This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗാനഗര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗംഗാനഗര്‍ == ==Ganganagar== രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനമാ...)
അടുത്ത വ്യത്യാസം →

08:59, 16 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗംഗാനഗര്‍

Ganganagar

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനമായ പട്ടണവും. 'ശ്രീഗംഗാനഗര്‍' എന്ന പേരില്‍ മുമ്പറിയപ്പെട്ടിരുന്ന ഇവിടം രാജഭരണകാലത്ത് ഒരു സംസ്ഥാനമായിരുന്ന ബിക്കാനീറില്‍ ഉള്‍പ്പെട്ട ഭാഗമായിരുന്നു. പട്ടണത്തിന്റെ വിസ്തീര്‍ണം: 20,629 ച.കി.മീ.; ജനസംഖ്യ: 19,69,520 (2011).

ഒരു കാലത്ത് മരുഭൂമിയായിരുന്ന ഇവിടം രാജസ്ഥാന്‍ കനാല്‍ പദ്ധതിയുടെ വികസനത്തോടുകൂടി ഫലഭൂയിഷ്ഠമായ ഒരു സമതലമായി മാറി. വളരെ പുരാതനമായ ഒരു പട്ടണമാണിതെന്നുള്ളതിന് വ്യക്തമായ തെളിവുകളുണ്ട്. ഗംഗാനഗറിലെ കാലിബന്‍ഗനില്‍ നിന്നു ലഭിച്ച ചരിത്രാവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നത് ഹാരപ്പന്‍ സംസ്കാരത്തിനു മുമ്പുള്ള കാലഘട്ടത്തെയാണ്.

പൊതുവായി വരണ്ട കാലാവസ്ഥയാണിവിടെ അനുഭവപ്പെടുന്നത്. മേയ്-ജൂണ്‍ മാസങ്ങളില്‍ ഗംഗാനഗറില്‍ ചൂടുകൂടിയ സമയമാണ്. ചില വര്‍ഷങ്ങളില്‍ 52C വരെ ചൂട് അനുഭവപ്പെടുന്നു. ഇവിടെ മഴ വളരെ കുറവാണ്. 25.9 സെ.മീറ്ററാണ് ജില്ലയില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ തോത്.

രാജസ്ഥാനില്‍ ഗംഗാനഗറില്‍ മാത്രമേ നദീജലം ലഭ്യമാകുന്നുള്ളൂ. നദിയിലെ എക്കല്‍ അടിഞ്ഞുകൂടി ഉണ്ടായ മണ്ണാണ് ഗംഗാനഗറിന്റെ മധ്യഭാഗത്തു കാണുന്നത്. വികാസം പ്രാപിച്ചുവരുന്ന ഒരു കാര്‍ഷികജില്ലയായ ഇവിടത്തെ മുഖ്യകൃഷി പരുത്തിയാണ്. ചോളം, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരുക്കള്‍, പയറുവര്‍ഗങ്ങള്‍, ബാര്‍ലി എന്നിവയും ഇവിടെ കൃഷിചെയ്യുന്നു. ഇവിടത്തെ ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിയും കന്നുകാലിവളര്‍ത്തലുമാണ്. ആടുകളെയും മരുഭൂമിയിലെ വാഹനമായ ഒട്ടകങ്ങളെയും ഇവിടെ ധാരാളമായി വളര്‍ത്തുന്നു.

ഇവിടത്തെ പ്രധാന വ്യവസായശാലകള്‍ എണ്ണശുദ്ധീകരണശാല, പഞ്ചസാരഫാക്ടറികള്‍, തുണിമില്ലുകള്‍ എന്നിവയാണ്. ഗംഗാനഗര്‍ കേന്ദ്രീകരിച്ചാണ് മിക്കവാറും വ്യവസായശാലകളും പ്രവര്‍ത്തിക്കുന്നതെന്നുതന്നെ പറയാം. ഊര്‍ജം, ജലം എന്നിവയുടെ സുഗമമായ ലഭ്യത, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എന്നിവയാണ് ഇതിനുകാരണം. ഇവിടത്തെ മെച്ചപ്പെട്ട ജലലഭ്യതതന്നെയാണ് ഇവിടേക്കുള്ള കുടിയേറ്റത്തിനും ജനസംഖ്യാവര്‍ധനവിനും കാരണമായിട്ടുള്ളത്. ഈ സൗകര്യങ്ങളൊക്കെ ഗംഗാനഗറിനെ ഒരു മെച്ചപ്പെട്ട പട്ടണമായി മാറ്റുന്നതിന് വളരെയധികം സഹായിച്ചു.

ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. രാജസ്ഥാന്‍ സര്‍വകലാശാലയുടെ അംഗീകാരത്തിലുള്ള കോളജുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഇവിടെയുണ്ട്.

ധാതുസമ്പത്തിന്റെ കാര്യത്തിലും ഗംഗാനഗര്‍ ഒട്ടും പിന്നിലല്ല. ഇവിടെനിന്ന് ജിപ്സവും ലിഗ്നൈറ്റും ഖനനം ചെയ്യുന്നു.

ഗൂഗാമേദി ഗ്രാമത്തിലെ 'ഗൂഗാജിമേള'യാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ഉത്സവം. സര്‍പ്പങ്ങളുടെ ദൈവമായ ഗൂഗന്റെ ഓര്‍മയ്ക്കായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഗൂഗാ നവമിനാള്‍ രാജസ്ഥാനിലെ ഓരോ ഭവനത്തിലും ഗൂഗനെ ആരാധിക്കുന്നുവെങ്കിലും ഇവിടെയാണ് വന്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍