This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ബ്യൂസിയെ, ല്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:52, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോര്‍ബ്യൂസിയെ, ല്‌

Corbusier, Le (1887 - 1965)

സ്വിറ്റ്‌സര്‍ലണ്ടുകാരനായ ആധുനിക വാസ്‌തുവിദ്യാചാര്യനും പ്രഗല്‌ഭനായ നഗരാസൂത്രകനും. പൂര്‍ണനാമധേയം ചാറല്‍സ്‌ എഡ്വേഡ്‌ ജിനറെറ്റ്‌. ല്‌ കോര്‍ബ്യൂസിയെ എന്ന പേര്‌ പിന്നീട്‌ സ്വീകരിച്ചതാണ്‌. 1887-ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ചു. പതിനെട്ടാമത്തെ വയസ്സുവരെ കൊത്തുപണിയില്‍ പരിശീലനം നേടിയ കോര്‍ബ്യൂസിയെ പിന്നീട്‌ ഹോഫ്‌മാന്‍ അഗസ്റ്റസ്‌ പിറെറ്റുര്‍, എന്നീ വാസ്‌തുവിദ്യാവിദഗ്‌ദ്ധരുടെ കീഴില്‍ വാസ്‌തുവിദ്യ അഭ്യസിച്ചു. തുടര്‍ന്ന്‌ ബള്‍ക്കന്‍സ്‌, ഗ്രീസ്‌, ഏഷ്യാമൈനര്‍, ഇറ്റലി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിലൂടെ മൈക്കലാന്‍ജലോ, ഫിഡിയാസ്‌ തുടങ്ങിയ വിദഗ്‌ധര്‍ ഡിസൈന്‍ ചെയ്‌ത കെട്ടിടങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ കോര്‍ബ്യൂസിയെക്ക്‌ അവസരം ലഭിച്ചു.

1904-ലാണ്‌ കോര്‍ബ്യൂസിയെ ഭവനങ്ങള്‍ ഡിസൈന്‍ ചെയ്‌തു തുടങ്ങിയത്‌. 1925-ല്‍ നടന്ന പാരിസ്‌ പ്രദര്‍ശനത്തില്‍ കോര്‍ബ്യൂസിയെ ഡിസൈന്‍ ചെയ്‌ത പവലിയന്‍ ഇദ്ദേഹത്തെ പ്രസിദ്ധനാക്കി. വാസ്‌തുശില്‌പിയായിരുന്ന ജിനറെറ്ററുമൊത്തു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്‌ കോര്‍ബ്യൂസിയെയുടെ കഴിവുകള്‍ പ്രകടമാകാന്‍ തുടങ്ങിയത്‌. തുടര്‍ന്ന്‌ ജനീവ, പാരിസ്‌, മോസ്‌കോ, ബ്രസീലിയാ, ബ്രാസേക്കര്‍ തുടങ്ങിയ അനേകം നഗരങ്ങളില്‍ കോര്‍ബ്യൂസിയെ ഡിസൈന്‍ ചെയ്‌ത കെട്ടിടങ്ങള്‍ നിര്‍മിതമായി. 1955-ല്‍ പണിതീര്‍ന്ന റോണ്‍ഷാമ്പിലെ "നോത്രദാം ധ്യു ഒ' എന്ന പള്ളിയാണ്‌ കോര്‍ബ്യൂസിയെയെ അതി പ്രഗല്‌ഭനായ ഒരു വാസ്‌തുശില്‌പി എന്ന അംഗീകാരത്തിന്‌ അര്‍ഹനാക്കിയത്‌.

ഒരു നഗരാസൂത്രകനെന്ന നിലയ്‌ക്കുള്ള കോര്‍ബ്യൂസിയെയുടെ ദീര്‍ഘകാലസ്വപ്‌നം സഫലമായത്‌ ഇന്ത്യയിലെ ചണ്ഡീഗഡ്‌ നഗരത്തിന്റെ ആസൂത്രണത്തോടെയാണ്‌. 1953-ല്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചു. ചണ്ഡീഗഡിലെ അസംബ്ലിക്കെട്ടിടം, ഹൈക്കോടതിക്കെട്ടിടം, സെക്രട്ടറിയേറ്റ്‌ മുതലായവ കോര്‍ബ്യൂസിയെയുടെ അസാധാരണമായ കരവിരുത്‌ പ്രകടമാക്കുന്നവയാണ്‌. മാര്‍സെയില്‍സില്‍ നിര്‍മിച്ച ഒരു ഫ്‌ളാറ്റില്‍ 1600 പേര്‍ക്ക്‌ താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്‌. ഒട്ടാകെ 16 നിലകളുള്ള ഈ ഫ്‌ളാറ്റില്‍, വ്യാപാരകേന്ദ്രം, ആശുപത്രി, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, അലക്കുശാലകള്‍, കാര്‍ ഗാരേജുകള്‍ എന്നു തുടങ്ങി ഒരു ചെറുനഗരത്തിനാവശ്യമായതെല്ലാം സജ്ജീകരിച്ചിട്ടുണ്ട്‌.

കെട്ടിടങ്ങള്‍ക്കു വളരെ കുറച്ചു സ്ഥലമേ ഉപയോഗിക്കാവൂ എന്നതായിരുന്നു കോര്‍ബ്യൂസിയെയുടെ കാഴ്‌ചപ്പാട്‌. ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തിനു വേണ്ടി കോര്‍ബ്യുസിയെ വാദിച്ചിരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്‌. ഭാവിതലമുറകള്‍ക്കുവേണ്ടി കഴിയുന്നത്ര ഭൂമി ഒഴിച്ചിടണമെന്നും ഇദ്ദേഹം വിശ്വസിച്ചിരുന്നു.കെട്ടിടത്തിനകത്തും പുറത്തുമുള്ള ടെറസ്സുകളിലും ബാല്‍ക്കണികളിലും ചെടികള്‍ വളര്‍ത്താനുള്ള സൗകര്യം കരുതണമെന്നും ഇദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം അറ്റുപോകാതിരിക്കാന്‍ ഇതുപകരിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. കെട്ടിടങ്ങള്‍ക്കു ചുറ്റും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു.

കെട്ടിടത്തിനകത്ത്‌ സൂര്യപ്രകാശം കഴിയുന്നത്ര കൂടുതല്‍ ലഭിക്കാന്‍ ഇദ്ദേഹം പ്രതേ്യകം ശ്രദ്ധിച്ചിരുന്നു. അതിനാലാണ്‌ കെട്ടിടനിര്‍മാണത്തിന്‌ ഇദ്ദേഹം ഗ്ലാസുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്നത്‌. ആഫീസ്‌ കെട്ടിടങ്ങളാണെങ്കില്‍ വന്‍തൂണുകളില്‍ താങ്ങിനിര്‍ത്തി താഴെക്കൂടി വാഹനങ്ങള്‍ പോകുന്നതിനു സൗകര്യപ്പെടുത്തുന്ന നിര്‍മാണരീതി ഇദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ്‌. സൗകര്യത്തിനും സൗകുമാര്യത്തിനും കോബ്യൂസിയെ അര്‍ഹമായ പരിഗണന നല്‌കിയിരുന്നു. ലോകത്തില്‍ അനേകം രാജ്യങ്ങളില്‍ ഇദ്ദേഹത്തിന്റെ നിര്‍മിതികള്‍ നിലനില്‌ക്കുന്നു. അറിയപ്പെടുന്ന ഗ്രന്ഥകാരന്‍ കൂടിയായ ഇദ്ദേഹം, ആധുനിക വാസ്‌തുവിദ്യാസംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

1965-ല്‍ കോര്‍ബ്യൂസിയെ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍