This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാലിദ് ബിന്‍ അല്‍-വലീദ് (7-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാലിദ് ബിന്‍ അല്‍-വലീദ് (7-ാം ശ.)

Khalid ibn al-Walid

അറേബ്യന്‍ യുദ്ധതന്ത്രജ്ഞനും ധീരയോദ്ധാവും. 'സൈഫുല്ലാ' (ദൈവത്തിന്റെ ഖഡ്ഗം) എന്ന പേരില്‍ അറിയപ്പെടുന്നു. മഖ്സൂം വംശജനായ വലീദിന്റെയും മുളര്‍ഗോത്രക്കാരിയായ ലുബാബയുടെയും മകനായി ഹിജ്റയ്ക്ക് 25 വര്‍ഷം മുമ്പ് ജനിച്ചതായി കരുതപ്പെടുന്നു. കുതിരസവാരി, കുതിരപ്പന്തയം, മല്ലയുദ്ധം മുതലായവയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഉഹ്ദ് ആയിരുന്നു ആദ്യമായി പ്രത്യക്ഷപ്പെട്ട യുദ്ധരംഗം. അവിടെ ഖുറൈഷി സൈന്യത്തിലൊരു വിഭാഗത്തിന്റെ നായകനായി ഉഹ്ദിന്‍ മുഹമ്മദ് നബിയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ഖന്‍ദഖ് യുദ്ധത്തിലും ഖുറൈഷി സൈന്യത്തിന്റെ മൂന്ന് പ്രധാന നായകരിലൊരാളായിത്തീര്‍ന്നു. ഹുദൈബിയാ സന്ധിയെത്തുടര്‍ന്ന് ഹിജ്റ എട്ടാംവര്‍ഷം ഇസ്ലാംമതം സ്വീകരിച്ചു. മൂന്നുമാസം തികയുന്നതിനുമുമ്പുതന്നെ മുഅ്ത യുദ്ധത്തില്‍ ഇസ്ലാമിനുവേണ്ടി ആദ്യമായി പടച്ചട്ടയണിഞ്ഞു. ഹിരാക്ളിയസിന്റെ വമ്പിച്ച സൈന്യവുമായി നടന്ന യുദ്ധത്തില്‍ മുസ്ലിം സൈന്യത്തിന്റെ മൂന്നു പടനായകരും മരിച്ചുവീണു. തുടര്‍ന്ന് സൈനിക നേതൃത്വം ഏറ്റെടുത്ത ഖാലിദിന്റെ യുദ്ധപാടവവും യുദ്ധതന്ത്രവുമാണ് മുസ്ലിംസൈന്യത്തെ രക്ഷിച്ചത്. അന്നാണ് സൈഫുല്ല എന്ന പേരു പ്രവാചകന്‍ നല്‍കിയത്. തുടര്‍ന്ന് മക്കാവിജയത്തിലും ഹുനൈന്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിച്ചു. ഖലീഫ അബൂബക്കറിന്റെ കാലത്ത് വ്യാജപ്രവാചകന്മാര്‍ക്കെതിരായും പേര്‍ഷ്യയ്ക്കും റോമയ്ക്കും എതിരായും നടന്ന ഘോരയുദ്ധങ്ങള്‍ വിജയിച്ചതില്‍ ഇദ്ദേഹത്തിനു പങ്കുണ്ട്. 634-ല്‍ മെസൊപ്പൊട്ടേമിയയും 635-ല്‍ ഡമാസ്കസും കീഴടക്കി. ഇദ്ദേഹം നേതൃത്വം നല്കിയ അവസാനത്തെ യുദ്ധം യര്‍മൂക് ആയിരുന്നു. ആ യുദ്ധത്തില്‍ റോമായെ നിശ്ശേഷം തോല്പിച്ചുവെങ്കിലും ഖലീഫ ഉമര്‍ പൊതുനന്മയെ മുന്‍നിര്‍ത്തി, ഇദ്ദേഹത്തെ നായകസ്ഥാനത്തുനിന്നു നീക്കി. ചെറുതും വലുതുമായ നൂറോളം യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 642-ല്‍ ഖാലിദ് അന്തരിച്ചു.

(കെ.പി. കമാലുദ്ദീന്‍, പ്രൊഫ. പി.എം. അബ്ദുള്‍ റഹ്മാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍