This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൗലി, ഹെന്റി റിച്ചേഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൗലി, ഹെന്റി റിച്ചേഡ്.
Cowley, Henry Richard (1804 - 84)
ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍. കൗലി ഡ്യൂക്ക് ഒഫ് വെല്ലിങ്ടന്റെ അനന്തരവനായിരുന്നു കൗലി. കൗലി പ്രഭു I-ന്റെ മൂത്തപുത്രനായി 1804-ല്‍ ജനിച്ചു. ഈറ്റനിലും കേംബ്രിജിലുമായി വിദ്യാഭ്യാസം നിര്‍വഹിച്ച കൗലി സ്വിറ്റ്സര്‍ലണ്ട് (1848-51), ഫ്രാങ്ക്ഫര്‍ട്ടിലെ ജര്‍മന്‍ കോണ്‍ഫെഡറേഷന്‍ (1851-52) എന്നീ രാജ്യങ്ങളില്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. കൗലി പാരിസില്‍ ബ്രിട്ടീഷ് അംബാസഡര്‍ ആയി (1852-67). എട്ടു പ്രധാനമന്ത്രിമാരുടെ ഭരണകാലത്ത് കൗലിക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് കീഴ്വഴക്കത്തിന് നിരക്കാത്തതായിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ഔദ്യോഗിക കഴിവിന്റെയും മേന്മകൊണ്ടായിരുന്നു ഇത് സാധ്യമായത്. നെപ്പോളിയന്‍ III ചക്രവര്‍ത്തിയും ഈ നയതന്ത്രജ്ഞനെ ഇഷ്ടപ്പെട്ടിരുന്നു. ബ്രിട്ടനെയും ഫ്രാന്‍സിനെയും സഖ്യത്തിലെത്തിച്ചതും ക്രിമിയന്‍ യുദ്ധത്തില്‍ സഖ്യകക്ഷികളായി പങ്കെടുപ്പിച്ചതും കൗലിയുടെ മികച്ച നയതന്ത്രജ്ഞതകൊണ്ടു മാത്രമായിരുന്നു. തുടര്‍ന്ന് 1856-ലെ പാരിസ് സമാധാന കോണ്‍ഗ്രസ്സില്‍ ബ്രിട്ടന്റെ പ്രതിനിധിയായി തന്റെ ഉത്തമ സുഹൃത്തായിരുന്ന ക്ളാരന്‍ഡന്‍ പ്രഭുവിനോടൊപ്പം കൗലി പങ്കെടുത്തു. അടുത്തകൊല്ലം ഇദ്ദേഹത്തിന് ഏള്‍ (Earl) പദവി ലഭിച്ചു. 1860-ല്‍ റിച്ചേഡ് കോബ്ഡന്റെ (Richard Cobden) വാണിജ്യക്കരാര്‍ ഫ്രാന്‍സിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് കൗലി വളരെയേറെ സഹായിക്കുകയും ചെയ്തു. താന്‍ പാരിസില്‍ ഉള്ളകാലം മുഴുവന്‍ കൗലിക്ക് തന്റെ സമാധാന സൌഹൃദമെന്ന തത്ത്വത്തില്‍ നെപ്പോളിയന്‍ ചക്രവര്‍ത്തിക്ക് മതിപ്പുളവാക്കാന്‍ കഴിയുകയും ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാര്‍ 1866-ല്‍ കൗലിക്ക് 'സര്‍' സ്ഥാനം നല്കി. ഇദ്ദേഹം 1867 ജൂലായില്‍ സേവനരംഗത്തുനിന്ന് വിരമിച്ചു. 1884 ജൂല. 15-ന് കൗലി ലണ്ടനില്‍ അന്തരിച്ചു.
(പ്രൊഫ. എ.ജി. മേനോന്‍)