This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ണെല്‍, എസ്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍ണെല്‍, എസ്രാ

Cornell, Ezra (1807 -74)

എസ്രാ കോര്‍ണെല്‍

യു.എസ്‌ വ്യവസായപ്രമുഖനും വിദ്യാഭ്യാസപ്രവര്‍ത്തകനും. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റര്‍ ലാന്‍ഡിങ്ങില്‍ 1807 ജനു. 11-ന്‌ ജനിച്ചു. പബ്‌ളിക്‌ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1828-ല്‍ ന്യൂയോര്‍ക്കിലെ ഇത്താക്കയിലേക്കു താമസം മാറ്റിയ ഇദ്ദേഹം മെക്കാനിക്‌, ധാന്യ മില്ലിന്റെ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു.

സാമുവല്‍ മോഴ്‌സുമായുള്ള സൗഹൃദമാണ്‌ (1842) കോര്‍ണെലിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി പരിണമിച്ചത്‌. ആദ്യത്തെ ഇലക്‌ട്രിക്‌ ടെലിഗ്രാഫ്‌ നിര്‍മാണത്തില്‍ സാമുവല്‍ മോഴ്‌സിനെ ഇദ്ദേഹം സഹായിച്ചിരുന്നു. തുടര്‍ന്ന്‌ 1844-ല്‍ കോല്‍ണെലിന്റെ മേല്‍നോട്ടത്തില്‍ യു.എസ്സിലെ ആദ്യത്തെ ടെലിഗ്രാഫ്‌ ലൈനിന്റെ നിര്‍മാണം നടന്നു. ബാര്‍ട്ടിമോര്‍ എം.ഡി.യില്‍ നിന്നു വാഷിങ്‌ടണ്‍ ഡി.സി.യിലേക്കായിരുന്നു ഈ ടെലിഗ്രാഫ്‌ ലൈന്‍. ഇതേത്തുടര്‍ന്നു യു.എസ്സില്‍ ടെലിഗ്രാഫ്‌ ലൈന്‍ നിര്‍മാണം വ്യാപകമായി. കോര്‍ണെല്‍ ആയിരുന്നു ഇതിന്റെ മുഖ്യ മാര്‍ഗനിര്‍ദേശകന്‍. 1855-ല്‍ ആരംഭിച്ച വെസ്റ്റേണ്‍ യൂണിയന്‍ ടെലിഗ്രാഫ്‌ കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ഇദ്ദേഹത്തിന്റേതായിരുന്നു. വെസ്റ്റേണ്‍ യൂണിയന്‍ 1871 മുതല്‍ പണമിടപാടു രംഗത്തേക്കും പ്രവേശിച്ചു.

കൃഷിയിലും കോര്‍ണെല്‍ പ്രതേ്യക ശ്രദ്ധ പതിപ്പിച്ചിരുന്നു. 1862-ല്‍ അമേരിക്കന്‍ ഗവണ്‍മെന്റു പാസാക്കിയ മോറില്‍ ആക്‌റ്റ്‌ (Moril Act) അനുസരിച്ച്‌ കാര്‍ഷിക കോളജുകള്‍ക്കു സ്റ്റേറ്റ്‌ സഹായം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി, കാര്‍ണെല്‍ മുന്‍കൈ എടുത്തു സ്ഥാപിച്ചതാണ്‌ ഇത്താക്കയിലെ കോര്‍ണെല്‍ സര്‍വകലാശാല. 1868-ല്‍ ഈ സര്‍വകലാശാല ഔപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍ണെലിന്റെ ഉദാരമായ സാമ്പത്തിക സഹായവും പ്രവര്‍ത്തനവുംമൂലമാണ്‌ വളരെ വേഗം സര്‍വകലാശാല പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്നത്‌. ഇത്താക്കയിലെ കോര്‍ണെല്‍ ലൈബ്രറി സ്ഥാപിച്ചതും ഇത്താക്കയെ പട്ടണവുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍ സ്ഥാപിച്ചതും ഇദ്ദേഹമാണ്‌. 1874 ഡി. 9-ന്‌ ഇത്താക്കയില്‍ അന്തരിച്ചു.

(എസ്‌. രാമചന്ദ്രന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍