This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രോഗ്, ഷാക്ക് ആഗസ്ത് സ്റ്റീന്‍ബര്‍ഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്രോഗ്, ഷാക്ക് ആഗസ്ത് സ്റ്റീന്‍ബര്‍ഗ്
Krogh, Schack August Steenberg (1874 - 1949)
നോബല്‍ സമ്മാനജേതാവായ (1920) ഡാനിഷ് ജന്തുശാസ്ത്രജ്ഞനും ശരീരക്രിയാവിജ്ഞാനിയും. 1874 ന. 15-ന് ഡെന്മാര്‍ക്കിലെ ജട്ട്ലാന്‍ഡില്‍ ജനിച്ചു. 1893-ല്‍ ആര്‍ഹസ് കത്തീഡ്രല്‍ സ്കൂളില്‍ നിന്നു പ്രാഥമിക ബിരുദം കരസ്ഥമാക്കിയ ക്രോഗ് റോയല്‍ നേവിയില്‍ ഒരു ഓഫീസര്‍ ട്രെയിനിയായി ചേരാനാഗ്രഹിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ഥിയായി പഠനമാരംഭിച്ചു. അധികം വൈകാതെ കുടുംബസുഹൃത്തും ജന്തുശാസ്ത്രജ്ഞനും ആയിരുന്ന വില്യം സോറന്‍സെനിന്റെ നിര്‍ബന്ധപ്രകാരം ക്രോഗ് വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ച് ജന്തുശാസ്ത്രപഠനം ആരംഭിച്ചു. പ്രശസ്ത ശരീരക്രിയാവിജ്ഞാനിയായിരുന്ന ക്രിസ്റ്റ്യന്‍ ബോര്‍ ഇദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു. 1899-ല്‍ ജന്തുശാസ്ത്രത്തില്‍ മാസ്റ്റര്‍ബിരുദം സമ്പാദിച്ചശേഷം ക്രോഗ് ബോറിന്റെ പരീക്ഷണശാലയില്‍ ഒരു സഹായിയായി പ്രവര്‍ത്തനമാരംഭിച്ചു.
ജന്തുക്കളുടെ വായുസഞ്ചി (air bladder)കളുടെ ദ്രവസ്ഥിതിക ക്രിയാവിധികളെപ്പറ്റിയുള്ള പഠനങ്ങളാണ് ക്രോഗ് ആദ്യം നടത്തിയത്. കോറിത്ര(Corethra) ലാര്‍വയുടെ വായുസഞ്ചിയെപ്പറ്റി 1896-ല്‍ പഠനം നടത്തിയ ക്രോഗ് വിലപ്പെട്ട പല വിവരങ്ങള്‍ കണ്ടെത്തുകയുണ്ടായി. അന്തര്‍വാഹിനികളുടെ 'ഡൈവിങ് ടാങ്കി'നോടാണ് വായുസഞ്ചികളെ ഇദ്ദേഹം തുലനം ചെയ്തത്. 1903-ല്‍ തവളയുടെ ത്വക്ക്-ശ്വാസകോശ ശ്വാസോച്ഛ്വാസ പ്രക്രിയകളെപ്പറ്റി ക്രോഗ് വിശദമായി പഠനം നടത്തുകയും ഒരു ആധികാരിക പ്രബന്ധം കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ പഠനം ഇദ്ദേഹത്തെ ജീവശാസ്ത്രകാരന്മാരുടെ ഇടയില്‍ ശ്രദ്ധേയനാക്കി. നൈട്രജന്റെ ശ്വാസകോശ വിനിമയത്തെപ്പറ്റി പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിന് വിയന്ന അക്കാദമി ഒഫ് സയന്‍സസിന്റെ സീജന്‍ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. ക്രോഗും ഭാര്യ മേരി ജോര്‍ജെന്‍സനും ചേര്‍ന്ന് 1910-ല്‍ വാതകവിനിമയ ക്രിയാവിധികളെപ്പറ്റി പത്തു ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇവ ലോകശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു. 1902-08 കാലത്ത് ഗ്രീന്‍ലന്‍ഡില്‍ പര്യടനം നടത്തിയ ക്രോഗ്ദമ്പതികള്‍ എസ്കിമോ വര്‍ഗക്കാരുടെ ആഹാരരീതിയെയും ഉപാപചയക്രിയകളെയും പറ്റി പഠനം നടത്തുകയും ഉണ്ടായി.
1908-ല്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ 'സൂ-ഫിസിയോളജി'ക്കായി ഒരു പ്രത്യേക അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിച്ച് ക്രോഗിനെ അവിടേക്കു വരുത്തി. 1910-ല്‍ നൈവെസ്റ്റെര്‍ ഗ്രേഡില്‍ ക്രോഗ് ഒരു പരീക്ഷണശാല ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ അപാകതകള്‍ കാരണം ക്രോഗ് തന്റെ ഔദ്യോഗിക വസതിയുടെ രണ്ടാംനില ഒരു പരീക്ഷണശാലയാക്കി മാറ്റി ഗവേഷണം തുടര്‍ന്നുവന്നു. രക്തചംക്രമണം, ശ്വാസോച്ഛ്വാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങള്‍ക്ക് ഇദ്ദേഹം രൂപകല്പന നല്കിയത് ഇവിടെവച്ചായിരുന്നു. പേശീ ഊര്‍ജത്തിന്റെ സ്രോതസ് എന്ന നിലയില്‍ കൊഴുപ്പിനും കാര്‍ബോഹൈഡ്രേറ്റിനുമുള്ള പങ്ക് ക്രോഗ് എടുത്തുകാട്ടുകയുണ്ടായി. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദപഠനങ്ങള്‍ നടത്തി. ഈ പഠനങ്ങള്‍ക്കാണ് ശരീരക്രിയാവിജ്ഞാനത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനം ക്രോഗിനു ലഭിച്ചത്.
1928-ല്‍ പ്രവര്‍ത്തനമാരംഭിച്ച റോക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്രോഗിന്റെ ഗവേഷണങ്ങള്‍ക്കുവേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുകൊടുത്തു. ഗവേഷണങ്ങളോടൊപ്പം സാങ്കേതികവും ശരീരക്രിയാവിജ്ഞാസംബന്ധവുമായ പഠനങ്ങളുടെ ആസൂത്രണങ്ങള്‍ക്കും ക്രോഗ് ശ്രദ്ധ ചെലുത്തിയിരുന്നു. ഇദ്ദേഹം 1949 സെപ്. 13-ന് കോപ്പന്‍ഹേഗനില്‍ അന്തരിച്ചു.