This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണവാരിയര്‍, കണ്ണമ്പുഴ (1901-63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണവാരിയര്‍, കണ്ണമ്പുഴ (1901-63)

സംസ്കൃത പണ്ഡിതനും കവിയും. മുകുന്ദപുരം താലൂക്കില്‍ കണ്ണമ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കണ്ണമ്പുഴ വാരിയത്തു 1901 ന. 14-ന് ഇദ്ദേഹം ജനിച്ചു. ഇരവിപുരത്ത് ശങ്കരവാരിയരായിരുന്നു പിതാവ്. പിതാവില്‍ നിന്നും സംസ്കൃതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പട്ടാമ്പി സംസ്കൃത കോളജില്‍ നിന്നും വിദ്വാന്‍ പരീക്ഷ പാസായ കൃഷ്ണവാരിയര്‍ ചില മലയാളം ഹൈസ്കൂളുകളില്‍ അധ്യാപകനായി ജോലി നോക്കുകയുണ്ടായി. 1940-ല്‍ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം തിരുവിതാംകൂര്‍ ഇളയരാജാവിന്റെ സംസ്കൃതാധ്യാപകനായി നിയമിക്കപ്പെട്ടു. ഏതാണ്ട് എട്ടു വര്‍ഷത്തോളം പ്രസ്തുത ജോലിയില്‍ തുടരവേ ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാലയിലെ പ്രസാധകന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുകയുണ്ടായി. കേരള സര്‍വകലാശാലയിലെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ സീനിയര്‍ പണ്ഡിറ്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു. പ്രസ്തുത പദവിയിലിരിക്കേ 1956 നവംബറില്‍ ഇദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ചു.

പല സ്വതന്ത്ര കൃതികളും രചിച്ചിട്ടുണ്ട്. എങ്കിലും വിവര്‍ത്തന വ്യാഖ്യാന രംഗങ്ങളിലാണ് കൃഷ്ണവാരിയര്‍ അധികവും ശ്രദ്ധവച്ചിരുന്നത്. മുദ്രാരാക്ഷസം, ധനഞ്ജയോദയം എന്നീ നാടകങ്ങളും ബലികന്യക, വിജയാനന്ദം, കൊച്ചുറാണി, കാഞ്ചനസൗധം എന്നീ നോവലുകളും സുലോചന, മാന്ധാതാവ്, പുഷ്പമാല എന്നീ ഖണ്ഡകാവ്യങ്ങളും ഇദ്ദേഹത്തിന്റെ ശ്രേഷ്ഠ കൃതികളാണ്. രഘുവീരചരിതം എന്ന ഒരു മഹാകാവ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു ഗദ്യകാരന്‍ എന്ന നിലയില്‍ കൃഷ്ണവാരിയര്‍ക്കുള്ള നിപുണത പ്രകടിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് പൗരസ്ത്യ കഥകള്‍, ആദര്‍ശ കഥകള്‍, ചിത്രദര്‍ശനം, ഭാരതീ ഭൂഷണം, ചിന്താവിലാസം, സീതാദേവി തുടങ്ങിയവ. വാല്മീകി രാമായണത്തിന്റെ ഭാഷാ വ്യാഖ്യാനം, ശ്രീമഹാഭാരതത്തിന്റെ ഭാഷാ വ്യാഖ്യാനം എന്നിവ തയ്യാറാക്കുന്നതിനും മഹാപണ്ഡിതനായ കൃഷ്ണവാരിയര്‍ക്ക് കഴിഞ്ഞു. ഏഴായിരത്തിലധികം പേജുകളിലായുള്ള വാല്മീകി രാമായണം വ്യാഖ്യാനം തയ്യാറാക്കിക്കൊണ്ടിരിക്കവേ 1963 മാ. 31-ന് സ്വദേശമായ കണ്ണമ്പുഴയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍