This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഡ്രിക്തിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോണ്‍ഡ്രിക്തിസ്‌ == == Chondrichthyes == തരുണാസ്ഥി (Cartilage) മത്സ്യങ്ങള്‍ ഉള...)
അടുത്ത വ്യത്യാസം →

Current revision as of 06:31, 31 ഡിസംബര്‍ 2014

കോണ്‍ഡ്രിക്തിസ്‌

Chondrichthyes

തരുണാസ്ഥി (Cartilage) മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന കശേരുകികളുടെ ഒരു വര്‍ഗം. ഹനുക്കള്‍ ഉള്ള മത്സ്യങ്ങളാണ്‌ ഈ വര്‍ഗത്തിലുള്ളത്‌. കോണ്‍ഡ്രിക്തിസ്‌ വര്‍ഗത്തെ ഇലാസ്‌മോബ്രാന്നൈ, ഹോളോകെഫാലി എന്നീ രണ്ട്‌ ഉപവര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്‌. ആദ്യത്തെ ഉപവര്‍ഗമായ ഇലാസ്‌മോബ്രാന്നൈയില്‍ സ്രാവുകളെയും തിരണ്ടികളെയും ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌; ഹോളോകെഫാലിയില്‍ കൈമേറാകള്‍ അഥവാ റാറ്റ്‌ ഫിഷുകളെയും.

ഡെവോണിയന്‍ ഘട്ടത്തില്‍ ജീവിച്ചിരുന്ന പ്ലാക്കോഡെര്‍മി എന്ന കവചിതമത്സ്യവിഭാഗമാണ്‌ കോണ്‍ഡ്രിക്തിസ്‌ മത്സ്യങ്ങളുടെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നത്‌. സൈലൂറിയന്‍ യുഗത്തിലോ ഡെവോണിയന്‍ യുഗത്തിന്റെ ആദ്യഘട്ടത്തിലോ തികച്ചും സ്വതന്ത്രങ്ങളായി പ്രത്യേകം ഉരുത്തിരിഞ്ഞു വന്നവയാണ്‌ ഇലാസ്‌മോ ബ്രാന്നുകളും ഹോളോകെഫാലികളും എന്ന നിഗമനമാണ്‌ മുമ്പ്‌ ഉണ്ടായിരുന്നതെങ്കിലും ഇവയുടെ ആന്തരിക ഘടന ഇത്‌ ശരിയല്ലെന്ന്‌ വ്യക്തമാക്കുന്നു. അസ്ഥിമജ്ജകള്‍ ഇല്ലാത്തതിനാല്‍, ലേഡിഗ്‌സ്‌ ഓര്‍ഗന്‍ എന്ന സവിശേഷ അവയവത്തിലാണ്‌ ചുവന്ന രക്താണുക്കള്‍ രൂപം കൊള്ളുന്നത്‌.

കോണ്‍ഡ്രിക്തിസ്‌ വര്‍ഗത്തിലെ മത്സ്യങ്ങളില്‍ യഥാര്‍ഥ അസ്ഥിവ്യൂഹം കാണാറില്ല; തരുണാസ്ഥിയാണ്‌ ഇവയ്‌ക്കുള്ളത്‌. പലപ്പോഴും ധാതുനിക്ഷേപം വഴി ഈ തരുണാസ്ഥി ഉറപ്പുള്ളതായി തീരാറുണ്ട്‌. അതുപോലെ തന്നെ പ്ലാക്കോയ്‌ഡ്‌ ശല്‌ക്കങ്ങള്‍, ആന്തരബീജസങ്കലനത്തിനായി ആണ്‍ജീവികളുടെ ശ്രാണീഫിന്നില്‍ (pelvic fin) ഉള്ള ആലിംഗകാംഗങ്ങള്‍ (clasper organs), വായു സഞ്ചിയുടെ അഭാവം എന്നിവയും ഈ വര്‍ഗത്തിലെ മത്സ്യങ്ങളുടെ പ്രത്യേകതകളായി കണക്കാക്കാവുന്നതാണ്‌.

കോണ്‍ഡ്രിക്തിസ്‌ വര്‍ഗത്തിലെ മത്സ്യങ്ങള്‍ പ്രാഥമികമായി സമുദ്രജലജീവികളും ഇരപിടിക്കുന്നവയും ആയിരുന്നു. കാലക്രമേണ ഇവയില്‍ ചിലയിനങ്ങള്‍ ശുദ്ധജലത്തിലേക്കു കടന്നുവരികയാണുണ്ടായത്‌. ഇലാസ്‌മോ ബ്രാന്നുകള്‍ എല്ലാംതന്നെ മാംസഭോജികളാണ്‌. ചെറിയ മത്സ്യങ്ങള്‍, അകശേരുകികള്‍ എന്നിവയാണ്‌ ഇവയുടെ മുഖ്യ ഇരകള്‍. എന്നാല്‍ റാറ്റ്‌ഫിഷുകളുടെ പ്രധാന ഇരകള്‍ അകശേരുകികളാണ്‌. ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുന്നവയും വിരളമായുണ്ട്‌.

ഇലാസ്‌മോബ്രാന്നൈ ഉപവര്‍ഗത്തിലെ മുഖ്യമത്സ്യങ്ങളായ സ്രാവുകളുടെ ഏതാണ്ട്‌ എണ്ണൂറോളം സ്‌പീഷീസുകളുണ്ട്‌. പ്രത്യേക തരത്തിലുള്ള ഗില്‍-രന്ധ്രങ്ങള്‍, സംവേദകാംഗങ്ങളായ ആംപുലകള്‍ എന്നിവയുടെ സാന്നിധ്യം, ആംഫിസ്റ്റെലികമോ ഹോളോസ്റ്റെലികമോ ആയ ഹനു-നിലംബനം എന്നീ പ്രത്യേകതകളും ഈ ഉപവര്‍ഗത്തിലെ ജീവികള്‍ക്കുണ്ട്‌.

കോണ്‍ഡ്രിക്തിസ്‌ വര്‍ഗത്തിലെ രണ്ടാമത്തെ ഉപവര്‍ഗമായ ഹോളോകെഫാലിയില്‍ ഉള്‍പ്പെട്ട ജീവികളായ കൈമേറാകള്‍ക്ക്‌ ഗില്‍-രന്ധ്രങ്ങളെ പൊതിഞ്ഞ്‌ ഒരു ചര്‍മപാളി കാണപ്പെടുന്നു. വൃത്താകാരമുള്ള തല, ചെറിയ വായ്‌, പ്രതിസമപുഛ (diphycercal) സ്വഭാവമുള്ള വാല്‌, കൂര്‍ത്ത വക്കുകളുള്ള ദന്തപ്ലേറ്റുകള്‍ എന്നീ പ്രത്യേകതകളും ഇവയ്‌ക്കുണ്ട്‌. നേര്‍ത്ത്‌ നീളം കൂടിയ വാല്‍ എലിയുടെ വാലിനോടു സാദൃശ്യമുള്ളതിനാലാണ്‌ ഇവയെ "റാറ്റ്‌ ഫിഷ്‌' എന്നു വിളിക്കാറുള്ളത്‌. മേരുദണ്ഡില്‍ കശേരുകികള്‍ വ്യതിരിക്തമല്ല. നോട്ടോകോര്‍ഡ്‌ അതുപോലെതന്നെ നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. സിലിണ്ടറാകാരമുള്ള ഇവയുടെ ശരീരം വശങ്ങളിലേക്കു പരന്നിരിക്കുന്നു. ആണ്‍-പെണ്‍ ജീവികളെ ബാഹ്യലക്ഷണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയാനാവും. കൈമേറാകള്‍ മുട്ടയിടുന്നവയാണ്‌. പെണ്‍ജീവി ഒരു പ്രാവശ്യം രണ്ടു മുട്ടകള്‍ ഇടുന്നു. ചെറുപേടകത്തില്‍ (Horny capsule) ആണു മുട്ട കാണപ്പെടുന്നത്‌. ഈ ഉപവര്‍ഗത്തിലെ മിക്ക ജീവികളും ആഴക്കടല്‍ വാസികളാണ്‌. അത്‌ലാന്തിക്‌-പസിഫിക്‌ സമുദ്രങ്ങളിലാണിവ ധാരാളമുള്ളത്‌. നോ. ഇലാസ്‌മോ ബ്രാന്നൈ, ഹോളോകെഫാലി, കൈമേറ

താളിന്റെ അനുബന്ധങ്ങള്‍