This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറോ ഷാന്‍ ബപ്തീസ്ത കമില്‍ (1796 - 1875)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറോ ഷാന്‍ ബപ്തീസ്ത കമില്‍ (1796 - 1875)

Corot Jean Baptiste Camille

കൊറോ ഷാന്‍ ബപ്തീസ്ത കമില്‍

ഫ്രഞ്ച് പ്രകൃതി ചിത്രകാരന്‍. പാരിസിലെ ഒരു വണിക് കുടുംബത്തില്‍ 1796 ജൂല. 16-ന് ജനിച്ചു. കൊറോവിനെ കച്ചവടക്കാരനാക്കാനായിരുന്നു മാതാപിതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ ഇദ്ദേഹം മനസ്സിനിണങ്ങിയ തൊഴില്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയും 1822-ല്‍ മാതാപിതാക്കളുടെ അനുമതിയോടുകൂടി ചിത്രരചന ആരംഭിക്കുകയും ചെയ്തു. സമകാലികനായ മൈക്കലോണില്‍ (Michallon) നിന്നും കലാനിര്‍മാണത്തന്റെ പ്രാഥമിക സിദ്ധാന്തങ്ങള്‍ വശമാക്കിയ ഇദ്ദേഹം മൈക്കലോണിന്റെ മരണശേഷം വിക്ടര്‍ ബര്‍ട്ടിനിന്റെ ശില്പശാലയില്‍ പ്രവേശിച്ചു കൂടുതല്‍ അഭ്യാസം നേടി. 1825-ല്‍ ഇറ്റലി സന്ദര്‍ശിച്ചു. ഗുരുനാഥന്മാരെ ധ്യാനിച്ചും നൈസര്‍ഗിക ഭാവനയ്ക്കു മൂര്‍ത്തരൂപം നല്കിയും തന്റെ ചുറ്റുമുള്ള മനോഹരദൃശ്യങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയും ഇറ്റലിയില്‍ കഴിച്ചുകൂട്ടിയ മൂന്നുവര്‍ഷക്കാലം കൊറോവിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 1827-ല്‍ ഇദ്ദേഹം പാരിസ് സലോനില്‍ (Paris Salon) പ്രദര്‍ശിപ്പിച്ച ഇറ്റാലിയന്‍ ചിത്രങ്ങളായ 'നാര്‍ണിയിലെ പാലം' (Lepont de Narni), 'മാര്‍പ്പാപ്പമാരുടെ കൊട്ടാരം' (Campague de Rome) എന്നിവയ്ക്ക് സാര്‍വലൗകിക പ്രശസ്തി ലഭിച്ചു. ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ചിത്രകലയിലുണ്ടായിരുന്ന അമിതമായ ആവേശം നിമിത്തം കുടുംബജീവിതത്തെപ്പറ്റി ചിന്തിക്കാന്‍പോലും സമയം കിട്ടാതെ ഇദ്ദേഹം അവിവാഹിതനായി കഴിയുകയാണുണ്ടായത്.

1833-ല്‍ 'ഫൊന്താന്‍ ബ്ലൂവിലെ വനത്തിന്റെ രമണീയമായ ഒരു പ്രകൃതിദൃശ്യം' ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കി. ഇതോടെ ഇംപ്രഷണിസ്റ്റ് ചിത്രകലാസങ്കേതത്തിന്റെ ജനയിതാക്കളില്‍ ഒരാളെന്ന നിലയില്‍ ഈ കലാകാരന്‍ യശസ്വിയായിത്തീര്‍ന്നു. കൊറോ 1875 ഫെ. 22-ന് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍