This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊസ്സൂത്ത്, ലാജോസ് (1802 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊസ്സൂത്ത്, ലാജോസ് (1802 - 94)

Kossuth, Lajos

ലാജോസ് കൊസ്സൂത്ത്

ഹംഗേറിയന്‍ സ്വാതന്ത്ര്യസമരഭടന്‍. 1802 സെപ്. 19-ന് ഇദ്ദേഹം ഹംഗറിയില്‍ ജനിച്ചു. 1825 മുതല്‍ 1827 വരെയും പിന്നീട് 1832-36 കാലത്ത് ഇദ്ദേഹം പാര്‍ലമെന്റ് ഡെപ്യൂട്ടിയായി സേവനം അനുഷ്ഠിച്ചു. എന്നാല്‍ ഹംഗേറിയന്‍ നിയമത്തിനെതിരായി പാര്‍ലമെന്ററി പ്രൊസീഡിങ്സ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ആസ്ര്ട്രിയന്‍ ഭരണാധികാരികള്‍ കൊസ്സൂത്തിനെ അറസ്റ്റ് ചെയ്തു നാലു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. എന്നാല്‍ ഒരു വര്‍ഷത്തെ തടവിനുശേഷം 1840-ല്‍ ഇദ്ദേഹം മോചിതനായി. തികഞ്ഞ വാഗ്മിയും പ്രഗല്ഭനായ ദേശീയ നേതാവുമായി കുറഞ്ഞകാലം കൊണ്ട് കൊസ്സൂത്ത് അംഗീകാരം നേടി. പിന്നീട് ഇദ്ദേഹം പ്രഭുക്കന്മാരെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നതിനും ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ ആസ്ട്രിയന്‍ യന്‍ വിധേയത്വത്തിനും എതിരായുള്ള സമരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1847-ല്‍ ഇദ്ദേഹം ഹംഗറിയിലെ പ്രധാന പാര്‍ലമെന്റി(ഡയറ്റ്)ലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1848 മാ. 3-ന് പാരിസ് വിപ്ലവത്തെക്കുറിച്ചു കേള്‍ക്കാനിടയായ കൊസ്സൂത്ത്, ഹംഗറിക്ക് പരിപൂര്‍ണമായ ജനായത്ത ഭരണകൂടം വേണമെന്നും ഹാപ്സ്ബര്‍ഗ് രാജ്യത്തില്‍ ഭരണഘടനാപരമായ നിയമം വേണമെന്നും വാദിച്ചു. 1848 സെപ്തംബറില്‍ ഹംഗേറിയന്‍ മന്ത്രിസഭ രൂപവത്കരിച്ചപ്പോള്‍, കൊസ്സൂത്ത് ആ പ്രൊവിഷണല്‍ ഗവണ്‍മെന്റിന്റെ തലവനായി. ആസ്ട്രിയയുമായുള്ള സംഘര്‍ഷം ശക്തിപ്പെട്ടപ്പോള്‍ ഇദ്ദേഹം കൂടുതല്‍ സേച്ഛാധിപത്യപരമായ നടപടികള്‍ സ്വീകരിച്ചു. 1849-ല്‍ ഹാപ്സ്ബര്‍ഗ് രാജവംശത്തെ സ്ഥാനഭ്രഷ്ടമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ഗവര്‍ണരെ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം റഷ്യയുടെ സഹായത്തോടെ ആസ്ട്രിയയ്ക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് കൊസ്സൂത്ത് സ്ഥാനം ഉപേക്ഷിക്കുകയും തുര്‍ക്കിയിലേക്ക് ഓടിപ്പോകുകയും ചെയ്തു. 1851-ല്‍ ഇദ്ദേഹം ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഹംഗേറിയന്‍ സ്വാതന്ത്ര്യത്തിനുവേണ്ടുന്ന സഹായം തേടി. 1859-ല്‍ ഇദ്ദേഹം ഇറ്റലിയില്‍ സ്ഥിരതാമസമാക്കി. 1867-ലെ പൊതുമാപ്പുപ്രകാരം കൊസ്സൂത്തിനു ഹംഗറിയിലേക്കു മടങ്ങിപ്പോകാമായിരുന്നുവെങ്കിലും ഇദ്ദേഹം ഇറ്റലിവിട്ടുപോയില്ല. 1894 മാ. 20-ന് ട്യൂറിന്‍ എന്ന സ്ഥലത്തുവച്ച് ഇദ്ദേഹം നിര്യാതനായി. ഇദ്ദേഹത്തിന്റെ പ്രവാസസ്മരണകള്‍ പ്രസിദ്ധമായ ആത്മകഥയാണ്.

(കെ.ജി. വിജയലക്ഷ്മി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍