This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണരാജ് (1937 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണരാജ് (1937 - 2004)

കൃഷ്ണരാജ്

ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍. ഒറ്റപ്പാലത്ത് പത്രപ്രവര്‍ത്തകനായ രാഘവന്‍നായരുടെയും അമ്മു അമ്മയുടെയും മകനായി 1937 ഒ. 18-ന് ജനിച്ചു. രാഘവന്‍നായര്‍ ഡല്‍ഹി ടൈംസ് എന്ന പേരില്‍ ഒരു ചെറുവാരിക നടത്തിയിരുന്നതിനാല്‍ കൃഷ്ണരാജിന്റെ ബാല്യവും യൗവനവും പഠനവും ഡല്‍ഹിയിലായി. വിദ്യാര്‍ഥിയായിരിക്കെ ഡല്‍ഹി ടൈംസിനായി പ്രൂഫ് വായിച്ചും ലേഖനങ്ങള്‍ എഴുതിയും കൃഷ്ണരാജ് അച്ഛനെ സഹായിച്ചു. അതൊരു പരിശീലനമായി എന്ന് കൃഷ്ണരാജ് പില്ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. സ്കൂള്‍വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കൃഷ്ണരാജ് തന്റെ പേരിനു മുന്നിലെ തറവാട്ടുപേരും പിന്നിലെ ജാതിപ്പേരും വേണ്ടെന്നുവച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തിയാക്കി. സര്‍വകലാശാലാ പഠനകാലത്ത് എക്കോ എന്ന വിദ്യാര്‍ഥിച്ചുവര്‍പത്രത്തിന്റെ പത്രാധിപനായിരുന്നു ഇദ്ദേഹം. പഠനാനന്തരം അക്കാലത്തെ പ്രമുഖ ഇടതുപക്ഷ പ്രസിദ്ധീകരണമായ ദി ഇക്കണോമിക് വീക്കിലി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു കൃഷ്ണരാജിന്റെ താത്പര്യം. ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ കെ.എന്‍. രാജാണ് കൃഷ്ണരാജിനെ ഇഡബ്ല്യുവിന്റെ പത്രാധിപനായി സച്ചിന്‍ ചൗധരിക്കു പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് ഇഡബ്ല്യുവിനായി സ്വതന്ത്രമായി ലേഖനങ്ങള്‍ തയ്യാറാക്കി നല്‍കിയ കൃഷ്ണരാജിനെ 1960-ല്‍ ഇക്കണോമിക്ക് വീക്കിലിയില്‍ സ്ഥിരംജോലിയില്‍ പ്രവേശിപ്പിച്ചു. സച്ചിന്‍ ചൗധരിക്കും ഹസാരിക്കും ശേഷം 1967 ന. 29-ന്റെ ലക്കത്തോടെ കൃഷ്ണരാജ് ഇഡബ്ല്യുവിന്റെ ആക്ടിങ് എഡിറ്ററായി. കൃഷ്ണരാജിന്റെ പത്രാധിപത്യത്തിലുള്ള ആദ്യ ലക്കം 1969 ഡി. 13-ന്റേതായിരുന്നു. തുടര്‍ന്ന് 35 വര്‍ഷം ഇദ്ദേഹത്തിന്റെ സേവനം നീണ്ടുനിന്നു.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണപരിപാടിക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന കൃഷ്ണരാജിനെതിരെ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നാല്‍ മാധ്യമലോകത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ കുറ്റാരോപണം പിന്‍വലിച്ചു. ഗുജറാത്ത് വര്‍ഗീയകലാപകാലത്തും ഒരു മതേതര ജനാധിപത്യ രാഷ്ട്രം പുലര്‍ത്തേണ്ടുന്ന പത്രധര്‍മങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും തെറ്റിനെ ചോദ്യംചെയ്യുവാനും കൃഷ്ണരാജിലെ പത്രാധിപനായി.

ഇദ്ദേഹം 2004 ജനു. 16-ന് മുംബൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍