This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:20, 4 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

റോഡ് ഗതാഗത സര്‍വീസ് നടത്തുന്നതിനുവേണ്ടി കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനം. മുന്‍ തിരുവിതാംകൂറില്‍ 1938-ല്‍ത്തന്നെ റോഡ് ഗതാഗതസര്‍വീസ് ഭാഗികമായി ദേശസാത്കരിച്ചിരുന്നു. തിരു-കൊച്ചിയിലും കേരളരൂപവത്കരണത്തിനുശേഷം 1965 മാ. 31 വരെയും ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് റോഡ്ഗതാഗത സര്‍വീസ് നടത്തിയിരുന്നത്. ദേശീയാടിസ്ഥാനത്തില്‍ റോഡ്ഗതാഗതസൗകര്യങ്ങള്‍ വ്യാപരിപ്പിക്കുക, മെച്ചപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെ 1950-ല്‍ പാസാക്കപ്പെട്ട 'റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍സ് ആക്റ്റി'ന്റെ (1959-ലും 82-ലും ഈ നിയമത്തിനു ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്) അടിസ്ഥാനത്തിലാണ് 1965 ഏ. 1-ന് തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്. 901 ബസ്സുകള്‍, 51 ലോറികള്‍, 29 ചെറുവാഹനങ്ങള്‍ എന്നിവയാണ് രൂപീകരണവേളയില്‍ കെ.എസ്.ആര്‍.ടി.സി.യ്ക്കുണ്ടായിരുന്നത്. നിലവില്‍ (2014) 6182 ബസ്സുകളാണ് കോര്‍പ്പറേഷനുള്ളത്. പ്രധാന ഓഫീസിനു പുറമേ 28 ഡിപ്പോകളും 44 സബ്ഡിപ്പോകളും അഞ്ച് വര്‍ക്ക്ഷോപ്പുകളും മൂന്ന് സ്റ്റാഫ് ട്രെയിനിങ് സെന്ററുകളും കെ.എസ്.ആര്‍.ടി.സി.ക്ക് കീഴിലുണ്ട്. 2014 മേയ് മാസത്തിലെ കണക്കനുസരിച്ച്, 5963 റൂട്ടുകളാണുള്ളത്. 35,000-ത്തോളം ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. പ്രതിദിനം ശരാശരി 517 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം. ഹെറിറ്റേജ് സിറ്റി ടൂറിസംപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ രണ്ട് ഇരുനില ബസ്സുകള്‍ വാടകനിരക്കില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ തിരുവനന്തപുരം-കിഴക്കേക്കോട്ടയില്‍ നിന്നും ശംഖുംമുഖം ബീച്ചിലേക്ക് മറ്റൊരു ഇരുനില ബസ്സുമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനവും കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ധനത്തിന്റെയും സ്പെയര്‍പാര്‍ട്ടുകളുടെയും വില വര്‍ധനവ്, വായ്പയിന്മേലുള്ള പലിശ, ലാഭകരമല്ലാത്ത റൂട്ടുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാക്കൂലിയിലെ സൗജന്യം തുടങ്ങിയ കാര്യങ്ങളാല്‍ കോര്‍പ്പറേഷന്‍ നഷ്ടം വഹിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും ജനനന്മ ലക്ഷ്യമാക്കി സേവനം പൂര്‍വാധികം മെച്ചപ്പെടുത്താനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍