This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍റാഡ്‌, ചാള്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:20, 31 ഡിസംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോണ്‍റാഡ്‌, ചാള്‍സ്‌

Conrad, Charles (1930 - 99)

യു.എസ്‌. ബഹിരാകാശയാത്രികന്‍. 1969 ന. 19-ന്‌ ചന്ദ്രനിലിറങ്ങിയ ബഹിരാകാശ പേടകമായ അപ്പോളോ 12-ലെ കമാന്‍ഡറായിരുന്നു ചാള്‍സ്‌ കോണ്‍റാഡ്‌.

1930 ജൂണ്‍ 2-ന്‌ ഫിലഡെല്‍ഫിയയില്‍ ജനിച്ചു. 1953-ല്‍ പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയില്‍നിന്ന്‌ ബിരുദമെടുത്തശേഷം നേവിയില്‍ ചേര്‍ന്നു. മേരിലന്‍ഡിലെ നേവി ടെസ്റ്റ്‌ പൈലറ്റ്‌ സ്‌കൂളില്‍നിന്ന്‌ 1961-ല്‍ ബിരുദം നേടുകയും അവിടെത്തന്നെ ടെസ്റ്റ്‌ പൈലറ്റ്‌, ഫ്‌ളൈറ്റ്‌ ഇന്‍സ്‌ട്രക്‌റ്റര്‍, എന്‍ജിനീയര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. 1962-ല്‍ നാസ (NASA) തെരഞ്ഞെടുത്ത ബഹിരാകാശയാത്രികരുടെ കൂട്ടത്തില്‍ കോണ്‍റാഡും ഉണ്ടായിരുന്നു. ജമിനി-5 ബഹിരാകാശപേടകത്തിന്റെ പൈലറ്റായി എല്‍.ജി. കൂപ്പറുമൊത്ത്‌ 1965 ആഗ. 21 മുതല്‍ 29 വരെ ആദ്യ ബഹിരാകാശയാത്ര നടത്തിയ ഇദ്ദേഹം, 190 മണിക്കൂര്‍ 56 മിനിട്ട്‌ കൊണ്ട്‌ 53 ദശലക്ഷം കി.മീ. സഞ്ചരിച്ച്‌ ഭൂമിയെ 120 തവണ പ്രദക്ഷിണം വച്ചു. പിന്നീട്‌ 1966 സെപ്‌. 12-ന്‌ വിക്ഷേപിച്ച ജമിനി 11-ല്‍ കമാന്‍ഡ്‌ പൈലറ്റായി പ്രവര്‍ത്തിക്കവെ ഭൂമിയെ 44 പ്രാവശ്യം വലംവച്ചു (1.8 ദശലക്ഷം കി.മീ.) ആര്‍. ഗോര്‍ഡനുമൊത്തുള്ള ഈ യാത്ര 71 മണിക്കൂറും 17 മിനിട്ടും നീണ്ടുനിന്നു; 1969 ന. 14-ന്‌ വിക്ഷേപിക്കപ്പെട്ട അപ്പോളോ-12-ലൂടെ ന. 19-ന്‌ കോണ്‍റാഡ്‌ ചന്ദ്രനിലിറങ്ങി. 10 ദിവസവും 4 മണിക്കൂര്‍ 36 മിനിട്ടും നീണ്ടുനിന്നു ഈ ബഹിരാകാശ യാത്ര. 1973-ലെ സ്‌കൈലാബ്‌ ദൗത്യത്തിലും ഇദ്ദേഹം പന്നാളിയായിരുന്നു. ഈ നാലു ബഹിരാകാശ യാത്രകളിലുമായി കോണ്‍റാഡ്‌ 1,179 മണിക്കൂര്‍ 39 മിനിട്ട്‌ ബഹിരാകാശത്ത്‌ ചെലവഴിച്ചു.

കോണ്‍റാഡിന്റെ ബഹിരാകാശ ദൗത്യസേവനങ്ങളെ മാനിച്ച്‌ യു.എസ്‌. കോണ്‍ഗ്രസ്‌ ഇദ്ദേഹത്തെ 1978-ല്‍ സ്‌പേസ്‌ മെഡല്‍ നല്‍കി ആദരിക്കുകയുണ്ടായി. 1973-ല്‍ നാസയില്‍നിന്നും വിരമിച്ചശേഷം 1990 വരെ അമേരിക്കന്‍ ടെലിവിഷനിലും വായുഗതാഗത വാഹന നിര്‍മാണ സ്ഥാപനമായ മക്‌ഡൊണാള്‍ഡ്‌ ഡഗ്‌ളസിലും സേവനമനുഷ്‌ഠിച്ചു. 1990-നുശേഷം ലോകംചുറ്റി സഞ്ചരിക്കാവുന്ന ലീയര്‍ജെറ്റിന്റെ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം പന്നാളിയായി. ഒരു മോട്ടാര്‍ സൈക്കിള്‍ സവാരിക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന്‌ 1999 ജൂല. 8-ന്‌ ചാള്‍സ്‌ കോണ്‍റാഡ്‌ അന്തരിച്ചു. കോണ്‍റാഡിന്റെ സേവനങ്ങളെ മാനിച്ച്‌ 2006-ല്‍ നാസ ഇദ്ദേഹത്തെ അംബാസഡര്‍ ഒഫ്‌ എക്‌പ്ലോറേഷന്‍ അവാര്‍ഡ്‌ നല്‍കി മരണാനന്തരം ആദരിക്കുകയുണ്ടായി. നോ. അപ്പോളോപദ്ധതി

താളിന്റെ അനുബന്ധങ്ങള്‍