This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊല്ലിമല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:14, 3 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊല്ലിമല

കൊല്ലിമല

തമിഴകത്ത് പ്രസിദ്ധി നേടിയിരുന്ന ഒരു മല. സേലം ജില്ലയില്‍ ആറ്റൂര്‍, നാമക്കല്‍ എന്നീ താലൂക്കുകളിലായി 32 കി.മീ.-ഓളം നീളത്തില്‍ സ്ഥിതിചെയ്യുന്നു. ഇത് പ്രാചീനചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ 'കൊല്ലി കാവലന്‍' എന്ന ബിരുദം ചേരരാജാക്കന്മാര്‍ സ്വീകരിച്ചു. പെരുമാള്‍ തിരുമൊഴിയില്‍ കുലശേഖര ആഴ്വാര്‍ ഈ ബിരുദം സ്വീകരിച്ചിരുന്നതായി പരാമര്‍ശമുണ്ട്. ആറാം ശതകത്തില്‍ ജീവിച്ചിരുന്ന കണക്കായനാര്‍ തുടങ്ങിയ കവികള്‍ ഈ മല ചേരന്റെ വകയാണെന്നു പറയുന്നു (അകനാനൂറ്-338). വേല്‍കഴുകുട്ടുവന്‍ എന്ന ചേരരാജാവ് മലയനാട് വാണിരുന്ന കാരിയുടെ സഹായത്തോടുകൂടി കൊല്ലിമലയുടെ അധിപനായ ഓരിയെ വധിച്ച് ഈ മല പിടിച്ചെടുത്തു. 'നിറയെ ചക്ക പിടിച്ചുകിടക്കുന്ന പ്ലാവുകള്‍ നിറഞ്ഞ കൊല്ലിമല' (അകനാനൂറ് 208) യില്‍ പടിഞ്ഞാറേ ചരിവില്‍ ശില്പവൈദഗ്ധ്യം നിറഞ്ഞുനില്‍ക്കുന്ന കൊല്ലിപ്പാവ, 'കടവുള്‍ എഴുതിയ പാവൈ' കണക്കെ സ്ഥിതിചെയ്യുന്നതായി പരണര്‍ (നറ്റിണൈ-201) പ്രതിപാദിക്കുന്നു. തേനിനും പുഷ്പങ്ങള്‍ക്കും പ്രസിദ്ധമാണ് ഈ മല. ഇവിടത്തെ നിവാസികളെ മലയാളര്‍ എന്നുവിളിച്ചുവന്നു. സംഘകാലകവികളുടെ ഭാവനയെ അത്യന്തം തട്ടിയുണര്‍ത്തിയ വസ്തുക്കളാണ് ഓരി-കാരി യുദ്ധവും കൊല്ലിപ്പാവയും കൊല്ലിമലയിലെ ഫലസമൃദ്ധിയും. ഔവ്വയാര്‍ (പുറനാനൂറ്-87, 230, 231) ചെയ്യുളില്‍ കല്ലാടനാര്‍, കപിലര്‍, കുറുങ്കോഴിയൂര്‍ കീഴാര്‍, തായം കണ്ണനാര്‍ തുടങ്ങിയ സംഘകാലകവികള്‍ കൊല്ലിമലയെ തങ്ങളുടെ കൃതികളില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു.

(ഡോ. കെ.കെ.എന്‍. കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍