This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണറാവു, എ.എന്‍. (1908 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണറാവു, എ.എന്‍. (1908 - 71)

എ.എന്‍.കൃഷ്ണറാവു

കന്നഡ സാഹിത്യകാരന്‍. അരകലഗുഡു നരസിംഹറാവു കൃഷ്ണറാവു എന്നാണ് പൂര്‍ണനാമം. ഇദ്ദേഹം 'വീരകന്നഡിഗരു' എന്ന അപരനാമധേയത്തിലും അറിയപ്പെടുന്നു. നരസിംഹറാവുവിന്റെയും അന്നപൂര്‍ണമ്മയുടെയും മകനായി 1908 മേയ് 9-നു ജനിച്ചു. പിതാവ് നാടക ഭ്രമക്കാരനായിരുന്നു; 'കര്‍ണാടകരംഗഭൂമി' യുടെ സ്ഥാപകന്മാരില്‍ ഒരാളായിരുന്നു നരസിംഹറാവു. ഇദ്ദേഹം ഏകദേശം 190 കൃതികള്‍ (112 നോവല്‍, 9 കഥാസമാഹാരം, 24 നാടകം, 24 വിമര്‍ശനപ്രബന്ധ സമാഹാരം, 9 ജീവചരിത്രം, 3 പരിഭാഷ മുതലായവ) രചിച്ചിട്ടുണ്ട്. വേശ്യാ സമ്പ്രദായം, അഴിമതി, സ്ത്രീ സ്വാതന്ത്ര്യം, ജയില്‍ പരിഷ്കാരം, ദാമ്പത്യ വിച്ഛേദം, ജാതിപ്പിശാച്, രാഷ്ട്രീയപ്പോര്, പവിത്ര പ്രേമം, മദ്യ വര്‍ജനം മുതലായവയെ ആധാരമാക്കി എഴുതപ്പെട്ട ഈ കൃതികള്‍ 'ഏറ്റവും ജനപ്രിയനായ സാഹിത്യകാരന്‍' എന്ന പ്രസിദ്ധി ഇദ്ദേഹത്തിനു നേടിക്കൊടുത്തു. ഇദ്ദേഹത്തിന്റെ സന്ധ്യാരാഗ, ഉദയരാഗ, സാഹിത്യരത്ന, നടസാര്‍വഭൗമ മുതലായ നോവലുകള്‍ ഉത്തമ കൃതികളായി അംഗീകാരം നേടിയവയാണ്. റാവുവിന്റെ അത്യാകര്‍ഷകമായ കന്നഡ ശൈലിയാണ് ഈ നോവലുകള്‍ക്ക് പ്രസിദ്ധി നേടിക്കൊടുത്തത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പുതിയൊരു കാഴ്ചപ്പാടില്‍ ചിത്രീകരിച്ചുകൊണ്ടു രചിച്ച അവര ആഗസ്ത് എന്ന നോവല്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. വിജയനഗരത്തിന്റെ ചരിത്രത്തെ ആസ്പദമാക്കിയും ഇദ്ദേഹം നോവല്‍ എഴുതിയിട്ടുണ്ട്. നാടകകലെ, സജീവസാഹിത്യ, സമദര്‍ശന സംസ്കൃതീയ വിശ്വരൂപ മുതലായ പ്രബന്ധ സമാഹാരങ്ങളും അത്യന്തം ശ്രദ്ധേയങ്ങളാണ്. 'പുരോഗമന സാഹിത്യ പ്രസ്ഥാന'ത്തിലൂടെ ഇദ്ദേഹം പുതിയൊരു രാഷ്ട്രീയ ബോധധാരയ്ക്കു ജന്മം നല്കിയിട്ടുണ്ട്.

ചെറുകഥയില്‍ക്കൂടി സാഹിത്യ രംഗത്തേക്കു കടന്നുവന്ന ഇദ്ദേഹത്തിന്റെ അഗ്നികന്യെ എന്ന ചെറുകഥാസമാഹാരം പല നൂതന മേന്മകളും ഉള്‍ക്കൊള്ളുന്ന കൃതിയാണ്. കൃഷ്ണറാവുവിനു ശേഷം ചെറുകഥാരംഗത്തേക്കു കടന്നുവന്ന പലരും ഇദ്ദേഹത്തിന്റെ ചുവടുപിടിച്ചുവന്നവരാണ്. ഇദ്ദേഹം കന്നഡ നുഡിമത്തു കന്നഡ സാഹിത്യ എന്ന പത്രികയുടെ സമ്പാദകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥാഞ്ജലി, വിശ്വവാണി എന്നീ പത്രികകളും സ്വയം നടത്തിപ്പോന്നു. 'എന്നെപ്പോലുള്ളവര്‍ കന്നഡ ഭാഷയ്ക്കു ധാരാളമുണ്ട്. എന്നാല്‍ എനിക്ക് ഒന്നേയുള്ളു-കന്നഡ മാത്രം' എന്ന വചനം ഇദ്ദേഹത്തിന്റെ കന്നഡ ഭാഷാഭിമാനത്തെയാണു വ്യക്തമാക്കുന്നത്.

കൃഷ്ണറാവു കന്നഡ ജനതയുടെ പ്രീതിവിശ്വാസങ്ങള്‍ ഏറെ നേടിയ വ്യക്തിയാണ്. നല്ലൊരു വാഗ്മി കൂടിയായ റാവു മണിപ്പാലില്‍ നടന്ന കന്നഡ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നിട്ടുണ്ട്. മൈസൂറിലെ സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍ എന്ന നിലയില്‍ കന്നഡ സാഹിത്യ വികസനത്തിന് ഇദ്ദേഹം അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങള്‍ വിലപ്പെട്ടതാണ്. 1971-ല്‍ അന്തരിച്ചു.

(റ്റി. വെങ്കിടലക്ഷ്മി; സ.പ. )

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍