This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേത്കര്‍, ശ്രീധര്‍ വെങ്കടേശ് (1884-1937)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേത്കര്‍, ശ്രീധര്‍ വെങ്കടേശ് (1884-1937)
മറാഠി വിജ്ഞാനകോശ സമ്പാദകന്‍. 1884 ഫെ. 2-ന് നാഗപ്പൂരിനടുത്തുള്ള റായ്പൂര്‍ ഗ്രാമത്തിലെ ഒരു കൊങ്കണി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. പിതാവായ വെങ്കടേശന്‍ റായ്പൂരില്‍ പോസ്റ്റുമാസ്റ്ററായിരുന്നു. കേത്കര്‍ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പിതാവു മരിച്ചു. തുടര്‍ന്ന് അമ്മാവനായ നാരായണറാവുവിനോടൊപ്പം താമസിച്ചു മെട്രിക്കുലേഷന്‍ പാസായി; മുംബൈയിലെ വില്‍സണ്‍ കോളജില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. ബി. എ. പരീക്ഷയില്‍ തോറ്റതോടു കൂടി കുടുംബ വസ്തുവകകള്‍ വിറ്റ് അമേരിക്കയിലേക്കു പോയി. 'എന്‍സൈക്ളോപീഡിയ' എന്ന അപരനാമധേയത്തിലാണ് ഇദ്ദേഹത്തെ കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നും ബി. എ. ബിരുദവും (1907) സോഷ്യോളജിയില്‍ എം. എ. ബിരുദവും (1908) നേടിയ ഇദ്ദേഹം 1911-ല്‍ ഹിസ്റ്ററി ഒഫ് കാസ്റ്റ് ഇന്‍ ഇന്ത്യ എന്ന ഗവേഷണ പ്രബന്ധം രചിച്ച് പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കി. ഹിന്ദൂയിസം, ഇറ്റ്സ് ഫോര്‍മേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ എന്ന ഗ്രന്ഥം ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു.
1912-ല്‍ ഇന്ത്യയിലേക്കു മടങ്ങിയ കേത്കര്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര വിഭാഗത്തിലെ ലക്ചററായി. ധനതത്ത്വശാസ്ത്രം, അന്താരാഷ്ട്ര നിയമം, പൊളിറ്റിക്സ് എന്നീ വിഷയങ്ങളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യന്‍ ഇക്ണോമിക്സ്, ഹിന്ദു ലാ തുടങ്ങിയ ഇക്കാലത്തെഴുതിയ പ്രബന്ധങ്ങള്‍ 1914-ല്‍ പ്രസിദ്ധീകരിച്ചു. സയന്‍സ് കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുവാന്‍ ചെന്നൈയില്‍ എത്തിയ കേത്കര്‍ തെലുഗു എന്‍സൈക്ലോപീഡിയയുടെ പ്രസിദ്ധീകരണം ആരംഭിച്ച കെ. വി. ലക്ഷ്മണ റാവുവുമായി പരിചയപ്പെടുകയും മറാഠി എന്‍സൈക്ലോപീഡിയ നിര്‍മാണത്തിനുള്ള പദ്ധതിക്കു രൂപം നല്‍കുകയും ചെയ്തു. 1915-ല്‍ നാഗ്പൂരില്‍ മറാഠി എന്‍സൈക്ളോപീഡിയയുടെ പ്രസിദ്ധീകരണത്തിനായി ഒരു ലിമിറ്റഡ് കമ്പനി സ്ഥാപിച്ച ഇദ്ദേഹം, 1918-ല്‍ പൂനയില്‍ അതിന്റെ ഒരു ശാഖ ആരംഭിക്കുകയും ചെയ്തു. 1927-ഓടെ മറാഠി ജ്ഞാനകോശത്തിന്റെ 22 വാല്യങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ഇദ്ദേഹത്തിനായി. ആദ്യത്തെ അഞ്ചു വാല്യങ്ങള്‍ കേത്കര്‍ സ്വയം തയ്യാറാക്കിയവയായിരുന്നു. അതോടെ 'ജ്ഞാനകോശകാര്‍ കേത്കര്‍' എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു.
ഇദ്ദേഹം 1920-ല്‍ ഒരു ജര്‍മന്‍ യഹൂദ യുവതിയെ വിവാഹം കഴിച്ച്, 'വ്രാത്യസ്തോമ' മെന്ന വൈദിക കര്‍മം നടത്തി, ആ സ്ത്രീയെ ഹിന്ദുവാക്കി 'ശീലാവതി' എന്ന പേരും നല്‍കി. ഈ സംഭവം അന്നത്തെ യാഥാസ്ഥിതികരുടെയിടയില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിക്കുകയുണ്ടായി. വേഷത്തിലും ആചാരത്തിലും വ്യവഹാരത്തിലും വൈചിത്രിയം പുലര്‍ത്തിയിരുന്ന കേത്കര്‍ അന്യായമായി 'ഇന്ത്യാ സാമ്രാജ്യം' കൈയടക്കി വച്ചിരുന്ന ഇന്ത്യ സെക്രട്ടറിക്കെതിരായി കോടതിയില്‍ കേസ് കൊടുക്കുകയുമുണ്ടായി.
1925-ല്‍ കേത്കര്‍ വിദ്യാ സേവക എന്ന മറാഠി മാസിക ആരംഭിച്ച ഇദ്ദേഹം, അതിലൂടെ തന്റെ സാമൂഹിക പരിഷ്കരണ യത്നവും തുടര്‍ന്നു. നിശസ്ത്രാഞ്ചേ രാജകരണ (ആയുധമില്ലാത്ത രാഷ്ട്രീയം) എന്ന മറാഠി കൃതിയുടെ പ്രസിദ്ധീകരണത്തോടുകൂടി 'സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലീഗ്' എന്ന രാഷ്ട്രീയ സംഘടനയും ആരംഭിച്ചു. പുരാതന മഹാരാഷ്ട്ര ചരിത്രം നാലു വാല്യങ്ങളിലായി എഴുതിയ ഇദ്ദേഹത്തിന് അതിന്റെ ഒരു വാല്യം മാത്രമേ പ്രസിദ്ധീകരിക്കാനായുള്ളൂ. ഹിസ്റ്ററി ഒഫ് കായ്സ്ഥ പ്രഭൂസ് എന്ന പുസ്തകവും കൈയെഴുത്തു പ്രതിയായി അവശേഷിക്കുന്നു. 1937-ല്‍ ഇദ്ദേഹം അന്തരിച്ചു.