This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്റ്റാ റീകാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:43, 6 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കോസ്റ്റാ റീകാ

Costa Rica

മധ്യ-അമേരിക്കയിലെ ഒരു സ്വതന്ത്രജനാധിപത്യരാഷ്ട്രം. 'സമ്പന്നതീരം' എന്നര്‍ഥം വരുന്ന റിച്ച് കോസ്റ്റിന്റെ (Rich coast) സ്പാനിഷ് രൂപമാണ് കോസ്റ്റാ റീകാ. തെക്കു കിഴക്കുള്ള പനാമയ്ക്കും വടക്കുള്ള നിക്കരാഗ്വയ്ക്കും ഇടയില്‍ കിടക്കുന്ന ഈ രാഷ്ട്രത്തിന്റെ കിഴക്കുവശത്ത് കരീബിയന്‍ കടലും തെക്കും പടിഞ്ഞാറും വശങ്ങളില്‍ പസിഫിക് സമുദ്രവും സ്ഥിതിചെയ്യുന്നു. 51,100 ച.കി.മീ. മൊത്തം വിസ്തൃതിയുള്ള കോസ്റ്റാ റിക്കായ്ക്ക് വെര്‍ജിനിയയുടെ പകുതിയോളം വലുപ്പം വരും. മധ്യ-അമേരിക്കയില്‍ എല്‍ സാല്‍വഡോര്‍ കഴിഞ്ഞാല്‍ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ കോസ്റ്റാ റീകാ 1949-ല്‍ ഭരണഘടനാപരമായി തന്നെ രാജ്യത്തില്‍ സൈന്യം വേണ്ടെന്ന തീരുമാനമെടുത്തു. പാരിസ്ഥിതിക സുസ്ഥിരതയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അഞ്ച് മാനദണ്ഡങ്ങളും നടപ്പിലാക്കിയ ഏക രാജ്യം കോസ്റ്റാ റീകായാണ്. ജനസംഖ്യ: 43,01,712 (2011); തലസ്ഥാനം: സാന്‍ ജോസ്. ചിത്രം:Page230scree.png‎

ഭൂപ്രകൃതി

താരതമ്യേന വിസ്തൃതമായ സമതലമാണ് കരീബിയന്‍ തീരം; ഇതിനെക്കാള്‍ വീതി കുറഞ്ഞ പസിഫിക് തീരവും. ഇവയ്ക്കു രണ്ടിനുമിടയിലായി മൂന്നു പര്‍വതനിരകളും അനേകം അഗ്നിപര്‍വതങ്ങളും ചേര്‍ന്ന ഒരു പര്‍വതശൃംഖലയുമുണ്ട്. പര്‍വതനിരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തെ കോര്‍ഡിലറ ദെ ഗ്വാനകാസ്തെ എന്നും മധ്യഭാഗത്തെ കോര്‍ഡിലറ സെന്‍ത്രാള്‍ എന്നും തെക്കുകിഴക്കു ഭാഗത്തെ കോര്‍ഡിലറ ദെ താലമാങ്ക എന്നും വിശേഷിപ്പിക്കുന്നു. പര്‍വതങ്ങള്‍ക്ക്, വടക്കുഭാഗത്ത് ഉയരം കുറവാണെങ്കിലും മധ്യ-ദക്ഷിണ ഭാഗങ്ങളിലെത്തുമ്പോഴേക്കും 3,670-ലേറെ മീറ്റര്‍ ഉയരമായിത്തീരുന്നു. ഏറ്റവും ഉയരം കൂടിയ ശൃംഗമായ ചിറിപോയ്ക്ക് 4,100 മീ. പൊക്കമുണ്ട്. പര്‍വതങ്ങള്‍ക്കിടയിലായി, രാഷ്ട്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുതന്നെ വിസ്തൃതമായ ഒരു താഴ്വര കാണാം. മീസെത്താ സെന്‍ത്രാള്‍ എന്നാണ് ഇതിന്റെ പേര്. രാജ്യത്തെ പ്രധാന ജനജീവിതവും സാമ്പത്തികനടപടികളും ഈ താഴ്വരയെച്ചുറ്റി നിലകൊള്ളുന്നു. അഗ്നിപര്‍വതങ്ങളില്‍ ഭൂരിഭാഗവും നിര്‍ജീവമാണെങ്കിലും ചിലത് ഇപ്പോഴും സജീവമാണ്.

കാലാവസ്ഥ

ഏറ്റവും ഉയരം കൂടിയ ശൃംഗമായ ചിറിപോ

ഉഷ്ണമേഖലാപ്രദേശത്തു സ്ഥിതിചെയ്യുന്നതിനാല്‍ കാലാവസ്ഥ തദനുസൃതമായി കാണപ്പെടുന്നു. ഉഷ്ണമേഖലയിലെ സ്ഥാനംപോലെതന്നെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഘടകങ്ങളാണ് തൊട്ടടുത്തുള്ള ഉഷ്ണജലപ്രവാഹങ്ങളും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരവും. താഴ്ന്ന പ്രദേശങ്ങളില്‍ താപനില ഉദ്ദേശം 27° ആയിരിക്കുമ്പോള്‍ പര്‍വത പ്രദേശങ്ങളില്‍ ഇത് 10° വരെയെത്താറുണ്ട്. താപനിലയില്‍ ദൈനംദിന വ്യതിയാനങ്ങളോ കാലികവ്യതിയാനമോ സാധാരണമല്ല. മഴയുടെ തോത് വളരെ കൂടുതലാണ്. മേയ് മുതല്‍ നവംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് കനത്ത മഴ ലഭിക്കുന്നു. മറ്റു സമയങ്ങള്‍ പൊതുവേ വരണ്ടതായിരിക്കും. വാര്‍ഷികവര്‍ഷപാതം 5,000 മില്ലിമീറ്റര്‍

ജൈവവൈവിധ്യം

ലോകത്തിന്റെ 0.25 ശതമാനം മാത്രം കരഭാഗമായുള്ള കോസ്റ്റാ റീകാ ലോകജൈവവൈവിധ്യത്തിലെ 5 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. രാജ്യത്തെ 25 ശതമാനം പ്രദേശങ്ങളും സംരക്ഷിതദേശീയ ഉദ്യാനങ്ങളോ സംരക്ഷിതപ്രദേശങ്ങളോ ആണ്.

കോര്‍കോവാഡോ ദേശീയോദ്യാനത്തിലെ വര്‍ണത്തത്തകള്‍

വിശാലപത്രിത നിത്യഹരിതവനങ്ങള്‍ക്കാണ് കോസ്റ്റാ റീകായില്‍ പ്രാമുഖ്യം. രാജ്യത്തിന്റെ പകുതിയോളം ഭാഗത്തു കാണപ്പെടുന്ന കാടുകളില്‍ മഹാഗണി, അകില്‍ തുടങ്ങിയ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു. ഉന്നതതടങ്ങളിലും ഉയര്‍ന്ന മലഞ്ചരിവുകളിലും ഓക് വൃക്ഷങ്ങള്‍ക്കാണ് പ്രാമുഖ്യം. പര്‍വതപ്രദേശങ്ങളില്‍ ഉയരെയായി കുറ്റിക്കാടുകളും പുല്‍മേടുകളും കാണാം. കരീബിയന്‍തീരത്ത് തെങ്ങ്, പന തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. പസിഫിക് തീരത്ത് സമൃദ്ധമായ കണ്ടല്‍വനങ്ങള്‍ കാണാം. ചതുപ്പുപ്രദേശങ്ങളില്‍ കണ്ടലിനോടൊപ്പം ഒറ്റത്തടി വൃക്ഷങ്ങളും ഇടകലര്‍ന്നു വളരുന്നു.

വടക്കും തെക്കും അമേരിക്കയില്‍ സഹജമായ എല്ലാ ജീവികളെയും കോസ്റ്റാ റീകായിലും കാണാന്‍ കഴിയും. വിവിധ വാനരവര്‍ഗങ്ങള്‍, എറുമ്പുതീനി, മരപ്പട്ടി, ഹരിണവര്‍ഗങ്ങള്‍, കാട്ടുപൂച്ച, ഓട്ടര്‍, കയോട്ട് (ഒരിനം ചെറിയ ചെന്നായ്), കുറുനരി തുടങ്ങിയ ജന്തുക്കള്‍ കോസ്റ്റാ റീകായില്‍ ധാരാളമായി കാണാം. കോര്‍കോവാഡോ, ടോര്‍ട്ടുഗുയീറോ എന്നിവ രാജ്യത്തെ പ്രമുഖ ദേശീയോദ്യാനങ്ങളാണ്. മോണ്‍ട്വേര്‍ഡേ കൗഡ് ഫോറസ്റ്റ് റിസര്‍വില്‍ 2,000-ത്തിലേറെ സസ്യജാലങ്ങളും 400-ല്‍പ്പരം പക്ഷികളും 100-ലേറെ വിവിധയിനം സസ്തനികളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്താകെയായി 700-ല്‍പ്പരം വിവിധയിനം പക്ഷികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ലോകത്തിലേറ്റവും വേഗതയുള്ള ഒരിനം പുലികള്‍ (Ctenosaura similis) കോസ്റ്റാ റീക്കന്‍ വനങ്ങളുടെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു.

ജനങ്ങള്‍

94 ശതമാനം ആളുകളും യൂറോപ്യന്‍ വംശജരാണ്. കറുത്ത വര്‍ഗക്കാരുമായോ ഇന്ത്യാക്കാരുമായോ രക്തബന്ധത്തിലേര്‍പ്പെടാന്‍ അവര്‍ താത്പര്യം കാട്ടാറില്ല. ഏതാണ്ട് 15,000-ത്തോളം വരുന്ന വെസ്റ്റിന്ത്യന്‍സില്‍ ഭൂരിഭാഗവും ലീമോണ്‍ പ്രവിശ്യയിലാണ് കഴിയുന്നത്. ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. നിക്കരാഗ്വയില്‍ നിന്നുള്ളതുള്‍പ്പെടെ 4,89,200 അഭയാര്‍ഥികളും ഇവിടെയുണ്ടായിരുന്നതായാണ് കണക്ക് (2011). 1,25,306 പേര്‍ പ്രവാസികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍