This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍, ബി.എസ്. (1909 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍, ബി.എസ്. (1909 - 2000)

ഇന്ത്യന്‍ ഗ്രന്ഥശാല വിദ്യാഭ്യാസ വിദഗ്ധന്‍. കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയുടെ പ്രഥമ ലൈബ്രേറിയനും (1948-63), ന്യൂഡെല്‍ഹിയിലെ ഇന്ത്യന്‍ നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റ(INSDOC)റിന്റെ പ്രഥമ ഡയറക്ടറും (1963-69). ബെല്ലാരി ഷമന്ന കേശവന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം.

ബി.എസ്.കേശവന്‍

1909 മേയ് 10-ന് മദ്രാസിലെ മൈലാപൂരില്‍ ജനിച്ചു. ലണ്ടന്‍ സര്‍വകലാശാലയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ലൈബ്രേറിയന്‍ഷിപ്പില്‍ ഡിപ്ലോമയും നേടിയ ഇദ്ദേഹം സംസ്കൃതത്തിലും ജര്‍മന്‍ഭാഷയിലും വിദഗ്ധ പരിശീലനവും നേടി.

1929-44 കാലത്ത് മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഇദ്ദേഹം തുടര്‍ന്ന് ന്യൂഡെല്‍ഹിയിലെ കൌണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(CISR)ന്റെ അസി. സെക്രട്ടറിയായും (1944-46) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വിദ്യാഭ്യാസ ഉപദേശകനായും (1946-47) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഗ്രന്ഥശാലകള്‍ക്കും വിവരശേഖരണസമൂഹത്തിനും രണ്ടു ദശാബ്ദത്തിലധികംകാലം ഇദ്ദേഹം നേതൃത്വം നല്‍കി.

കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയെ സ്വതന്ത്ര ഇന്ത്യയിലെ ദേശീയ ലൈബ്രറി എന്ന നിലയില്‍ മികച്ച സ്ഥാപനമാക്കി ഉയര്‍ത്തുന്നതിലും യുണെസ്കോയുടെ സഹായത്തോടെ സി.എസ്.ഐ.ആര്‍ ന്യൂഡെല്‍ഹിയില്‍ സ്ഥാപിച്ച ഇന്‍ഡോകിന്റെ വിവരസാങ്കേതിക മേഖലയിലെ മാതൃകാസ്ഥാപനമാക്കി മാറ്റുന്നതിലും ബി.എസ്. കേശവന്‍ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യന്‍ സയന്‍സ് അബ്സ്ട്രാക്റ്റ്സ്, ശാസ്ത്രീയപരമ്പരകളുടെ യൂണിയന്‍ കാറ്റ്ലോഗുകള്‍, ഡയറക്ടറി ഒഫ് സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുഷന്‍സ് ഇന്‍ ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചതും ലൈബ്രറി പഠനരംഗത്ത് പുതിയ കോഴ്സുകള്‍ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

1964 മുതല്‍ 1966 വരെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഡോക്യുമെന്റേഷന്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വൈസറി കമ്മിറ്റി ഓണ്‍ ബിബിലോഗ്രാഫി, ഡോക്യുമെന്റേഷന്‍ ആന്‍ഡ് ടെര്‍മിനോളജി ഒഫ് യുണെസ്കോ, യുനെസ്കോയുടെ ലൈബ്രറി ആന്‍ഡ് ഡോക്യുമെന്റേഷന്‍ എക്സ്പര്‍ട്ട് കമ്മിറ്റി എന്നിവയില്‍ അംഗം, ഏഷ്യ-പസിഫിക് മേഖലയില്‍ ദേശീയ ലൈബ്രറികള്‍ ആരംഭിക്കുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് മനിലയില്‍ വച്ച് 1964-ല്‍ യുണെസ്കോ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ രാജ്യാന്തരതലത്തിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1969-ല്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷവും യു.എന്‍.ഡി.പി., ഡബ്ള്യു.എച്ച്.ഒ., എന്‍.ബി.ടി., ഐ.സി.എസ്.എസ്.ആര്‍ തുടങ്ങിയ ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു.

ദ് ഹിസ്റ്ററി ഒഫ് പ്രിന്റിങ് ആന്‍ഡ് പബ്ളിക്കേഷന്‍സ് ഇന്‍ ഇന്ത്യ; എ സ്റ്റഡി ഒഫ് കള്‍ച്ചറല്‍ റീഎവേക്കനിങ് (1984); ദ് ബുക്ക് ഇന്‍ ഇന്ത്യ; എ കംപാലിഷന്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് ബി. എസ്. കേശവന്‍. ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ 1960-ല്‍ പദ്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.

2000 ഫെ. 16-ന് ബി. എസ്. കേശവന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍