This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ്റോണ്‍, പ്രതാപ് സിങ് (1901 - 65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:59, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കെയ്റോണ്‍, പ്രതാസിങ് (1901 - 65)

പ്രതാസിങ് കെയ്റോണ്‍

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി. 1901 ഫെ. 1-ന് പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലുള്ള കെയ്റോണില്‍ ജനിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നീ സര്‍വകലാശാലകളില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയശേഷം ഒമ്പതു വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ഇദ്ദേഹം 1929-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വിദേശത്തായിരുന്നപ്പോള്‍ ഗദര്‍ പാര്‍ട്ടിയില്‍(നോ. ഗദര്‍ പാര്‍ട്ടി)പ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച അനുഭവസമ്പത്ത് ഇദ്ദേഹത്തിന് തന്റെ പില്ക്കാല രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പ്രചോദനം നല്‍കി. ന്യൂ ഈറാ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകാംഗവും രാഷ്ട്രീയ രംഗങ്ങളില്‍ മങ്ങാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെയ്റോണ്‍ കഴിവുറ്റ ഒരു സംഘാടകനും, പ്രഗല്ഭനായ വാഗ്മിയും എഴുത്തുകാരനുമായിരുന്നു.

ഒരു അകാലി നേതാവായാണ് ഇദ്ദേഹം രാഷ്ട്രീയരംഗത്തു വന്നതെങ്കിലും മാസ്റ്റര്‍ താരാ സിങ്ങുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അകാലിദളുമായുള്ള ബന്ധം വിച്ഛേദിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. നിരവധി തവണ കോണ്‍ഗ്രസ്സിന്റെ പഞ്ചാബ് സംസ്ഥാനജനറല്‍ സെക്രട്ടറിയായിരുന്നു. 1932-ല്‍ അഞ്ചു വര്‍ഷത്തെ രാഷ്ട്രീയത്തടവിനു ശിക്ഷിക്കപ്പെട്ടു. 1936-ലും തുടര്‍ന്ന് 1946-ലും പഞ്ചാബ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രതാപ്സിങ് 1947-49-ലെ ഗോപി ചന്ദ് ഭാര്‍ഗവ മന്ത്രിസഭയിലും 1952-56-ലെ ഭീമ്സെന്‍ സച്ചാര്‍ മന്ത്രി സഭയിലും അംഗമായിരുന്നു. 1956-ല്‍ സച്ചാറിനെത്തുടര്‍ന്നു പഞ്ചാബിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയ ഇദ്ദേഹം 1957-ലും 1962-ലും തെരഞ്ഞെടുപ്പില്‍ ജയിച്ച് തത്സ്ഥാനത്തു തുടര്‍ന്നു. എന്നാല്‍ പഞ്ചാബി സുബ, അകാലി നേതൃത്വം, സ്വതന്ത്ര സിക്കുദേശ വാദം എന്നിവയോടുള്ള കടുത്ത എതിര്‍പ്പ് കെയ്റോണിനെ ഒരു വിവാദ പുരുഷനാക്കി മാറ്റി. ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നെങ്കിലും ഉദ്യോഗസ്ഥ മേധാവിത്വത്തിനും 'ചുവപ്പുനാട'യ്ക്കു മെതിരെ നടത്തിയ ഇടപെടല്‍ ഇദ്ദേഹത്തെ വിമര്‍ശന വിധേയമാക്കി. 1962-ലെ ചൈനീസ് ആക്രമണ കാലഘട്ടത്തില്‍ ദേശരക്ഷാ രംഗത്തു സ്തുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ചവച്ചത്.

മുഖ്യമന്ത്രിയായിരിക്കേ അഴിമതിയും സ്വജന പക്ഷപാതവും ഇദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടു. ഇതേപ്പറ്റി അന്വേഷിക്കാന്‍ 1963 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ദാസ് കമ്മിഷനെ നിയമിക്കുകയും പ്രസ്തുത കമ്മിഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 1964 ജൂണ്‍ 15-നു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 1965 ഫെ. 6-ന് പ്രധാനമന്ത്രി ലാല്‍ബഹാദുര്‍ ശാസ്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം സ്വന്തം ഗ്രാമത്തിലേക്കു തിരിച്ച കെയ്റോണ്‍ ന്യൂഡല്‍ഹിയില്‍ നിന്നും 30 കി.മീ. അകലെ ഗ്രാന്‍ഡ്ട്രങ്ക് റോഡില്‍ റസോയി (Rasoi) എന്ന ഗ്രാമത്തില്‍ അജ്ഞാത ഘാതകരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍