This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണാദിയാശാന്‍ (1877 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണാദിയാശാന്‍ (1877 - 1937)

കൊച്ചി പുലയ മഹാജനസഭയുടെ സ്ഥാപകന്‍. എറണാകുളത്തെ മുളവുകാട് ദ്വീപില്‍ കല്ലച്ചംമുറി തറവാട്ടില്‍ ചാത്തന്റെയും കാളിയുടെയും മകനായി 1877 ഒ. 6-ന് ജനിച്ചു. കുന്നത്തു നാട്ടിലെ ‘ഐക്കര ഏമാന്‍’ എന്നറിയപ്പെട്ടിരുന്ന ഒരു ചെറുമ രാജവംശത്തിന്റെ പിന്മുറക്കാരാണ് ഈ കുടുംബക്കാര്‍ എന്നു വിശ്വസിക്കപ്പെടുന്നു. ഇവരുടെ കുടുംബത്തിലെ കാരണവര്‍ക്ക് കൊച്ചി രാജാവ് ‘ഐക്കര കുറുപ്പ്’ എന്ന സ്ഥാനപ്പേര് നല്കിയിരുന്നു. മോശമല്ലാത്ത ധനശേഷിയും ആള്‍ സ്വാധീനതയുമുള്ള ഈ കുടുംബത്തില്‍ പിറന്ന കൃഷ്ണാദിക്കു സാമൂഹികമായ അസ്വാതന്ത്ര്യങ്ങള്‍ വിലങ്ങുകളായി അനുഭവപ്പെട്ടു. ഈ അസ്വാന്ത്ര്യങ്ങള്‍ക്കെതിരായി കൃഷ്ണാദി പടപൊരുതി.

സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും രഹസ്യമായി സംസ്കൃതവും സംഗീതവും അഭ്യസിക്കുവാന്‍ കൃഷ്ണാദിക്കു കഴിഞ്ഞിരുന്നു. അവ മറ്റുള്ള സജാതീയരായ സതീര്‍ഥ്യരെ പഠിപ്പിക്കാന്‍ യത്നിച്ചതിലൂടെയാണ് ഇദ്ദേഹത്തിന് കൃഷ്ണാദിയാശാന്‍ എന്ന പേര് ലഭിച്ചത്. അധഃസ്ഥിതര്‍ക്ക് സംഘടനപ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരുന്ന അക്കാലത്ത്, എറണാകുളം കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയ ചങ്ങാടത്തില്‍ വച്ച് 1913 ഏ. 1-ന് കൊച്ചി പുലയ മഹാജന സഭയ്ക്ക് ഇദ്ദേഹം രൂപം നല്കി. 1913 മേയ് 25-ന് സംഘടനയുടെ ആദ്യ യോഗം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ ചേര്‍ന്നു. നിരവധി മര്‍ദനങ്ങളും കഷ്ടപ്പാടുകളും സഹിച്ചാണ് ഇദ്ദേഹം ഈ സംഘടന സ്ഥാപിച്ചത്. ദുര്‍വ്യയം ഒഴിവാക്കിയും അനാചാരങ്ങള്‍ ഉപേക്ഷിച്ചും കഠിനാധ്വാനം ചെയ്തും പുരോഗതി നേടുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു പ്രമേയം അന്നു കൂടിയ യോഗം പാസാക്കി. സംഘടനയുടെ അടുത്ത യോഗം 1913 സെപ്തംബറില്‍ എറണാകുളത്തു വച്ചുചേര്‍ന്നു. മൗലികമായ ചില സ്വാതന്ത്ര്യങ്ങളെങ്കിലും അധഃസ്ഥിത സമുദായങ്ങള്‍ക്ക് അനുവദിക്കണമെന്നഭ്യര്‍ഥിച്ച് നിരവധി തവണ ഈ സംഘടന രാജാവിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ സഹകരണം ഇവരുടെ സംഘടനയ്ക്ക് ഒരു തണലായിരുന്നു. എറണാകുളം നഗരത്തില്‍ പുലയര്‍ക്കു പ്രവേശനം ലഭിക്കുന്നതിനു കൃഷ്ണാദിയുടെ നേതൃത്വത്തില്‍ 1913 ഒ. 2-ന് എറണാകുളം കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് വേദിയുടെ പടിഞ്ഞാറുള്ള കായലോരത്ത് വാദ്യമേളങ്ങളോടു കൂടി ഒരു പ്രകടനം നടത്തി. രാജാവിന്റെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. മനുഷ്യര്‍ക്കാവശ്യമായ യാതൊരു വിധ സ്വാതന്ത്ര്യവും ലഭിക്കാതെ വലഞ്ഞിരുന്ന ഒരുപറ്റം മനുഷ്യ ജീവികളുടെ ദുരിതപൂര്‍ണമായ കഥാഗാനം ഹൃദയത്തില്‍ തട്ടുംവിധം കൃഷ്ണാദിയാശാന്‍ അവിടെ ആലപിക്കുകയുണ്ടായി. കടുത്ത ദുരിതങ്ങളും വേദനകളും അനുഭവിച്ചിരുന്ന തന്റെ ജനതയുടെ ഉദ്ധാരണത്തിനുവേണ്ടി ഇദ്ദേഹം അഹോരാത്രം യത്നിച്ചു. സവര്‍ണ വിഭാഗക്കാര്‍ ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള നീക്കത്തെ എതിര്‍ത്തിരുന്നു. ഹിന്ദുക്കളെന്നു കരുതപ്പെടുന്ന ഒരു വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യമുള്ളപ്പോള്‍, ഹിന്ദുക്കള്‍ എന്നു വിവക്ഷിക്കപ്പെടുന്ന ഒരു വിഭാഗത്തിന് ആ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ യുക്തിയെ ഇദ്ദേഹം ചോദ്യം ചെയ്തു. മനുഷ്യസ്നേഹം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒന്നാണ് ഹിന്ദുമതമെന്നു പ്രഖ്യാപിക്കുകയും 1918-ല്‍ സി.കെ. ജോണ്‍ എന്ന പേര്‍ സ്വീകരിച്ചുകൊണ്ട് തന്റെ അനുയായികളോടുകൂടി ഇദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജാതിവിവേചനത്തെ തകര്‍ക്കുന്നതിനായി നൂറുകണക്കിന് പുലയ സമുദായാംഗങ്ങള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. എന്നാല്‍ ജാതിവ്യവസ്ഥയില്‍ നിന്നും വിമുക്തമല്ലാത്ത ഇന്ത്യയിലെ ക്രിസ്തുമതത്തില്‍ നിന്നും ഇദ്ദേഹം ഉദ്ദേശിച്ച സമത്വം ലഭിച്ചില്ല എന്നത് കൃഷ്ണാദിയാശാനെ നിരാശനാക്കി. ആയുഷ്ക്കാലം മുഴുവന്‍ അധഃസ്ഥിത മോചനത്തിനായി യത്നിച്ച കൃഷ്ണാദിയാശാന്‍ 1937-ല്‍ അന്തരിച്ചു.

(ടി.എച്ച്.പി. ചെന്താരശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍