This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണവാരിയര്‍, എം. ആര്‍. (1882 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണവാരിയര്‍, എം. ആര്‍. (1882 - 1955)

മലയാള സാഹിത്യകാരന്‍. തൃപ്പക്കുടത്തു വാര്യത്ത് ലക്ഷ്മി വാരസ്യാരുടെയും കരുവാറ്റ ചെങ്ങാരപ്പള്ളിയില്ലത്ത് ദാമോദരന്‍പോറ്റിയുടെയും മകനായി 1882-ല്‍ ജനിച്ചു. പിതാവ് ദാമോദരന്‍ പോറ്റിയായിരുന്നു പ്രഥമഗുരു. മാവേലിക്കര മിഡില്‍സ്കൂളില്‍നിന്നു മെട്രിക്കുലേഷനും കോട്ടയം സി.എം. എസ്. കോളജില്‍നിന്ന് എഫ്. എ. യും തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്നു ബി. എ. യും പാസായി. വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ ക്ലാര്‍ക്കായി ഉദ്യോഗത്തില്‍ പ്രവേശിച്ച കൃഷ്ണവാരിയര്‍, ഹരിപ്പാട്ട് മിഡില്‍സ്കൂള്‍ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് എല്‍.റ്റി. പരീക്ഷ പാസാവുകയും ഹൈസ്കൂള്‍ അധ്യാപകന്‍, ഹെഡ്മാസ്റ്റര്‍, വിദ്യാഭ്യാസ ഡയറക്ടറുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഡിവിഷന്‍ ഇന്‍സ്പെക്ടരായിരിക്കെ, 1940-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചു.

ചെറുപ്പത്തില്‍ത്തന്നെ കവി എന്ന നിലയില്‍ വിഖ്യാതനായ കൃഷ്ണവാരിയര്‍ സുമിത്ര, ഭാര്‍ഗവി, ഭാഗീരഥി, ഇന്ദിര, വീരവിനോദം, ഭവാനി, നാരായണി, കാകതാലീയം, ഒരു വീരവിയോഗം എന്നീ കാവ്യങ്ങളും തേവന്‍, ചീരന്‍, അണിഞ്ചന്‍, പൂവന്‍, വനജന്തുക്കള്‍, കൊച്ചുലക്ഷ്മി, രണ്ടുമോതിരം എന്നീ ഖണ്ഡകാവ്യങ്ങളും, സൂര്യോപാലംഭം, ജന്മസാഫല്യം, വേമ്പനാട്ടുകായല്‍, സുഭദ്രാഗമനം തുടങ്ങിയ വര്‍ണനാത്മക ലഘുകാവ്യങ്ങളും ശ്രീമൂലവിലാസം, ശ്രീവിവേകാനന്ദന്‍ തുടങ്ങിയ പ്രശസ്തി കാവ്യങ്ങളും, ആംഗലസാമ്രാജ്യം, ക്രിസ്ത്വവതാരം തുടങ്ങിയ കാവ്യനാടകങ്ങളും, ശിശുവും ശലഭവും, സ്വരങ്ങള്‍, ആഴ്ചകള്‍, പക്ഷികള്‍, വഞ്ചിനാട് തുടങ്ങിയ ബാലസാഹിത്യകൃതികളും കൈരളിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

1955-ല്‍ കൃഷ്ണവാരിയര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍