കു രചിച്ച 'ഭാവബോധിനി' വ്യാഖ്യാനം സരളമാണ്.

ഗണപതി ശാസ്ത്രിയുടെ അഗാധപാണ്ഡിത്യത്തെയും സാഹിത്യഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളെയും ആധാരമാക്കി ബ്രിട്ടീഷ് ഗവണ്‍മെന്റ് 'മഹാമഹോപാധ്യായ' സ്ഥാനം നല്കി ബഹുമാനിച്ചു. ജര്‍മനിയിലെ ട്യൂബിന്‍ഗെന്‍ സര്‍വകലാശാല ഇദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നല്കി. 1926-ല്‍ ഗണപതിശാസ്ത്രി അന്തരിച്ചു.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍