This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോംപ്‌ടണ്‍, കാറല്‍ ടെയ്‌ലര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോംപ്‌ടണ്‍, കാറല്‍ ടെയ്‌ലര്‍

Compton, Karl Taylor (1887 - 1954)

യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. 1887 സെപ്‌. 14-ന്‌ ജനിച്ചു. 1912-ല്‍ പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയില്‍നിന്ന്‌ പിഎച്ച്‌.ഡി. നേടിയ കോംപ്‌ടണ്‍, ഇലക്‌ട്രാണിക്‌സില്‍ ഗവേഷകന്‍, ഭൗതികശാസ്‌ത്രാധ്യാപകന്‍, മാസച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയുടെ (MIT) പ്രസിഡന്റ്‌ (1930-49), ചെയര്‍മാന്‍ (1949-54) എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്‌ഠിച്ചു.

ഇലക്‌ട്രാണിക്‌സ്‌, സ്‌പെക്‌ട്രാസ്‌കോപ്പി, ലോഹ പദാര്‍ഥങ്ങളിലൂടെ ഫോട്ടോ ഇലക്‌ട്രാണുകളുടെ സഞ്ചാരം, അയോണീകരണം, വാതകത്തിലൂടെയുള്ള ഇലക്‌ട്രോണ്‍ സഞ്ചാരം, പ്രകാശദീപ്‌തി, വിദ്യുത്‌ ആര്‍ക്ക്‌, ഇലക്‌ട്രോണ്‍/ആറ്റം സംഘട്ടനങ്ങള്‍ എന്നീ മേഖലകളില്‍ ഇദ്ദേഹം പഠനം നടത്തുകയും ഭൗതിക ശാസ്‌ത്രത്തില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു.

മികച്ച ഭരണതന്ത്രജ്ഞനായ കോംപ്‌ടണ്‍, രണ്ടാം ലോകയുദ്ധക്കാലത്ത്‌ റഡാര്‍, റോക്കറ്റ്‌, നിയന്ത്രിത മിസൈലുകള്‍, ആറ്റംബോംബ്‌ എന്നിവയുടെ വികസനത്തില്‍ ഭരണപരമായ നേതൃത്വം നല്‌കി. ശാസ്‌ത്രവിദ്യാഭ്യാസം, എന്‍ജിനീയറിങ്‌ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഗണ്യമായി സമ്പന്നമാക്കിയിട്ടുണ്ട്‌. 350-ഓളം ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവാണിദ്ദേഹം.

1954 ജൂണ്‍ 27-ന്‌ ന്യൂയോര്‍ക്കില്‍ കോംപ്‌ടണ്‍ അന്തരിച്ചു. നോബല്‍സമ്മാനജേതാവായ (1927) ആര്‍തര്‍ ഹോളി കോംപ്‌ടണ്‍ ഇദ്ദേഹത്തിന്റെ അനുജനാണ്‌.

(പ്രൊഫ. പി.എം. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍