This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ഡിറൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:37, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോര്‍ഡിറൈറ്റ്‌

Cordierite

ഒരു മഗ്നീഷ്യം അയണ്‍ അലുമിനോസിലിക്കേറ്റ്‌ ധാതു. രത്‌നവിജ്ഞാനീയത്തില്‍ (Gemology) അയോലൈറ്റ്‌ എന്നറിയപ്പെടുന്നു. ഓര്‍തോറോംബിക്‌ പരല്‍ഘടനയുള്ള ഇതിന്റെ ഫോര്‍മുല:

(Mg, Fe)2 Al4 Si5 O18. പരലിനുള്ളില്‍ ജലതന്മാത്രകളും പരിമിതമായ എണ്ണം Na+, K+ അയോണുകളും ഉണ്ടായിരിക്കും. കുറെ Mg2+ അയോണുകളെ ആദേശം ചെയ്‌ത്‌ Fe2+ അയോണുകളും കുറെ Al3+ അയോണുകളുടെ സ്ഥാനത്ത്‌ Fe3+ അയോണുകളും പരലില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്‌. ബെറിലിന്റെ പരലുകളുമായി സാമ്യമുള്ള കോര്‍ഡിറൈറ്റ്‌ പരലുകളില്‍ ഓരോ മഗ്നീഷ്യം ആറ്റത്തിനുചുറ്റും എട്ട്‌ ഓക്‌സിജനാറ്റങ്ങളാണുള്ളത്‌. ഇളംനീല, പച്ചനിറം കലര്‍ന്ന നീല, കടുംനീല, വയലറ്റ്‌ തുടങ്ങിയ നിറങ്ങളിലാണ്‌ കോര്‍ഡിറൈറ്റ്‌ കണ്ടുവരുന്നത്‌. വളരെ നേര്‍ത്ത ഛിന്നകങ്ങളില്‍ നിറമില്ലാതെ സുതാര്യമായി കാണപ്പെടുന്ന ഈ ധാതു അല്‌പം കട്ടികൂടിയ ഛിന്നകങ്ങളില്‍ ബഹുവര്‍ണതാസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ ബഹുവര്‍ണതാസ്വഭാവം കാരണം ചിലപ്പോള്‍ ഇതിനെ ഡൈക്രൊയൈറ്റ്‌ എന്നും വിളിക്കാറുണ്ട്‌. ബഹുവര്‍ണതാസ്വാഭാവത്തെക്കുറിച്ച്‌, ഈ വസ്‌തു ഉപയോഗിച്ച്‌ പ്രാഥമിക പഠനങ്ങള്‍ നടത്തിയ ഭൂവിജ്ഞാനിയും ധാതുവിജ്ഞാനിയുമായ പിയറി ലൂയിസ്‌ ആന്റോയിന്‍ കോര്‍ഡിയര്‍ (1777-1861) എന്ന ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞന്റെ പേരില്‍ നിന്നാണ്‌ ഈ ധാതുവിന്‌ കോര്‍ഡിറൈറ്റ്‌ എന്ന പേരു ലഭിച്ചത്‌.

ആഗ്നേയശിലകള്‍ക്കു ചുറ്റും കാണപ്പെടുന്ന ചൂടുകൊണ്ടു രൂപപരിണാമം സംഭവിച്ച കളിമണ്ണുപോലുള്ള കല്‍ക്കങ്ങളിലാണ്‌ കോര്‍ഡിറൈറ്റ്‌ കണ്ടുവരുന്നത്‌. ഇതിന്റെ ഏറ്റവും വലിയ ശേഖരമായ വ്യോമിങ്ങിലെ ലാറമി പര്‍വത നിരകളില്‍ അഞ്ചുലക്ഷം ടണ്ണിലധികം കോര്‍ഡിറൈറ്റാണുള്ളത്‌. ഗ്രാനൈറ്റ്‌, റയോലൈറ്റ്‌, ആന്‍ഡിസൈറ്റ്‌, ലാംപ്രൊഫയര്‍ തുടങ്ങിയ ഇനം പാറകളിലും കോര്‍ഡിറൈറ്റ്‌ കാണുന്നു. പരലുകളായും തരിയായും ഇത്‌ പ്രകൃതിയില്‍ കണ്ടുവരാറുണ്ടെങ്കിലും ഇതിന്റെ പരിപുഷ്‌ടമായ പരലുകള്‍ വിരളമാണെന്നു പറയാം. ഉയര്‍ന്ന താപനിലയും സുഘടിതമായ പരല്‍ഘടനയില്ലാത്തതും ഷഡ്‌ഭുജീയമെന്നു പറയാവുന്ന ഒരുതരം കോര്‍ഡിറൈറ്റിനെ ഇന്‍ഡിയലൈറ്റ്‌ എന്ന്‌ പറയുന്നു. ഫോര്‍മുല: Mg2 [(Al, Si)9 O18]. ഓസുമിലൈറ്റ്‌ (Osumilite) [KMg2 Al3 (Al, Si)12 O30]. H2O, എന്ന വസ്‌തുവിനും കോര്‍ഡിറൈറ്റുമായി അടുത്ത ബന്ധമുണ്ട്‌. കോര്‍ഡിറൈറ്റ്‌, ഇന്‍ഡിയറൈറ്റ്‌, ഓസുമിലൈറ്റ്‌ എന്നിവയെ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്‌. മാത്രമല്ല, ഇവയുടെ മങ്ങിയ നിറമുള്ള പരലുകളെ ക്വാര്‍ട്‌സാണെന്നു തെറ്റിദ്ധരിക്കാനും ഇടയുണ്ട്‌.

കോര്‍ഡിറൈറ്റിന്റെ കാഠിന്യം മോസ്‌ സ്‌കെയിലില്‍ ഏഴ്‌ ആണ്‌. ആപേക്ഷിക സാന്ദ്രത. 2.63. സുതാര്യമോ അര്‍ധതാര്യമോ ആയിരിക്കുന്ന ഈ വസ്‌തുവിനു കണ്ണാടിയുടെ തിളക്കമുണ്ട്‌. ഇതിനു താപീയ വികാസം വളരെ കുറവാണ്‌. അതുകൊണ്ട്‌ താപീയ ആഘാതം ചെറുത്തുനിര്‍ത്തുന്ന വസ്‌തുക്കള്‍ നിര്‍മിക്കാന്‍ സംശ്ലേഷിത കോര്‍ഡിറൈറ്റ്‌ ഉപയോഗിക്കുന്നു. പ്രകൃതിയില്‍നിന്നു കിട്ടുന്ന കോര്‍ഡിറൈറ്റിനെ എട്ട്‌ കിലോ ബാറില്‍ കൂടിയ മര്‍ദത്തില്‍ 800ºC വരെ ചൂടാക്കിയാല്‍ അത്‌ എന്‍സ്റ്റാറൈറ്റ്‌, സില്ലിമനൈറ്റ്‌, ക്വാര്‍ട്‌സ്‌ എന്നിവയായി പരിണമിക്കും. രണ്ട്‌ കിലോ ബാര്‍ മര്‍ദത്തില്‍ 1125ºC വരെ ചൂടാക്കിയാല്‍ കോര്‍ഡിറൈറ്റ്‌ ഉരുകാന്‍ തുടങ്ങും. കണ്ണാടിപോലെ സുതാര്യമായവയും മാലിന്യങ്ങളില്ലാത്തവയും ശബളവര്‍ണതാ സ്വഭാവവും ഉള്ളവയായതിനാല്‍ കോര്‍ഡിറൈറ്റ്‌ പരലുകളില്‍നിന്ന്‌ രത്‌നങ്ങള്‍ നിര്‍മിക്കാം. ശ്രീലങ്കയില്‍ ഉണ്ടാക്കുന്ന ഇത്തരം കല്ലുകളെ "വാട്ടര്‍ സാഫൈര്‍' എന്നു വിളിക്കുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍