This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോരു, പി.കെ. (1890 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:16, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോരു, പി.കെ. (1890 - 1967)

കേരളീയ ജ്യോതിശ്ശാസ്‌ത്രപണ്ഡിതന്‍. അധ്യാപകന്‍, ശാസ്‌ത്ര സാഹിത്യകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, രാഷ്‌ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ്‌ ഇദ്ദേഹം.

പൊന്നാനി താലൂക്കിലെ ചിറ്റാട്ടുകരദേശത്തു പൊന്നന്‍പറമ്പില്‍ കൂളിയാട്ടു അപ്പുക്കുട്ടിയുടെയും കഴിമ്പ്രംദേശത്തു വാലിപ്പറമ്പില്‍ ചോലയില്‍ അത്മക്കുട്ടിയുടെയും മകനായി 1890 ജനു. 14-നു ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ തൃശ്ശിനാപ്പിള്ളി സെന്റ്‌ ജോസഫ്‌സ്‌, എറണാകുളം മഹാരാജാസ്‌, മദ്രാസ്‌ പ്രസിഡന്‍സി എന്നീ കോളജുകളില്‍ പഠിച്ചു. എം.എ. പരീക്ഷ പ്രവറ്റായി ജയിച്ചതിനുശേഷം മദിരാശി സൈദാപ്പെട്ട്‌ കോളജില്‍ നിന്ന്‌ എല്‍.ടി.ബിരുദം നേടി.

കോഴിക്കോട്‌ കളക്‌ടര്‍ ആഫീസില്‍ ക്ലര്‍ക്കായും പാവറട്ടി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്‌ഠിച്ചിട്ടുള്ള ഇദ്ദേഹം ഡെപ്യൂട്ടേഷനില്‍ മൂന്നുവര്‍ഷക്കാലം ദക്ഷിണ ആഫ്രിക്കയിലെ ഡര്‍ബന്‍ ശാസ്‌ത്രികോളജില്‍ അധ്യാപകനായിരുന്നു. തുടര്‍ന്ന്‌, മംഗലാപുരം ട്രെയിനിങ്‌ സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ ട്രെയിനിങ്‌ സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും കാസര്‍കോട്‌ ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം മലബാര്‍ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡ്‌ വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പറായും ചാവക്കാട്‌ ബഞ്ചു മജിസ്‌ട്രേറ്റായും കേരള സാഹിത്യഅക്കാദമി അംഗമായും ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 1957-ല്‍ സ്വതന്ത്രനായി നിന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സഹായത്തോടെ മത്സരിച്ചു ജയിച്ച്‌ എം.എല്‍.എ. ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഗണിതശാസ്‌ത്രത്തില്‍ പ്രത്യേകിച്ച്‌ ജ്യോതിര്‍ഗണിതത്തിലായിരുന്നു കോരു മുഖ്യമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്‌. പ്രധാന രചനകളാണ്‌ നക്ഷത്രദീപിക (1936), ജ്യോതിഷബാലബോധിനി (1954), വരഗണിതപ്രവേശിക (1959) എന്നിവ കരണപദ്ധതി, ലീലാവതി, ഭാസ്‌കരീയ ബീജഗണിതം എന്നീ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്‌. ജ്യോതിഷബാലബോധിനിക്ക്‌ മദിരാശി സര്‍വകലാശാലയുടെ പ്രത്യേക പുരസ്‌കാരം ലഭിക്കുകയുണ്ടായി. ചൈനാ ഗവണ്‍മെന്റിന്റെ മുഖ്യ ജ്യോതിശ്ശാസ്‌ത്രജ്ഞനായിരുന്ന റവ. ബറിയഫിര്‍ ജ്യോതിശ്ശാസ്‌ത്ര പഠനത്തില്‍ കോരുവിനെ വളരെ സഹായിച്ചിട്ടുണ്ട്‌. എം. നാരായണനുമൊത്ത്‌ ഒരു ഇംഗ്ലീഷ്‌ മലയാളം സാങ്കേതിക നിഘണ്ടു (1938)വും ഉപന്യാസമഞ്‌ജരി (1949) എന്ന പേരില്‍ ഒരു സമാഹാരഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

1967 ഡി. 28-ന്‌ പാവറട്ടിയിലുള്ള കൂളിയാട്ടുഭവനത്തില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍