This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊഷ്യൂസ്കോ, ടാഡ്യൂസ് (1746 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊഷ്യൂസ്കോ, ടാഡ്യൂസ് (1746 - 1817)

Kosciuszko, Tadeusz

പോളണ്ടിലെ സ്വാതന്ത്ര്യസമരസേനാനിയും അമേരിക്കന്‍ വിപ്ലവകാരിയും. ബ്രിസ്റ്റണടുത്തുള്ള ഗ്രാന്റ് ഡച്ചി ഒഫ് ലിച്ചേനിയയില്‍ 1746 ഫെ. 12-ന് കൊഷ്യൂസ്കോ ടാഡ്യൂസ് ജനിച്ചു. ഒരു സ്വകാര്യ ബോര്‍ഡിങ് സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം 19-ാമത്തെ വയസ്സില്‍ വാഴ്സായിലെ ഒരു മിലിട്ടറി സ്കൂളില്‍ ചേര്‍ന്നു പഠിച്ചു. പിന്നീട് മിലിട്ടറി എന്‍ജിനീയറിങ് പഠിക്കുന്നതിനായി ഫ്രാന്‍സിലേക്കു പോയി.

ടാഡ്യൂസ് കൊഷ്യൂസ്കോ

സ്വാതന്ത്ര്യത്തോടുള്ള നൈസര്‍ഗികമായ പ്രതിപത്തിമൂലം 1776 ആഗസ്റ്റില്‍ കൊഷ്യൂസ്കോ സ്വാതന്ത്യ്രസമരത്തില്‍ ഏര്‍പ്പെട്ടിരുന്ന അമേരിക്കന്‍ കോളനികളില്‍ എത്തി. ഒക്ടോബറില്‍ ഇദ്ദേഹത്തെ 'കേണല്‍ ഒഫ് എന്‍ജിനീയേഴ്സ്' ആയി നിയമിച്ചു. സാരട്ടോഗാ യുദ്ധത്തില്‍ കോളനികള്‍ ഇംഗ്ലണ്ടിനുമേല്‍ നേടിയ വിജയം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1780-ല്‍ കൊഷ്യൂസ്കോയെ ജനറല്‍ നഥാനിയേല്‍ ഗ്രീനിന്റെ അധീനതയിലുള്ള ദക്ഷിണപ്രവിശ്യയിലേക്കു മാറ്റി. യുദ്ധപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുക, ആഹാരസാധനങ്ങള്‍ ശേഖരിക്കുക, ഗതാഗത മാര്‍ഗങ്ങള്‍ ആരായുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. 1783-ല്‍ കോണ്‍ഗ്രസ്, അമേരിക്കന്‍ പൗരത്വവും ബ്രിഗേഡിയന്‍-ജനറല്‍ പദവിയും നല്കി കൊഷ്യൂസ്കോയെ ആദരിക്കുകയുണ്ടായി. തുടര്‍ന്ന് ഹ്രസ്വകാലത്തേക്കു ഇദ്ദേഹം   പോളണ്ടിലേക്കു മടങ്ങി.

1784-ല്‍ പോളണ്ടില്‍ നിന്നും തിരിച്ചുവന്ന കൊഷ്യൂസ്കോ ശ്രദ്ധേയനായ ഒരു സൈനികനേതാവായി അംഗീകരിക്കപ്പെട്ടു. 1793-ല്‍ പോളണ്ടുവിഭജനസമയത്ത്, ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോളിഷ് പട്ടാളം തത്കാലത്തേക്കു വിജയം വരിച്ചു. പക്ഷേ, മക്കീ ജോവിസ് യുദ്ധത്തില്‍വച്ച് പരിക്കുപറ്റുകയും ശത്രുക്കളുടെ അധീനതയില്‍ അകപ്പെടുകയും ചെയ്ത ഇദ്ദേഹം റഷ്യന്‍ തടവുകാരനായിത്തീര്‍ന്നു.

1796-ല്‍ ജയില്‍മോചിതനായ ഇദ്ദേഹം വീണ്ടും അമേരിക്ക സന്ദര്‍ശിച്ചു. ഇക്കാലത്ത് കൊഷ്യൂസ്കോ അമേരിക്കന്‍ ദേശീയ നേതാക്കളില്‍ ഒരാളായ തോമസ് ജഫേഴ്സനുമായി പരിചയപ്പെട്ടു. അമേരിക്ക വിടുന്നതിനുമുമ്പ് ഇദ്ദേഹം ഓഹിയോ സംസ്ഥാനത്തുള്ള തന്റെ സ്വത്തുക്കളെ സംബന്ധിക്കുന്ന ഒരു വില്‍പ്പത്രം തയ്യാറാക്കി ജഫേഴ്സനെ ഏല്പിച്ചു. വില്‍പ്പത്രത്തില്‍ കൊഷ്യൂസ്കോയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് കഴിയുന്നത്ര നീഗ്രോകളെ വാങ്ങി അവര്‍ക്കു സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നല്‍കുവാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഓഹിയോ എസ്റ്റേറ്റ് വിറ്റുകിട്ടിയ പണംകൊണ്ടാണ് നീവാര്‍ക്കില്‍ കറുത്തവര്‍ഗക്കാര്‍ക്കായുള്ള അമേരിക്കയിലെ ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത്. പിന്നീട് 1798-ല്‍ കൊഷ്യൂസ്കോ ഫ്രാന്‍സില്‍ സ്ഥിരവാസം തുടങ്ങി എങ്കിലും പോളണ്ടിന്റെ സ്വാതന്ത്ര്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. 1817 ഒ. 15-നു സ്വിറ്റ്സര്‍ലണ്ടിലുള്ള സോളോത്ന്‍ എന്ന സ്ഥലത്തുവച്ച് കൊഷ്യൂസ്കോ നിര്യാതനായി.

(കെ.ജി. വിജയലക്ഷ്മി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍