This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോള്‍, ഫ്രാങ്ക് നെല്‍സന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോള്‍, ഫ്രാങ്ക് നെല്‍സന്‍
Cole, Frank Nelson(1861 1926)
അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി സ്ഥാപിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗണിതശാസ്ത്രജ്ഞന്‍. 1861 സെപ്. 20-ന് മാസച്യുസെറ്റ്സിലെ ആഷ്ലന്‍ഡില്‍ ജനിച്ചു. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1882-ല്‍ എ.ബി. ബിരുദം നേടി. ലിപ്സിഗില്‍ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ഫെലിക്സ് ക്ലൈനിന്റെ കീഴില്‍ ഫെലോഷിപ്പോടുകൂടി രണ്ടുവര്‍ഷം പഠനം നടത്തി. ഫലനസിദ്ധാന്ത (Theory of functions)ത്തില്‍ ലക്ചററായി 1885-ല്‍ ഹാര്‍വാഡില്‍ കോള്‍ തിരിച്ചെത്തി. ഷഡ്ഘാത സമവാക്യ (sixth degree equation) സിദ്ധാന്തത്തില്‍ ഇദ്ദേഹം ചെയ്ത ഗവേഷണപ്രബന്ധത്തിന് അടുത്തവര്‍ഷം പിഎച്ച്.ഡിയും ലഭിച്ചു. 1888-ല്‍ ഇദ്ദേഹം മിഷിഗന്‍ യൂണിവേഴ്സിറ്റിയിലേക്കു പോയി 1895-ല്‍ കൊളംബിയയിലേക്കും. കോളിന്റെ ഗവേഷണം മിക്കവാറും അഭാജ്യ സംഖ്യകള്‍ (prime numbers), സംഖ്യാസിദ്ധാന്തം (number theory), ഗ്രൂപ്പ് സിദ്ധാന്തം എന്നീ മേഖലകളിലായിരുന്നു. 1896 മുതല്‍ 26 വര്‍ഷം ഇദ്ദേഹം അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു; 1897 മുതല്‍ 23 വര്‍ഷം ഗണിതശാസ്ത്ര പ്രസിദ്ധീകരണമായ ബുള്ളറ്റിന്റെ എഡിറ്റോറിയല്‍ സമിതിയംഗമായും. 1920-ല്‍ കോള്‍ ഇതില്‍നിന്നു പിരിഞ്ഞപ്പോള്‍ ലഭിച്ച പാരിതോഷികം 'ബീജഗണിത'ത്തില്‍ ഫ്രാങ്ക് നെല്‍സന്‍ കോള്‍ സമ്മാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിച്ചു. 1921-ലെ ബുള്ളറ്റിന്‍ കോളിനു സമര്‍പ്പണം ചെയ്യപ്പെട്ടിരുന്നു. 1926 മേയ് 26-ന് ന്യൂയോര്‍ക്കില്‍ കോള്‍ നിര്യാതനായി. അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കോള്‍സ് പ്രൈസ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം നല്കിവരുന്നതാണ്.